Times Kerala

പുനം കൃഷി

 
പുനം കൃഷി
 

നനവാർന്ന ഉഷ്ണമേഖലാ പ്രദേശങ്ങളിലെ ആദിമഗോത്രങ്ങളുടെ തനതായ കൃഷി സമ്പ്രദായമാണ്‌ പുനം കൃഷി. ചേരിക്കൽ കൃഷി എന്ന പേരിലും അറിയപ്പെടുന്നു. കാട് വെട്ടിത്തെളിച്ച് ചുട്ടെരിച്ചാണ്‌ പുനം കൃഷി ചെയ്യുന്നത്. ഒരു സ്ഥലത്ത് തുടർച്ചയായി കൃഷി ചെയ്യാതെ ഒറ്റത്തവണമാത്രം കൃഷിയിറക്കുന്നു എന്നതാണ്‌ പുനം കൃഷിയുടെ പ്രധാന പ്രത്യേകത. ഒരിക്കൽ കൃഷി ചെയ്തശേഷം ആ സ്ഥലം ഉപേക്ഷിക്കുന്നു. അവീടെ വീണ്ടും ചെടികളും മരങ്ങളും തഴച്ചുവളരുകയും ചെയ്യും. പിന്നീട് അതേ സ്ഥലത്ത് കൃഷി ചെയ്യുന്നത് വർഷങ്ങൾക്കു ശേഷമായിരിക്കാം. മുഖ്യ വിള നെല്ലാണ്‌.

കുറിച്യർ ഒരു പ്രാവശ്യം കൃഷിയിറക്കിയ സ്ഥലത്ത് ഏഴുവർഷം കഴിഞ്ഞേ കൃഷിയിറക്കിയിരുന്നുള്ളൂ. മറ്റു ചില ആദിവാസി സമുദായങ്ങൾ പത്തും പതിനഞ്ചും വർഷങ്ങള് ഇടവേളയിടാറുണ്ട്. വീണ്ടും കൃഷിയിറക്കാനാവശ്യമായ മൂപ്പ് എത്തുന്നത് അത്രയും വർഷങ്ങൾക്കു ശേഷമാണെന്ന് അവർ വിശ്വസിക്കുന്നു.

മേഘാലയത്തിലെ ആദിവാസികളുടെ കൃഷിരീതിയിൽ നടത്തിയ പഠനം ഇടവേളകളുടെ ദൈർഘ്യം കുറയുന്നതനുസരിച്ച് വിളവ് കുറഞ്ഞുവരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പത്തുവർഷത്തെ ഇടവേളയാണ്‌ അവർക്കിടയിൽ ആശാവഹമായി കണ്ടെത്തിയത്.

മറ്റു സവിശേഷതകൾ

വിത്ത് വൈവിധ്യമാണ്‌ പ്രധാനപ്പെട്ട മറ്റൊരു സവിശേഷത. മുഖ്യവിള നെല്ലാണെങ്കിലും കടുക്, തുവരപ്പരിപ്പ്, അമര, ചേമ്പ്, കിഴങ്ങുകൾ, മുത്താറി, തിന, വരക്, ചീര, വാഴ, മഞ്ഞൾ, മുളക്, പയറുവർഗ്ഗങ്ങൾ തുടങ്ങിയവയും പച്ചക്കറിയിനങ്ങളും കൃഷി ചെയ്യാറുണ്ട്. പുനവെള്ളരി എന്ന ഇനം വെള്ളരിയും കൂടുതലായി കൃഷിചെയ്യപ്പെടുന്നു.

പുനം കൃഷിയിടങ്ങൾ ജൈവവൈവിധ്യങ്ങൾക്ക് പുകഴ് പെറ്റതാണ്‌. ചെറിയ സ്ഥലങ്ങളിൽ തന്നെ വിവിധ ഇനം വിളകൾ ഒരേ സമയം കൃഷിചെയ്യാൻ സാധിക്കുന്നു.

നിലം ഉഴുത് മണ്ണൊരുക്കൽ സമ്പ്രദായം പുനം കൃഷിയിലില്ല. നിലമൊരുക്കലിൽ പ്രദേശത്തിനും കാലാവസ്ഥക്കും അനുസരിച്ചുള്ള വ്യത്യാസങ്ങൾ പ്രകടമാണ്‌. ഭാരതത്തിന്റെ വടക്കുകിഴക്കൻ പ്രദേശങ്ങളിൽ കാട് പൂർണ്ണമായും കത്തിച്ചശേഷമാണ്‌ നിലമൊരുക്കുന്നത്. ഇവിടങ്ങളിൽ പ്രത്യേകിച്ച് നിലമൊരുക്കൽ പിന്തുടരുന്നില്ല. എന്നാൽ ഉയരം കൂടിയമകളിൽ കാര്യമായ നിലമൊരുക്കൽ അനുവർത്തിക്കുന്നുണ്ട്. കത്തിച്ച ഭൂമി ചാലുകളായും വരമ്പുകളായും മാറ്റിയശേഷം വരമ്പുകളിൽ കൃഷിയിറക്കുന്നു.

Related Topics

Share this story