Times Kerala

 അടുക്കളത്തോട്ടത്തില്‍ പച്ചമുളക് വളർത്തിയാലോ.?

 
 അടുക്കളത്തോട്ടത്തില്‍ പച്ചമുളക് വളർത്തിയാലോ.?
 

അടുക്കളയില്‍ പച്ചമുളക് ഉപയോഗിക്കാത്ത മലയാളികള്‍ ഇല്ലെന്നു തന്നെ പറയാം. അന്യസംസ്ഥാനത്ത് നിന്നെത്തുന്ന പച്ചമുളകില്‍ നിരവധി രാസവസ്തുക്കളാണ് പ്രയോഗിച്ചിട്ടുള്ളത്. ഒന്നു മനസുവച്ചാല്‍ അടുക്കളത്തോട്ടത്തില്‍ നിഷ്പ്രയാസം വളര്‍ത്താവുന്ന വിളയാണ് പച്ചമുളക്. കേരളത്തിലെ കാലാവസ്ഥയില്‍ പച്ചമുളക് ധാരാളമായി ഉണ്ടാകും. അനുഗ്രഹ, ഉജ്ജ്വല, ജ്വാലാസഖി, ജ്വാലമുഖി, വെള്ളായണി സമൃദ്ധി, അതുല്യ എന്നീ പച്ചമുളക് ഇനങ്ങള്‍ നന്നായി വളരുന്നവയാണ്. ഗ്രോബാഗിലും പച്ചമുളക് നല്ല പോലെ വളരും.

ഗ്രോബാഗിലും നിലത്തും നടുന്ന രീതി
ഒരു സെന്റ് സ്ഥലത്തേയ്ക്ക് 4-5 ഗ്രാം വിത്ത് വേണം. ഏപ്രില്‍ മാസത്തില്‍ വിത്തുകള്‍ ചാക്കിലോ നിലത്തോ പാകി തയ്യാറാക്കണം. ഒരു മാസം പ്രായമായ മുളക് തൈകള്‍ മെയ്മാസത്തില്‍ പറിച്ചുനടാം. നിലം തയ്യാറാക്കുമ്പോള്‍ ബാക്ടീരിയ മൂലമുള്ള വാട്ടരോഗം ഒഴിവാക്കാന്‍ കുമ്മായം വിതറുന്നത് നല്ലതാണ്. അടിവളമായി ഉണങ്ങിപ്പൊടിച്ച പച്ചില കമ്പോസ്റ്റ്, ട്രൈക്കോഡര്‍മ കലര്‍ത്തിയ ചാണകപ്പൊടി എന്നിവ കൂട്ടികലര്‍ത്തി വേണം തടം തയ്യാറാക്കാന്‍. തൈകള്‍ വേരിനു ക്ഷതം പറ്റാത്ത രീതിയില്‍ പറിച്ചെടുത്ത് 60 സെ. മീ അകലത്തില്‍ പറിച്ചു നടണം. നടുമ്പോള്‍ വെയില്‍ കൂടുതലുണ്ടെങ്കില്‍ തണല്‍ കൊടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മണ്ണും അതേ അളവില്‍ ചെകിരിച്ചോറും ചേര്‍ത്താണ് പച്ചമുളക് നടാന്‍ ഗ്രോബാഗ് തയാറാക്കേണ്ടത്. മണ്ണിന്റെ അളവിന്റെ മൂന്നിലൊന്ന് ചാണകപ്പൊടിയും ബാഗില്‍ ചേര്‍ക്കണം. എല്ലുപൊടിയും വേപ്പിന്‍ പിണ്ണാക്കും 500 ഗ്രാമും ചേര്‍ക്കണം. ഒരു ടീസ്പൂണ്‍ ട്രൈക്കോഡര്‍മയും ചേര്‍ക്കാം. വേരുചീച്ചില്‍, ഫംഗസ് രോഗം എന്നിവ ഒഴിവാക്കാന്‍ ഇതു സഹായിക്കും. ഇവയെല്ലാം ചേര്‍ത്ത് ബാഗിന്റെ 60-70 ശതമാനം നിറയ്ക്കുക. ഇതില്‍ നല്ല ഇനം തൈകള്‍ നടുക. മികച്ച തൈകള്‍ നഴ്‌സറികളില്‍ വാങ്ങാന്‍ ലഭിക്കും. നടുമ്പോള്‍ തന്നെ ചെറിയ നന നല്ലതാണ്. ഗ്രോ ബാഗ് തണലത്ത് വയ്ക്കാന്‍ ശ്രദ്ധിക്കണം. ടെറസിലാണ് ഗ്രോ ബാഗ് വയ്ക്കുന്നതെങ്കില്‍ കല്ലിനോ ഇഷ്ടികയ്‌ക്കോ മുകളിലാകണം.

