Times Kerala

 കര്‍ഷകര്‍ക്ക് ഗുണനിലവാരമുള്ള കാലിത്തീറ്റ ഉറപ്പാക്കാന്‍ ഇടപെടലുകള്‍ നടത്തും- മന്ത്രി

 
 കര്‍ഷകര്‍ക്ക് ഗുണനിലവാരമുള്ള കാലിത്തീറ്റ ഉറപ്പാക്കാന്‍ ഇടപെടലുകള്‍ നടത്തും- മന്ത്രി
 

കര്‍ഷകര്‍ക്ക് ഗുണനിലവാരമുള്ള കാലിത്തീറ്റ ഉറപ്പാക്കാന്‍ ഇടപെടലുകള്‍ നടത്തുമെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി.
കാലിത്തീറ്റയില്‍ നിയന്ത്രണം ഉള്‍പ്പെടെയുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. ഇതിനായി പുതിയ നിയമങ്ങള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാരെന്നും മന്ത്രി പറഞ്ഞു. ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പുകളെ സമന്വയിപ്പിച്ച് പൊതുമേഖലാ കാലിത്തീറ്റ നിര്‍മ്മാതാക്കളായ കേരള ഫീഡ്സ് ലിമിറ്റഡ് സംഘടിപ്പിക്കുന്ന സെമിനാര്‍ തൃശൂര്‍ പേള്‍ റീജന്‍സി ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വലിയ പ്രതിസന്ധികളിലൂടെയാണ് ക്ഷീര കര്‍ഷകര്‍ കടന്നുപോകുന്നത്. ഭീമമായ വില കൊടുത്താണ് അന്യസംസ്ഥാനങ്ങളില്‍ നിന്ന് കര്‍ഷകര്‍ കാലിത്തീറ്റ വാങ്ങുന്നത്. തീറ്റചെലവ് കുറച്ചു കൊണ്ടുവരേണ്ടതുണ്ട്. പാലിന്റെ വില വര്‍ധിപ്പിക്കാതെ തന്നെ ക്ഷീരകര്‍ഷകര്‍ക്ക് മൃഗങ്ങള്‍ക്കുള്ള തീറ്റ വാങ്ങുന്നത് എങ്ങനെ ലാഭകരമാക്കാം എന്ന കാര്യം സര്‍ക്കാരും മൃഗസംരക്ഷണ വകുപ്പും ആലോചിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു. മില്‍മ, ക്ഷീര, മൃഗസംരക്ഷണ വകുപ്പ് എന്നിവ ചേര്‍ന്ന് നിശ്ചിത തുക ക്ഷീര കര്‍ഷകര്‍ക്ക് വര്‍ഷം മുഴുവന്‍ സബ്സിഡി നല്‍കാന്‍ തീരുമാനിച്ചതായും ക്ഷീരദിനത്തില്‍ പതിനായിരം കര്‍ഷകര്‍ക്ക് ലോണ്‍ അനുവദിച്ചതായും മന്ത്രി അറിയിച്ചു.

കേരള ഫീഡ്‌സ് ചോളം കൃഷി തുടങ്ങും. ഗുണമേന്‍മയുള്ള ചോളം കേരളത്തില്‍ കൃഷി ചെയ്യുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനായി ഒഴിഞ്ഞുകിടക്കുന്ന ഭൂമി കൃഷിയോഗ്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. കര്‍ഷകരുടെ പ്രയാസങ്ങള്‍ പരിഹരിച്ചുകൊണ്ട് തന്നെ മേഖലയെ പരിപോഷിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ക്ഷീര-മൃഗ സംരക്ഷണ മേഖലയില്‍ നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നുണ്ട്. വെറ്റിനറി ഡോക്ടര്‍മാരുടെ സേവനം എല്ലാ പഞ്ചായത്തുകളിലും നടപ്പിലാക്കിയിട്ടുണ്ട്. ഇതിന് പുറമെ എല്ലാ ബ്ലോക്കുകളിലും വെറ്റിനറി ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ്. ആദ്യഘട്ടമെന്ന നിലയില്‍ 29 വാഹനങ്ങള്‍ ബ്ലോക്കുകളിലേയ്ക്ക് കൈമാറും. വെറ്റിനറി ഡോക്ടര്‍മാര്‍ക്ക് രാത്രികാലങ്ങളില്‍ അടിയന്തരഘട്ടത്തില്‍ സഞ്ചരിക്കുന്നതിന് ആംബുലന്‍സ് സൗകര്യം പ്രയോജനപ്പെടും. ജില്ലകളിലേയ്ക്ക് ടെലി വെറ്റിനറി യൂണിറ്റ് വാഹനം നല്‍കുമെന്നും മൂന്ന് ജില്ലകളില്‍ ഇതിനോടകം വാഹനം അനുവദിച്ചതായും മന്ത്രി അറിയിച്ചു. മൃഗസംരക്ഷണ ക്ഷീരവികസന മേഖലകളിലെ സമഗ്ര മാറ്റമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ക്ഷീര കര്‍ഷകര്‍ക്ക് ഒപ്പം സര്‍ക്കാര്‍ എക്കാലവും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പാല്‍ ഉല്‍പാദനക്ഷമതയില്‍ പഞ്ചാബ് കഴിഞ്ഞാല്‍ രണ്ടാം സ്ഥാനമാണ് കേരളത്തിന്. അത് ഒന്നാം സ്ഥാനമാക്കി ഉയര്‍ത്തിക്കൊണ്ട് വരാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

‘കാലിത്തീറ്റ: ഗുണമേന്‍മയും വിലക്കുറവും ലഭ്യതയും’ എന്ന വിഷയത്തിലാണ് സെമിനാര്‍ നടന്നത്. ഗുണമേന്‍മയുള്ള വിലകുറഞ്ഞ കേരള ഫീഡ്സ് എല്ലാ ക്ഷീരകര്‍ഷകരിലേയ്ക്കും എത്തിക്കുക എന്ന ഉദ്ദേശത്തോടെ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും പ്രവര്‍ത്തിക്കുന്ന ഫോഡര്‍ പ്രൊമോട്ടേഴ്സ്, വിമന്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കേഴ്സ് അംഗങ്ങളെ രണ്ട് സ്ഥലങ്ങളിലായി വിന്യസിച്ചാണ് സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്. കേരളത്തിലെ സ്വകാര്യ കമ്പനികള്‍ ഉല്‍പാദിപ്പിക്കുന്ന വില കൂടുതലുള്ള കാലിത്തീറ്റയ്ക്ക് പകരം സംസ്ഥാന സര്‍ക്കാരിന്റെ ഗുണമേന്‍മയുള്ള കേരളഫീഡ്സ് കാലിത്തീറ്റ ഉപയോഗിക്കാനുള്ള സാഹചര്യം ഉണ്ടാക്കുക എന്നതാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ക്ഷീര, മൃഗസംരക്ഷണ വകുപ്പുകള്‍ സമന്വയിപ്പിച്ച് എങ്ങനെ കര്‍ഷകര്‍ക്ക് പ്രയോജനകരവും ലാഭകരവുമായ രീതിയില്‍ പശുവളര്‍ത്തല്‍ നടത്താം എന്ന ആശയം പങ്കുവെയ്ക്കാനും ഫോഡര്‍ പ്രൊമോട്ടേഴ്സ്, വിമന്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കേഴ്സ് അംഗങ്ങള്‍ക്ക് കേരള ഫീഡ്സ് ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യാനുള്ള അവസരവും ഇതിലൂടെ ലഭ്യമായി.

Related Topics

Share this story