Times Kerala

 കറുത്ത പൊന്നിന്‍റെ മഹത്വം.!!

 
 കറുത്ത പൊന്നിന്‍റെ മഹത്വം.!!
 

കുന്നിക്കുരുവിനോളം പോലും വലിപ്പമില്ലാത്ത കുരുമുളകിന്‍റെ ഔഷധഗുണങ്ങളും രുചിയുടെ കേമത്തവും, അതിനെ മറ്റുള്ള സുഗന്ധവ്യഞ്ജനങ്ങളില്‍ നിന്നും വേറിട്ട്‌ നിര്‍ത്തുന്നു. കുരുമുളക് ചേര്‍ക്കുന്ന വിഭവങ്ങള്‍ക്ക് എന്നും ഒരു പ്രത്യേക രുചി തന്നെയാണ്.ആമാശയത്തില്‍ അടങ്ങിയിരിക്കുന്ന വിഷാംശത്തെ നിര്‍വീര്യമാക്കാനുള്ള ഒരു പ്രത്യേക കഴിവ് കുരുമുളകിനുണ്ട്. അത് പോലെ കടുത്ത ജലദോഷം, പനി, ശരീരത്തിന്‍റെ വിറയല്‍, കഫക്കെട്ട് തുടങ്ങിയവയ്ക്കും കുരുമുളക് കൊണ്ടുള്ള കഷായം വളരെ ഉത്തമമാണ്.വെളിച്ചെണ്ണയില്‍ കുരുമുളക് ചേര്‍ത്ത് കാച്ചിയ ശേഷം ശരീരത്തില്‍ തുടര്‍ച്ചയായി തേച്ചു തടവിയാല്‍ പക്ഷവാതം, വിറവാതം എന്നിവയ്ക്ക് ശമനം ഉണ്ടാകുമെന്നാണ് പഴമക്കാര്‍ പറയുന്നത്.

കുരുമുളക് കൃഷി എങ്ങനെ ലാഭത്തിലാക്കാം...

കറുത്ത പൊന്നായ കുരുമുളകാണ് കേരളത്തിന് ലോകമാകെ പ്രശസ്തി നേടിത്തന്നത്. എന്നാല്‍ രോഗങ്ങളും കാലാവസ്ഥമാറ്റവും കാരണം കേരളത്തില്‍ കുരുമുളക് കൃഷി കുറഞ്ഞുകൊണ്ടിരിക്കുന്നു. കുറച്ച് ശ്രദ്ധ നല്‍കിയാല്‍ കുരുമുളകില്‍ നിന്നു മികച്ച വിളവ് സ്വന്തമാക്കാം.

1. കുരുമുളക് ചെടിയുടെ വള്ളികളില്‍ കൂടുതല്‍ മൂപ്പെത്തിയ ഭാഗമൊഴിച്ചു മറ്റ് എത് ഭാഗം നട്ടാലും വേര് പിടിക്കും.

2. തിരുവാതിര ഞാറ്റുവേലയാണ് കുരുമുളക് വള്ളിനടാന്‍ നല്ല സമയം. തിരിമുറിയാതെ പെയ്യുന്ന മഴയ്ക്ക് കുരുമുളക് വള്ളി നട്ടാല്‍ നല്ല വേരുപിടിത്തം ഉണ്ടാകും.

3. കുരുമുളക് ചെടിയുടെ ചുവട് കിളയ്ക്കരുത്, ദ്രുത വാട്ടത്തിന് കാണമാകും.

4. കുരുമുളക് പൂവിടുമ്പോള്‍ മഴയില്ലങ്കില്‍ വെള്ളം സ്‌പ്രെ ചെയ്ത് കൊടുത്താല്‍ നല്ല വിളവ് ലഭിക്കും.

5. വര്‍ഷക്കാലത്ത് കുരുമുളകിന് തണല്‍ പാടില്ല, കുരുമുളകിന്റെ താങ്ങ് മരങ്ങളിലെ ശിഖിരങ്ങള്‍ കോതി നിര്‍ത്തിയാല്‍ കായ്പിടുത്തം കൂടും.

6. തെങ്ങില്‍ കുരുമുളക് പടര്‍ത്തുമ്പോള്‍ തെങ്ങിന്റ വടക്ക് കിഴക്ക് ഭാഗത്ത് നടുക.

7. കുരുമുളക്‌ത്തോട്ടത്തില്‍ ഇഞ്ചി, മഞ്ഞള്‍, കച്ചോലം തുടങ്ങിയ സുഗന്ധ വിളകള്‍ കൃഷി ചെയ്താല്‍ കായ്പിടുത്തം കൂടും.

8. ഒരു തിരിയില്‍ കുറഞ്ഞത് അഞ്ച് മണിയെങ്കിലും പഴുത്തതിന് ശേഷം കുരുമുളക് വിളവ് എടുക്കുക.

9. കുരുമുളക് ചെടിയുടെ പ്രധാന തണ്ടില്‍ നിന്നു വശങ്ങളിലേയ്ക്ക് പോകുന്ന വളരുന്ന പാര്‍ശ്വ ശിഖിരങ്ങള്‍ നട്ടാണ് കുറ്റി കുരുമുളക് (ബുഷ് പെപ്പര്‍)ഉണ്ടാക്കുന്നത്.

10. പച്ചക്കുരുമുളക് തിളച്ച വെള്ളത്തില്‍ ഒരു മിനിറ്റ് മുക്കി വെച്ചതിന് ശേഷം ഉണക്കിയാല്‍ പുപ്പല്‍ പിടിക്കില്ല.

11. കുരുമുളക് ഒരു ദിവസം വെയ്‌ലത്ത് വെച്ചതിന് ശേഷം മെതിക്കുക. ഇങ്ങനെ ചെയ്താല്‍ വേഗത്തില്‍ മണി ഉതിര്‍ന്ന് (പൊഴിഞ്ഞ്)കിട്ടും.

12. കുരുമുളക് ചെടിയുടെ തണ്ടില്‍ ( ചുവട്ടില്‍ നിന്ന് മുകളിലേക്ക് മുക്കാല്‍മീറ്റര്‍ ) കുമ്മായം വിതറി നനച്ച് കൊടുത്താല്‍ കുമിള്‍ ശല്യം കുറയും.

Related Topics

Share this story