കൂടും കോഴിയും പദ്ധതിയുമായി ടീം ബേഡകം കുടുംബശ്രീ അഗ്രോ പ്രൊഡ്യൂസേഴ്സ് കമ്പനി
Jul 14, 2022, 14:48 IST

ഒരു ഗുണഭോക്താവിന് വളര്‍ച്ചയെത്തിയ 20 കോഴികളും അവയ്ക്കുള്ള കൂടും നിര്‍മിച്ചു നല്‍കുന്ന പദ്ധതി കൂടും കോഴിയും വിജയ ചുവടുകള്‍ കയറുന്നു. ബേഡഡുക്ക ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മിഷനു കീഴിലുള്ള ടീം ബേഡകം കുടുംബശ്രീ അഗ്രോ പ്രൊഡ്യൂസേഴ്സ് കമ്പനിയാണ് ഇതിന്റെ തേരാളികള്‍. ടീം ബേഡകം കമ്പനിയുടെ കാരക്കാട്ടെ ഫാമില്‍ വാക്സിനേഷന്‍ ഉള്‍പ്പെടെ ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ അവലംബിച്ച് വളര്‍തിയെടുത്ത ബി വി 380 കോഴികളെയാണ് ജില്ലയിലെങ്ങും വിതരണത്തിന് തയ്യാറായിട്ടുള്ളത്. കമ്പനി പ്രത്യേകം ഡിസൈന്‍ ചെയ്ത കൂട് പഞ്ചായത്തിന്റെ വ്യവസായ പാര്‍ക്കില്‍ ലഭ്യമാക്കിയ കെട്ടിടത്തില്‍ വിദഗ്ധ തൊഴിലാളികളെ വെച്ചാണ് തയ്യാറാക്കുന്നത്.ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി 42 സിഡിഎസുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 30 ഓര്‍ഡറുകള്‍ ഇതിനകം ലഭിച്ചു കഴിഞ്ഞു. പദ്ധതിയുടെ ആദ്യ വിതരണം മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തില്‍ നടന്നു. തുടര്‍ന്ന് വൊര്‍ക്കാടി, മുളിയാര്‍ ഗ്രാമപഞ്ചായത്തിലും പദ്ധതി നടപ്പിലാക്കി. വരുംദിവസങ്ങളില്‍ പൈവളിഗെ, മീഞ്ച, എന്‍മകജെ തുടങ്ങിയ സിഡിഎസുകളില്‍ കൂടും കോഴിയും നല്‍കാനാണ് നിശ്ചയിച്ചിട്ടുള്ളത്.ഈ രംഗത്ത് നിലനിന്നിരുന്ന സ്വകാര്യ കുത്തക അവസാനിപ്പിച്ച് സര്‍ക്കാര്‍ അംഗീകൃത നിര്‍ദ്ദേശങ്ങള്‍ പാലിച്ച് കൊണ്ട് മൃഗസംരക്ഷണ മേഖലയില്‍ ആട്, പശു, പോത്തിന്‍കുട്ടി മുയല്‍ എന്നിങ്ങനെ എല്ലാ രംഗത്തുമുള്ള പ്രവര്‍ത്തനം കമ്പനി ലക്ഷ്യമിടുന്നുണ്ട്.പദ്ധതിയിലൂടെ ഗുണനിലവാരമുള്ള മുട്ടക്കോഴികള്‍, നാടന്‍ കോഴികള്‍ എന്നിവ നല്‍കാനാണ് ഇതിനകം പദ്ധതി ഒരുക്കിയിട്ടുള്ളത്. ഇതിനായി ഗ്രാമശ്രീ, കൈരളി, ഇന്‍ഡിബ്രോ ബ്രൗണ്‍, റെയിന്‍ബോ റൂസ്റ്റര്‍ തുടങ്ങി നാടന്‍ ഹൈബ്രിഡ് ഇനങ്ങള്‍ ടീം ബേഡകത്തിന്റെ ഫാമില്‍ വളര്‍ന്നു വരുന്നുണ്ട്.ഇത് കൂടാതെ കേരളാ ബാങ്ക് കുണ്ടംകുഴി ശാഖയുമായി സഹകരിച്ച് വായ്പാ ബന്ധിതമായ കൂടും കോഴീം പദ്ധതിയും നടപ്പിലാക്കുന്നതിന് സ്‌കീം തയ്യാറായിട്ടുണ്ട്. ഷെയര്‍ ഹോള്‍ഡര്‍മാരായ ബേഡകത്തെ സ്ത്രീകള്‍ക്ക് ജെ എല്‍ ജി മുഖേന ചുരുങ്ങിയ പലിശയ്ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ചെറിയ നിരക്കില്‍ തിരിച്ചടവു വരുന്ന ആകര്‍ഷകമായ പദ്ധതിയാണ് നടപ്പിലാക്കുന്നത്.