കുരുമുളക് കൃഷി, അറിയേണ്ടതെല്ലാം...

കറുത്ത പൊന്ന് എന്നറിയപ്പെടുന്ന കുരുമുളക് പണ്ട് മുതലേ പാപ്പിനിശ്ശേരിയില്‍ വ്യാപകമായി കൃഷി ചെയ്തിരുന്നു. ഇപ്പോള്‍ പാപ്പിനിശ്ശേരി പഞ്ചായത്തിന്റെ കിഴക്കന്‍ മേഖലകളില്‍ വളരെ കുറച്ച് സ്ഥലത്ത് മാത്രമാണ് ഇപ്പോള്‍ കുരുമുളക് കൃഷിയുള്ളത്.കീടരോഗങ്ങളുടെ ആക്രമണം കാരണം കൃഷി നശിച്ചു. അതോടൊപ്പം ഗ്രാമങ്ങള്‍ മാറി പട്ടണങ്ങളായി തീര്‍ന്നു, സ്ഥല പരിമിതി മൂലം ജനങ്ങള്‍ കുരുമുളക് കൃഷി ഉപേക്ഷിച്ചു. ഇന്ന് വീട്ടാവശ്യത്തിന് കുരുമുളക് കടയില്‍ നിന്നും വാങ്ങേണ്ടി വരുന്ന സ്ഥിതിയാണ്.ഇതിന് പരിഹാരമാണ് കുററി കുരുമുളക്. കായ് തരുന്ന കുരുമുളക് ചെടികള്‍ ചട്ടിയില്‍ വളര്‍ത്തിയാല്‍ മതിയാകും. ഇവയ്ക്ക് കൂടുതല്‍ സ്ഥലം ആവശ്യമില്ല എന്നു മാത്രമല്ല തോട്ടത്തില്‍ വെക്കുന്നത് പൂന്തോട്ടത്തിന് മോടി കൂട്ടുകയും ചെയ്യും. വര്‍ഷം മുഴുവന്‍ കുരുമുളക് മണികള്‍ ലഭിക്കുകയും ചെയ്യും. കുററി കുരുമുളക് നിലത്തും കൃഷി ചെയ്യാം. പാപ്പിനിശ്ശേരിയുടെ പടിഞ്ഞാറ് ഭാഗങ്ങളില്‍ കൃഷിക്ക് സൗകര്യമുണ്ടെങ്കിലും മഴക്കാലത്ത് വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ കുരുമുളക് കൃഷി ചെയ്യാറില്ല. ഇതിനൊക്കെ ഒരു പരിഹാരമാണ് ചെടിച്ചട്ടികളില്‍ വളര്‍ത്തുന്ന കുററി കുരുമുളക്.

വലിയ ചെടിച്ചട്ടികളില്‍ മണ്ണും, ഉണക്കി പൊടിച്ച കാലിവളവും ചേര്‍ത്ത് വേര് പിടിപ്പിച്ച കുരുമുളക് തണ്ടുകള്‍ നടാം. ഇങ്ങിനെ നടുന്ന കുററി കുരുമുളകിന് കൂടുതല്‍ വളം ആവശ്യമാണ്.കുററി കുരുമുളക് ചെടികള്‍ നട്ട് ഒരു വര്‍ഷത്തിനകം വിളവ് തരാന്‍ തുടങ്ങും. ആദ്യത്തെ വര്‍ഷം ഒരു ചെടിയില്‍ നിന്നും 500 ഗ്രാം കുരുമുളക് ലഭിക്കും. ചെടിച്ചട്ടികളില്‍ നിന്നു തന്നെ വീട്ടാവശ്യത്തിനു വേണ്ട കുരുമുളക് ഉണ്ടക്കാവുന്നതാണ്. ചട്ടിയിലെ ചെടികള്‍ക്ക് രണ്ട് മാസത്തിലൊരിക്കല്‍ 2 ഗ്രാം യൂറിയ, 3 ഗ്രാം സൂപ്പര്‍ ഫോസ്ഫേററ്, 3 ഗ്രാം പൊട്ടാഷ് എന്നിവ ചേര്‍ത്ത വള മിശ്രിതം ഒരു ടീസ്പൂണ്‍ വീതം നല്‍കണം. കാലി വളം 25 ഗ്രാം എന്നതോതിലും കടലപിണ്ണാക്കും വേപ്പിന്‍ പിണ്ണാക്കും എല്ലാ വര്‍ഷവും മെയ് മാസത്തില്‍ നല്‍കുന്നത് കുററി കുരുമുളകിന്റെ വളര്‍ച്ചയ്ക്ക് നല്ലതാണ്.
ദിവസേന നനക്കുന്നത് തുടക്കത്തില്‍ തിരിയിലെ മണിപിടിത്തം കൂട്ടാനും മണി കൊഴിച്ചല്‍ കുറക്കാനും സഹായിക്കും. കുററി കുരുമുളക് ചെടിയില്‍ നിന്നും വര്‍ഷം മുഴുവനും കുരുമുളക് ലഭിക്കുകയും അഞ്ച് വര്‍ഷത്തോളം നല്ല വിളവ് ലഭിക്കുകയും ചെയ്യും. പറിക്കാന്‍ ആളെ ആവശ്യമില്ല. നടാന്‍ അധികം സ്ഥലം വേണ്ട, വള്ളി പടര്‍ത്താന്‍ മരം വേണ്ട എന്നിവയാണ് പ്രത്യേകതകള്‍.