പരിപാലനം
15 ദിവസം കൂടുമ്പോള്‍ പച്ചില കമ്പോസ്റ്റ്, കടലപ്പിണ്ണാക്ക് പച്ച ചാണക മിശ്രിതത്തിന്റെ തെളിനീരൂറ്റി ചുവട്ടില്‍ ഒഴിച്ചു കൊടുക്കുന്നത് ധാരാളം പച്ചമുളക് ലഭിക്കാന്‍ സഹായകമാകും. കടലപ്പിണ്ണാക്കും പച്ചച്ചാണകവും പുളിപ്പിച്ച ലായനിയില്‍ 15 ഇരട്ടി വെള്ളം ചേര്‍ത്ത് ഒഴിച്ചു കൊടുക്കുന്നത് നല്ല വിളവ് ലഭിക്കാന്‍ കഴിയും. ഇങ്ങനെ ചെയ്യുമ്പോള്‍ നന്നായി നനച്ചു കൊടുക്കണം, ചാണകം ചൂടിന് കാരണമാകുന്നതിനാലാണിത്. രണ്ടു മാസത്തിനകം മുളക് തൈ പൂവിട്ടു തുടങ്ങും. രണ്ടു വര്‍ഷം വരെ ഒരു ചെടിയില്‍ നിന്നു വിളവ് ലഭിക്കും. നാലു ഗ്രോ ബാഗില്‍ മുളക് വളര്‍ത്തിയാല്‍ ഒരു വീട്ടിലേക്ക് വേണ്ട മുളക് ധാരാളം ലഭിക്കും. 

രോഗപ്രതിരോധം
മീലിമുട്ട, മണ്ഡരി, റേന്തമുണ്ട, നീരൂറ്റി കുടിക്കുന്ന മറ്റു കീടങ്ങള്‍ എന്നിവയാണ് മുളകിന്റെ പ്രധാന ശത്രുക്കള്‍. വേപ്പെണ്ണ – വെളുത്തുളളി മിശ്രിതം ഇവയെ അകറ്റാന്‍ വളരെ നല്ലതാണ്. ശീമക്കൊന്നയിലകള്‍, 5% വീര്യമുള്ള വേപ്പിന്‍ കുരു സത്ത് എന്നിവ രണ്ടാഴ്ച ഇടവിട്ട് തളിച്ചുകൊടുത്തു മണ്ഡരികളെ നിയന്ത്രിക്കാം. ഇലപ്പേനുകള്‍ നീരൂറ്റിക്കുടിക്കുന്നതുകൊണ്ടാണ് ഇലകള്‍ മുരടിച്ചുപോകുന്നത്. സൂക്ഷിച്ചുനോക്കിയാല്‍ ഇവയെ കാണാം. ഇവയെ ഒഴിവാക്കാന്‍ 5% വേപ്പിന്‍കുരു സത്ത് ലായനിയോ 2 % വെളുത്തുള്ളി – വേപ്പണ്ണ മിശ്രിതമോ തളിച്ചു കൊടുക്കുന്നതിലൂടെ നീരൂറ്റി കുടിക്കുന്ന കീടങ്ങളെ ഒഴിവാക്കന്‍ പറ്റും. ഇളം തളിരിലും പുതിയ ഇലകളിലും നീറൂറ്റി കുടിക്കുന്ന കറുത്ത നിറത്തിലുള്ള ഒരു ജീവിയെ കാണാം. ഇതാണ് ഇല ചുരുളാന്‍ കാരണം. ഇവയെ കണ്ടാല്‍ ഉടനെ തന്നെ ഞെക്കികൊല്ലണം. പുകയില കഷായം തളിക്കുന്നത് ഇവയെ അകറ്റാന്‍ ഉപകാരപ്പെടും. മുളകിന് ബാധിക്കുന്ന തൈ ചീയല്‍ ഒഴിവാക്കാന്‍ നടുന്നതിന് മുന്‍പ് കുറച്ചു നേരം സ്യുഡോമോണസ് ലായനിയില്‍ (20 % വീര്യം) മുക്കി വെക്കുന്നത് നല്ലതാണ് ചാണകപ്പൊടിയോടൊപ്പം ട്രൈകോഡര്‍മ ചേര്‍ക്കുന്നതും തൈ ചീയല്‍ അസുഖം ഒഴിവാക്കാം. വേനല്‍കാലത്ത് തൈ ചീയല്‍ അസുഖം വളരെകുറയായിട്ടാണ് കാണുന്നത്

ഗുണങ്ങള്‍
നിരവധി ഗുണങ്ങളാണ് പച്ചമുളകിനുള്ളത്. വിറ്റാമിന്‍ സിയുടെ ഉറവിടമാണിത്. പച്ചമുളക് കഴിക്കുന്നത് ചര്‍മത്തിന്റെ ആരോഗ്യവും തിളക്കവും വര്‍ധിപ്പിക്കും. വിറ്റാമിന്‍ സിയും നാരുകളും നിറയെ ഉള്ളതിനാല്‍ ദഹനം എളുപ്പമാക്കും. ഉമിനീര്‍ ഉത്പാദനം വര്‍ധിക്കുന്നതും ആഹാരം ശരിയായി ദഹിക്കാന്‍ സഹായിക്കുന്നു. ശരീരത്തിലുള്ള അമിതമായ കൊഴുപ്പ് ഉരുക്കിക്കളയാന്‍ പച്ചമുളക് കഴിക്കുന്നത് ഉത്തമമാണ്. ഇതു വഴി ശരീരഭാരം കുറയ്ക്കാന്‍ സാധിക്കും.പ്രമേഹരോഗമുള്ളവര്‍ ഭക്ഷണത്തില്‍ പച്ചമുളക് ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.

Related Topics

Share this story