Times Kerala

 പൂക്കളുടെ ഗന്ധം വിതറി പന്തളം തെക്കേക്കര …

 
 പൂക്കളുടെ ഗന്ധം വിതറി പന്തളം തെക്കേക്കര …
 

പത്തനംതിട്ട: കൃഷിക്കെന്നും ഒരുപടി മുമ്പില്‍ നില്‍ക്കുന്ന ഗ്രാമപഞ്ചായത്താണ് പന്തളം തെക്കേക്കര. കൃഷിയും കൃഷി അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഏറെ മാതൃകയാണ് ഈ പഞ്ചായത്ത് എന്ന് പറയുന്നതില്‍ ഒട്ടും അതിശയോക്തി വേണ്ട. ഇപ്പോഴിതാ നവരാത്രിപൂജയോട് അനുബന്ധിച്ചുള്ള ചടങ്ങുകള്‍ക്ക് സ്വന്തമായി പഞ്ചായത്ത് തലത്തില്‍ പൂക്കള്‍ കൃഷി ചെയ്ത് കൂടുതല്‍ മാധുര്യം പകരുകയാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്ര പ്രസാദ് നേതൃത്വം നല്‍കുന്ന ഭരണസമിതി. എന്തുകൊണ്ടാണ് ആശയം തോന്നിയതെന്നുള്ള കാര്യത്തിന് അദ്ദേഹം മറുപടി പറയുന്നത് ഇങ്ങനെയാണ് ; നമ്മള്‍ എന്തിന് മറ്റു ജില്ലകളെയോ സംസ്ഥാനങ്ങളെയോ പൂക്കള്‍ക്കായി ആശ്രയിക്കണം … കൃഷിയുടെ കാര്യങ്ങളില്‍ വ്യക്തമായി നിലപാടാണ് നേതൃത്വത്തിലുള്ളവര്‍ സ്വീകരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക മേഖലയ്ക്ക് നല്‍കുന്ന ഊന്നലിന്റെ പ്രാധാന്യത്തിന് അല്പം പോലും വിട്ടുവീഴ്ചയില്ലാതെ കര്‍മ്മ നിരതരായി പ്രവര്‍ത്തിക്കുകയാണ് ഇവിടുത്തെ ഭരണ സമിതിയും .

ഇത്തരമൊരു നേതൃത്വത്തിന്റെ വിജയത്തിന്റെ വിളവെടുപ്പാണ് പൂക്കൃഷിയിലൂടെ പഞ്ചായത്ത് സാധ്യമാക്കുന്നത്. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

വാടാമുല്ല, ബന്ദിപ്പൂ, സീനിയ, തുളസി എന്നിവയാണ് വിളവെടുത്തത്. വര്‍ഷം മുഴുവന്‍ തെക്കേക്കരയ്ക്ക് ആവശ്യമായ പൂക്കള്‍ ഉല്‍പ്പാദിപ്പിക്കാനായി പൂ കൃഷി കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിപ്പിക്കും.

Related Topics

Share this story