Times Kerala

 പേര അത്ര നിസാരക്കാരനല്ല.!

 
 പേര അത്ര നിസാരക്കാരനല്ല.!
 

തൊടികളിലും വീട്ടുമുറ്റത്തും അധികം പരിചരണങ്ങളില്ലാതെ തന്നെ നന്നായി വളരുന്ന മരമാണ് പേര. അതിന്റെ ഫലമായ പേരക്കയുടെ ഗുണഗണങ്ങള്‍ വര്‍ണിച്ചാല്‍ തീരുകയില്ല. ഒരു ചിലവുമില്ലാതെ തന്നെ ആരോഗ്യ പരിപാലനത്തിന് പേരക്കായ നല്‍കുന്ന സഹായം ചില്ലറയല്ല. ദഹന പ്രശ്നങ്ങള്‍ മുതല്‍ പ്രമേഹത്തിനും കൊളസ്ട്രോളിനും എന്തിനേറെ കാന്‍സറിനെ പ്രതിരോധിക്കാന്‍ പോലും പേരക്കയ്ക്കു സാധിക്കും

വൈറ്റമിൻ എ, സി, വൈറ്റമിൻ ബി2, ഇ, കെ, ഫൈബർ, മാംഗനീസ്, പോട്ടാസ്യം, അയൺ, ഫോസ്ഫറസ് എന്നിവയാൽ സമ്പുഷ്ടമാണ് പേരക്ക. സാധാരണ വലിപ്പമുള്ള ഒരു ഓറഞ്ചിലുള്ളതിനേക്കാൾ നാലിരട്ടി വൈറ്റമിൻ സി ഒരു പേരയ്ക്കയിലുണ്ട് എന്ന് എത്രപേര്‍ക്കറിയാം? ദിവസം ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ കാണാതെ ജീവിക്കാം എന്ന് പറയാറുണ്ട്. സത്യത്തില്‍ ഇത് ഏറെ ഇണങ്ങുക പേരക്കയുടെ കാര്യത്തിലാണ്. പേരയിലയും പേരത്തണ്ടുമെല്ലാം ആരോഗ്യ സംരക്ഷണത്തിനായി ഉപയോഗിക്കാം.

ഹൃദയാരോഗ്യം വർദ്ധിപ്പിക്കാൻ ദിവസവും ഒരു പേരയ്ക്ക വീതം കഴിച്ചാൽ മതി. ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി, പൊട്ടാസ്യം എന്നിവ രക്തസമ്മർദം കുറയ്ക്കുകയും രക്തത്തിൽ കൊഴുപ്പടിഞ്ഞു കൂടുന്നത് തടയുകയും ചെയ്യും. നേരിയ ചുവപ്പു കലർന്ന പേരയ്ക്ക പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.
പേരയ്ക്കയിൽ ധാരാളടങ്ങിയിരിക്കുന്ന വൈറ്റമിൻ സി ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. സാധാരണ രോഗങ്ങളായ പനി, ചുമ, ജലദോഷം എന്നിവയിൽ നിന്നു രക്ഷനേടാൻ ദിവസവും ഒരു പേരയ്ക്ക വീതം കഴിച്ചാൽ മതി. സാലഡായോ, ജ്യൂസായോ എങ്ങനെ വേണമെങ്കിലും പേരയ്ക്ക കഴിച്ച് രോഗങ്ങളിൽ നിന്നു രക്ഷനേടാം. പുരുഷൻമാരിലെ പ്രോസ്റ്റേറ്റ് കാൻസർ, സ്തനാർബുദം, സ്കിൻ കാൻസർ, വായിലുണ്ടാകുന്ന കാൻസറുകൾ എന്നിവ ത‌ടയാൻ പേരയ്ക്ക കഴിക്കാം.

കാഴ്ച ശക്തി നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമായ പോഷകമാണ് വൈറ്റമിന്‍ എ. ഇതിനായി നിരവധി മരുന്നുകള്‍ വിപണിയില്‍ ലഭ്യമാണ് താനും. എന്നാല്‍ കണ്ണ് പോകാതിരിക്കാന്‍ കണ്ണുമടച്ച് വിശ്വസിച്ച് കഴിക്കാവുന്ന ഫലമാണ് പേരക്ക. കാരണം വൈറ്റമിൻ എയാൽ സമ്പുഷ്ടമാണ് പേരയ്ക്ക. വൈറ്റമിൻ എയുടെ അഭാവം മൂലമുണ്ടാകുന്ന നിശാന്ധത തടയാൻ പേരയ്ക്ക ധാരാളമായി കഴിച്ചാൽ മതി.പ്രായാധിക്യം മൂലവുള്ള കാഴ്ചക്കുറവു പരിഹരിക്കാൻ പതിവായി പേരക്കാ ജ്യൂസ് കുടിക്കാം.

ഇനങ്ങള്‍
ഏറ്റവും ഗുണനിലവാരമുള്ള ഇനങ്ങളില്‍ ഒന്നാണ് അലഹബാദ് സഫേദ. ഇടത്തരം വലിപ്പമുള്ള ഉരുണ്ട പഴങ്ങളാണ് ഉണ്ടാവുക.ഉള്‍ഭാഗം വെളുത്ത നിറത്തിലുള്ളതായിരിക്കും. ഇതോടൊപ്പം ചുവന്ന നിറത്തിലുള്ളതും ആപ്പിള്‍ നിറത്തില്‍ ഉള്ളതുമായ മാംസമുള്ള ഇനങ്ങളുമുണ്ട്.

