Times Kerala

 തക്കാളി വീട്ടില്‍ കൃഷി ചെയ്യാം; അറിയാം കൃഷിരീതിയും പരിപാലനവും

 
 തക്കാളി വീട്ടില്‍ കൃഷി ചെയ്യാം; അറിയാം കൃഷിരീതിയും പരിപാലനവും
 

ഒരു ഉഷ്ണകാല സസ്യമാണ് തക്കാളി. വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒരു പച്ചക്കറിയാണ് തക്കാളി. സെപ്തംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളാണ് തക്കാളി നടാന്‍ പറ്റിയ സമയം.

നടേണ്ട വിധം

ബാക്ടീരിയല്‍ വാട്ടത്തെ ചെറുക്കുന്ന വിത്തിനങ്ങള്‍ നടാം. ശക്തി, മുക്തി, അനഘ, വെള്ളായണി വിജയ് എന്നിവയാണ് അവ.നന്നായി ഇളക്കിയ മണ്ണിലേക്ക് മണലും ചാണകപ്പൊടിയും കലര്‍ത്തണം. മണ്ണിലേക്ക് ഒരു ശതമാനം ബോര്‍ഡോ മിശ്രിതം ഒഴിക്കുന്നത് രോഗപ്രതിരോധ ശേഷി കൂട്ടാന്‍ സഹായിക്കും.വിത്ത് പാകുന്നതിന് 10 മിനിറ്റ് നേരം സ്യൂഡോ മോണസ് ലായനിയില്‍ മുക്കി വെക്കാം. ഇതും ബാക്ടീരിയകളെ ചെറുക്കാന്‍ സഹായിക്കും. വിത്ത് വിതച്ച ശേഷം പച്ചിലകള്‍ കൊണ്ട് പുതയിട്ട് നല്‍കാം. ദിവസവും രാവിലെ നനച്ചു കൊടുക്കാം. വിത്തു മുളച്ചാല്‍ പുത നീക്കണം. തൈകള്‍ കിളിര്‍ത്ത് 30-45 ദിവസം കഴിയുമ്പോള്‍ പറിച്ചു നടാം. പറിച്ചു നടുന്നതിന്റെ ഒരു ആഴ്ച മുമ്പ് നന നിര്‍ത്തുകയും പറിച്ചു നടന്നതിന്റെ തലേദിവസം നല്ലപോലെ നനയ്ക്കുകയും വേണം.

പ്രോട്രേകളിലും തൈകള്‍ ഉണ്ടാക്കാവുന്നതാണ്. ട്രേകളില്‍ ചകിരിച്ചോറും വെര്‍മികമ്പോസ്റ്റും തുല്യ അളവില്‍ നിറച്ചു ഓരോ കുഴിയിലും ഓരോ വിത്ത് ഇടുക. വേര് ഭാഗം സ്യൂഡോ മോണസ് ലായനിയില്‍ മുക്കി നടാം. ചെടികള്‍ തമ്മില്‍ രണ്ടടി അകലം വേണം. അടിസ്ഥാന വളമായി കമ്പോസ്‌റ്റോ കാലി വളമോ ചേര്‍ക്കാം.രണ്ടാഴ്ച കഴിയുമ്പോള്‍ ചെടിയുടെ ചുവട്ടിലേക്ക് സ്യൂഡോ മോണസ് ലായനി ഒഴിക്കുന്നത് നല്ലതാണ്.

നല്ല സൂര്യപ്രകാശം ലഭ്യമാകുന്നിടത്താണ് തക്കാളി കൃഷി ചെയ്യേണ്ടത്. വേനല്‍ക്കാലത്ത് 3-4 ദിവസത്തെ ഇടവേളകളില്‍ നന്നായി നനക്കേണ്ടതാണ്. ചുവട്ടില്‍ വെള്ളം കെട്ടി നില്‍ക്കരുത്.

വളപ്രയോഗം

കടലപിണ്ണാക്ക്/കപ്പലണ്ടി പിണ്ണാക്ക് വെള്ളത്തില്‍ ഇട്ടുപുളിപ്പിച്ചത് നാലിരട്ടി വെള്ളം ചേര്‍ത്ത് ഒഴിച്ച് കൊടുക്കാം. ഫിഷ് അമിനോ ആസിഡ്, പഞ്ചഗവ്യം, ജീവാമൃതം എന്നിവയൊക്കെ ഒരാഴ്ച ഇടവിട്ടു കൊടുക്കാം.

മറ്റ് ഇടക്കാല പ്രവര്‍ത്തനങ്ങള്‍

തക്കാളിക്ക് കരുത്ത് കുറവായതിനാല്‍ കമ്പുകള്‍ നാട്ടി ഇവയ്ക്ക് താങ്ങുകൊടുക്കണം. താങ്ങു കൊടുക്കുന്നത് വഴി കൂടുതല്‍ വിളവ് ലഭിക്കുന്നതിനും കായ്കള്‍ മണ്ണില്‍പ്പറ്റി കേടാകാതിരിക്കാനും സഹായിക്കും. ചെടിയില്‍ കായ്കള്‍ നന്നായി പിടിക്കണമെങ്കില്‍ ആവശ്യമില്ലെന്ന് തോന്നുന്ന ചെറുശിഖരങ്ങള്‍ മുറിച്ചുനീക്കണം.

കീടനിയന്ത്രണം
കായ്തുരപ്പന്‍ അകറ്റാന്‍ വേപ്പിന്‍ കുരു സത്ത് 5% തളിക്കുക. വെള്ളീച്ചയെ അകറ്റാന്‍ മഞ്ഞബോര്‍ഡില്‍ ആവണക്കെണ്ണ തേച്ച് പലയിടത്തായി തൂക്കിയിടുക. 2 ശതമാനം വീര്യമുള്ള വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതമോ 5 ശതമാനം വീര്യമുള്ള വേപ്പിന്‍ കുരു എമല്‍ഷനോ തളിയ്ക്കുന്നതും നല്ലതാണ്.

വിളവെടുപ്പ്

45-60 ദിവസങ്ങള്‍ കഴിഞ്ഞാല്‍ വിളവ് ലഭിച്ചുതുടങ്ങും. വിളദൈര്‍ഘ്യം 120 മുതല്‍ 130 ദിവസം വരെയാണ്. വിളവ് വിളവെടുക്കാനുള്ള കാലയളവ്, തക്കാളിയുടെ ഇനം, കൃഷിരീതി, കാലാവസ്ഥ, മണ്ണിന്റെ സവിശേഷതകള്‍ ഇവയെ ആശ്രയിച്ചിരിക്കുന്നു.

വിവരങ്ങള്‍ക്ക് കടപ്പാട്: ഹരിത കേരള മിഷന്‍

Related Topics

Share this story