Times Kerala

 ഇഞ്ചി കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.!

 
 ഇഞ്ചി കൃഷി
 

പുതുമഴ പെയ്ത് ഭൂമി തണുക്കുന്നതോടെ ഇഞ്ചി കൃഷി ചെയ്യാനുള്ള നിലമൊരുക്കണം.ചൂടും ഈര്‍പ്പവും കലര്‍ന്ന കാലാവസ്ഥയാണ് ഇഞ്ചിക്കൃഷിക്ക് അഭികാമ്യം. മഴയെ ആശ്രയിച്ചോ, ജലസേചന സൗകര്യം ഏര്‍പ്പടുത്തിയോ ഇഞ്ചിക്കൃഷി ചെയ്യാം. മിതമായ തണലില്‍ കൃഷി ചെയ്യാമെങ്കിലും സൂര്യപ്രകാശം നല്ലവണ്ണം ലഭിക്കുന്നസ്ഥലങ്ങളിലാണ് ഇഞ്ചി സമൃദ്ധിയായി ഉണ്ടാകുക. തെങ്ങിന്‍ തോപ്പിലും കവുങ്ങിന്‍തോപ്പിലും ഇടവിളയായും ഒരു വിളമാത്രം എടുക്കുന്ന വയലുകളിലും ഇഞ്ചിക്കൃഷിചെയ്യാം. ഗ്രോബാഗ്, ചാക്ക് എന്നിവയിലും ഇഞ്ചി വിജയകരമായി കൃഷി ചെയ്യാം.

വിത്ത് തെരഞ്ഞെടുക്കലും പരിചരണവുംഇഞ്ചിക്കൃഷിയില്‍ഏകദേശം 40 % ചെലവും വരുന്നത് വിത്തിനാണ്. ഇഞ്ചിക്കൃഷിയുടെ വിജയവും പ്രധാനമായും വിത്തിനെ ആശ്രയിച്ചിരിക്കുന്നു.അതുകൊണ്ട് വിത്ത് തെരഞ്ഞെടുക്കലും സൂക്ഷിക്കലും അതീവ പ്രധാന്യമര്‍ഹിക്കുന്നു. മുളവന്ന 30-40 ഗ്രാമുള്ള ഇഞ്ചിയാണ് ഒരുകുഴിയിലേയ്ക്കായി ഉപയോഗിക്കാവുന്നത്.ഗ്രോബാഗ്, ചാക്ക് എന്നിവയില്‍ നടുമ്പോള്‍ 30-40 ഗ്രാം തൂക്കത്തിലുള്ള ഇഞ്ചിയുടെ രണ്ട് കഷണങ്ങള്‍ ഒരുബാഗില്‍ നടാനായി ഉപയോഗിക്കാം.

ജൈവാംശം, വളക്കൂറ്, നീര്‍വാര്‍ച്ച, വായു സഞ്ചാരം എന്നീ ഗുണങ്ങളുള്ള മണ്ണാണ് ഇഞ്ചിക്കൃഷിക്കേറ്റവും യോജിച്ചത് മണ്ണിളക്കം നല്ലവണ്ണം വരുന്ന വിധത്തില്‍ ഉഴുതോ കിളച്ചോ തടമെടുക്കാം. ഏകദേശം 25 സെ.മി ഉയരത്തില്‍ തടങ്ങളെടുത്താല്‍ മഴക്കാലത്ത് വെള്ളക്കെട്ടില്‍ നിന്ന് സംരക്ഷണമാകും. തടങ്ങള്‍ തമ്മില്‍ഏകദേശം ഒരടി അകലമുണ്ടായിരിക്കണം. തടത്തില്‍ 25x 25 സെ.മി അകലത്തില്‍ ചെറിയകുഴികളെടുത്ത് വിത്ത് ഏകദേശം അഞ്ച് സെ.മി താഴ്ത്തി നടണം. നടുന്നതോടൊപ്പം ട്രൈക്കോഡര്‍മ്മയടങ്ങിയ ചാണകപ്പൊടി-വേപ്പിന്‍ പിണ്ണാക്ക് മിശ്രിതം എന്നിവകൂടിയിടുന്നത് കീടങ്ങളെ അകറ്റും.

മണ്ണില്‍ നിന്ന് വളരെയധികം മൂലകങ്ങള്‍ വലിച്ച്‌ വളരുന്ന വിളയാകയാല്‍ ശാസ്ത്രീയമായ വളപ്രയോഗം ഇഞ്ചിക്കൃഷിക്ക് അത്യാവശ്യമാണ്. മണ്ണു പരിശോധനയുടെ അടിസ്ഥാനത്തില്‍ വളപ്രയോഗം ചെയ്യുന്നതാണ് നല്ലത്. മണ്ണില്‍ കൂടിയും വിത്തില്‍ കൂടിയും പകരുന്ന മൃദുചീയല്‍, ബാക്ടീരിയല്‍ വാട്ടം എന്നീരോഗങ്ങളാണ് ഇഞ്ചിയില്‍ പ്രധാനമായും കണ്ടുവരുന്നത്. അതുകൊണ്ടു തന്നെ രോഗം വരാതിരിക്കാനുള്ള മുന്‍കരുതലും കൃത്യമായ സസ്യസംരക്ഷണമാര്‍ഗ്ഗങ്ങളും വലിയതോതിലുള്ള വിളനാശം സംഭവിക്കാതിരിക്കാന്‍ സഹായകമാകും. തണ്ടുതുരപ്പനാണ് ഇഞ്ചിയെ ആക്രമിക്കുന്ന പ്രധാന കീടം.

Related Topics

Share this story