ഞങ്ങളും കൃഷിയിലേക്ക്: ചെറുവണ്ണൂരിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു

സംസ്ഥാന സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി ക്യാമ്പയിനിന്റെ ഭാഗമായി ചെറുവണ്ണൂർ എടക്കയിൽ ഗ്രാമശീ കർഷക സമിതിയുടെ നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷി നടപ്പാക്കുന്നു. കൃഷിയുടെ നടീൽ ഉത്സവം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പി.ബാബു നിർവഹിച്ചു.
75 സെന്റ് സ്ഥലം ട്രാക്ടർ ഉപയോഗിച്ച് നിലമൊരുക്കി കുമ്മായം ചേർത്താണ് കൃഷി ആരംഭിച്ചത്. കുറ്റിപ്പയർ,വള്ളിപ്പയർ, പാവൽ, വഴുതന, മത്തൻ,വെള്ളരി, വെണ്ട, പടവലം കുമ്പളം, പച്ചമുളക്, ചീര കണിവെള്ളരി, പീച്ചിങ്ങ, ചീര എന്നിവയാണ് കൃഷി ചെയ്യുന്നത്. സാങ്കേതിക സാമ്പത്തിക സഹായവുമായി ചെറുവണ്ണൂർ കൃഷിഭവനും ഇവർക്ക് കൂട്ടിനുണ്ട്.

ഉണങ്ങിയ ചാണകപ്പൊടി, കടലപ്പിണ്ണാക്ക് എല്ലുപൊടി, എന്നിവ അടിവളമായി ചേർത്ത് വാരമെടുത്തും, കുഴിയെടുത്തും തടമെടുത്തും ചകിരിച്ചോറും, കോഴി വളവും മിശ്രിതമാക്കി മേൽ മണ്ണുമായിചേർത്ത് അതിലാണ് മുളപ്പിച്ച പച്ചക്കറി തൈകൾ നട്ടത്. കൂടാതെ വേപ്പിൻ പിണ്ണാക്ക്, കടലപ്പിണ്ണാക്ക് എന്നിവ പുളിപ്പിച്ചതും ഇവർ തയ്യാറാക്കി വരുന്നു. എടക്കയിൽ ഗ്രാമശീ കർഷക സമിതി കൂട്ടായ്മയിൽ ഉൾപ്പെട്ട വീട്ടുകാരുടെയും കുട്ടികളുടെയും സജീവ പങ്കാളിത്തം കൃഷിക്കുണ്ട്.
ചടങ്ങിൽ കൺവീനർ സി.വേണു അധ്യക്ഷത വഹിച്ചു. വാർഡ് അംഗങ്ങളായ പി.മോനിഷ, ഇ.ടി.ഷൈജ, എ.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. കൂട്ടായ്മയിലെ കർഷകരായ കെ.വി വിനോദൻ, കേളു ചെറുവലത്ത്, കുഞ്ഞാമി രായരോത്ത്, കെ.കെ രജീഷ്,
സി. അരവിന്ദാക്ഷൻ, ഇ.കെ അസീസ്, ശ്രീധരൻ കണ്ടിയിൽ, കെ.ഒ ബാലൻ, കെ.ഒ സുരേന്ദ്രൻ, കെ.കെ. രാജീവൻ ഇ.എം.സുരേഷ്, ടി.വി.സുരേഷ് എന്നിവർ പങ്കെടുത്തു. എം.അശോകൻ സ്വാഗതവും കെ.വി.വിനോദൻ നന്ദിയും പറഞ്ഞു.