വളപ്രയോഗം
ഒരു മൂഡിന് 434 ഗ്രാം യൂറിയ, 444 ഗ്രാം റോക്ക് ഫോസ്‌ഫേറ്റ്, 434 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ നല്‍കാം. ഇത് രണ്ട് തവണയായി ഒരേ അനുപാതത്തില്‍ നല്‍കുന്നതാണ് ഉത്തമം. ആദ്യത്തെ ഭാഗം മെയ്-ജൂണ്‍ മാസത്തിലും രണ്ടാമത്തെ ഭാഗം സെപ്റ്റംബര്‍ -ഒക്ടോബര്‍ മാസത്തിലും നല്‍കുക.അമ്ലത്തിന്റെ അംശം കൂടിയ മണ്ണില്‍ വളങ്ങള്‍ ചേര്‍ക്കുന്നതിന് രണ്ടാഴ്ച മുന്‍പ് കുമ്മായം ചേര്‍ത്ത് ഇളക്കുന്നത് നല്ലതാണ്. വര്‍ഷംതോറും പേരയുടെ ചുവട്ടില്‍ ജൈവവളം ചേര്‍ക്കുന്നത് വളര്‍ച്ചയെ ത്വരിതപ്പെടുത്തും.
പേരയുടെ തടി ഒരുപാട് ഉയരത്തില്‍ വളരാതിരിക്കാന്‍ ശ്രദ്ധിക്കണം. അതിനായി കോതി നിര്‍ത്താം. സെപ്റ്റംബര്‍ മാസത്തിലും ഫെബ്രുവരി മാസത്തിലുമാണ് കോതിയൊതുക്കേണ്ടത്.കോതിയ ഭാഗങ്ങളിലൂടെ രോഗാണുക്കള്‍ പ്രവേശിക്കാതിരിക്കാനായി മുറിവില്‍ ബോര്‍ഡോപേസ്റ്റ് തേച്ചുപിടിപ്പിക്കുക. ആദ്യ വര്‍ഷങ്ങളില്‍ പൂക്കുന്ന പൂവുകള്‍ നീക്കം ചെയ്താല്‍ ശക്തിയുള്ള തടി ഉണ്ടാകും. പിന്നീടുള്ള വര്‍ഷങ്ങളില്‍ നല്ല വിളവ് നല്‍കുകയും ചെയ്യും. ചുവട്ടില്‍ നിന്ന് വരുന്ന മുളകളും നീക്കംചെയ്യുക.
പേര രണ്ട് മുതല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ കായ്ച്ചുതുടങ്ങും. എട്ട് മുതല്‍ പത്ത് വര്‍ഷത്തില്‍ നല്ല കായ്ഫലം തരുന്ന ഒരു വൃക്ഷംമാകും. 140 മുതല്‍ 160 ദിവസം കൊണ്ട് പൂക്കള്‍ കായ്കള്‍ ആയി മാറും.

രോഗങ്ങളെ തുരത്താന്‍ എന്തൊക്കെ ചെയ്യാം?
ഇലകള്‍ പൊള്ളുന്നതും തുരുമ്പ് പോലുള്ള വളര്‍ച്ചകള്‍ ഉണ്ടാകുന്നതുമെല്ലാം കുമിള്‍ രോഗകാരികള്‍ കാരണമാണ്.കൃത്യമായ വളപ്രയോഗവും കോതി ഒതുക്കലും ഇങ്ങനെയുള്ള പല രോഗങ്ങളില്‍ നിന്നും പേരയെ രക്ഷിക്കും.

കീടങ്ങളെ എങ്ങനെ നശിപ്പിക്കാം?
30ml പെര്‍ ലിറ്റര്‍ എന്ന തോതില്‍ വേപ്പെണ്ണ സ്‌പ്രേ ചെയ്യുന്നത് പലതരം കീടങ്ങളെ നശിപ്പിക്കും. പഴയീച്ചകളുടെ ആക്രമണം നിയന്ത്രിക്കുന്നതിന് ആക്രമണം ബാധിച്ച പഴങ്ങളെ പറിച്ചെടുത്ത് ആഴത്തില്‍ കുഴിച്ചിടുകയോ മണ്ണെണ്ണയില്‍ മുക്കി വയ്ക്കുകയോ ചെയ്യുക. വലിയ തോട്ടങ്ങള്‍ ആണെങ്കില്‍ വേനല്‍ക്കാലത്ത് നിലം ഉഴുന്നത് ഗുണംചെയ്യും. പ്യൂപ്പകളെ വെയില്‍ കൊള്ളിച്ചു നശിപ്പിക്കുന്നതിന് വേണ്ടിയാണിത്.
പഴം തുരന്നു തിന്നുന്ന പുഴുക്കളെ കാണാറില്ലേ? ഇവയെ പ്രതിരോധിക്കുന്നതിനായി ഒരു ഹെക്ടറില്‍ ഒരെണ്ണം എന്ന തോതില്‍ ലൈറ്റ് ട്രാപ്പുകള്‍ സ്ഥാപിക്കാവുന്നതാണ്. തടി പുഴു തിന്നു നശിപ്പിക്കാതിരിക്കാനായി ടാര്‍, മണ്ണെണ്ണ എന്നിവ 1: 2 എന്ന അനുപാതത്തില്‍ ചേര്‍ത്തിളക്കി ചുവട്ടില്‍ നിന്നും മൂന്നടി ഉയരത്തില്‍ തേച്ചു പിടിപ്പിക്കുക. പരുത്തി ചെടി നട്ടു പിടിപ്പിക്കുന്നതും നല്ലതാണ്.

Related Topics

Share this story