Times Kerala

 ആലങ്ങാട്ടെ തരിശുഭൂമിയില്‍ ഇനി നെല്ല് വിളയും.!!

 
 ആലങ്ങാട്ടെ തരിശുഭൂമിയില്‍ ഇനി നെല്ല് വിളയും.!!
 

ചരിത്രത്തിന് ഏറെ പ്രാധാന്യമുള്ള ഗ്രാമപഞ്ചായത്താണ് ആലങ്ങാട്. നാട്ടുരാജാക്കന്‍മാര്‍ നാടുവാണിരുന്ന പ്രദേശം, ചെമ്പോലക്കളരി സ്ഥിതി ചെയ്യുന്നിടം എന്ന രീതിയിലും പ്രശസ്തമാണ്. കാര്‍ഷികരംഗത്തേക്ക് പഞ്ചായത്തിനെ തിരികെ കൊണ്ടുവരിക എന്നതാണ് ലക്ഷ്യമെന്ന് പറയുകയാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം.മനാഫ്. ആലങ്ങാട് ഗ്രാമ പഞ്ചായത്തിനെ അറിയാം.. അദ്ദേഹത്തിന്റ വാക്കുകളിലൂടെ

 കോവിഡ് പ്രതിരോധത്തിലൂടെ..

കോവിഡ് വ്യാപനം അതിശക്തമായിരുന്ന പഞ്ചായത്ത് എന്ന നിലയില്‍ ആരോഗ്യമേഖലയില്‍ കൂടുതല്‍ പ്രാധാന്യം നല്‍കി. കൊങ്ങോര്‍പ്പിളളി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഡോമിസിലിയറി കെയര്‍ സെന്റര്‍ ആരംഭിച്ചു. രോഗികള്‍ക്ക് ചികിത്സയോടൊപ്പം ഭക്ഷണം ഉറപ്പുവരുത്തുന്നതിനായി ജനകീയ ഭക്ഷണശാലയും ഇവിടെ ഒരുക്കിയിരുന്നു. കോവിഡ് പ്രതിരോധത്തിന് മരുന്നിനായി മാത്രം അഞ്ച് ലക്ഷം തനത് ഫണ്ടില്‍ നിന്ന് ലഭ്യമാക്കി. ആവശ്യപ്പെട്ടപ്പോള്‍ തന്നെ പലരും മരുന്ന് സപോണ്‍സര്‍ ചെയ്യാന്‍ തയ്യാറായതിലൂടെ പൊതുജനപങ്കാളിത്തത്തോടെ കോവിഡിനെ പ്രതിരോധിക്കാനായി. വിവിധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതോടൊപ്പം വാക്‌സിനേഷനായി നാല് ക്യാമ്പുകള്‍ വിവിധ പ്രദേശങ്ങളിലായി ക്രമീകരിച്ചു. പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും തുടര്‍ച്ചയായി വാക്‌സിനേഷന്‍ നല്‍കി വരുന്നു.

 കാര്‍ഷികരംഗം മികവിലേക്ക്

 കാര്‍ഷികരംഗത്ത് ഏറെ പിന്നോക്കം പോയെങ്കിലും തരിശുഭൂമികള്‍ ഏറെയുള്ള പഞ്ചായത്ത് എന്ന നിലയില്‍ ഇവിടെയെല്ലാം കൃഷിയിറക്കുക എന്നതാണു പ്രധാന ലക്ഷ്യം. ജല ദൗര്‍ലഭ്യത നേരിടുന്ന പ്രദേശമായതിനാല്‍ പശ്ചാത്തല സൗകര്യമൊരുക്കുക എന്നതു വലിയ വെല്ലുവിളിയാണ്. ഓഞ്ഞിത്തോടിന്റെ വികസനം ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.

പാനായിക്കുളം കരീച്ചാല്‍ പാടശേഖരം 300 ഏക്കര്‍ വിസ്തൃതിയുള്ളതാണ്. സര്‍ക്കാര്‍ സഹായത്തോടെ ഇവിടെ നാല്‍പതോളം ഏക്കറില്‍ കൃഷി ഇറക്കിയിരുന്നെങ്കിലും ആവശ്യമായ വെള്ളം ലഭ്യമായാല്‍ ഉത്പാദനം വര്‍ധിപ്പിക്കാനാകും. കരീച്ചാല്‍ പാടശേഖരത്തിനായി 10 ലക്ഷം രൂപയുടെ പ്രൊജക്ടിന് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കിയിട്ടുണ്ട്. പാടശേഖരത്തിനു ചുറ്റും വെള്ളം കയറ്റി ഇറക്കാനുള്ള സംവിധാനമാണ് പദ്ധതിയിലൂടെ ഉറപ്പുവരുത്തുന്നത്. 

അഴേപ്പാടം പാടശേഖരത്തിലും 12 ഏക്കറോളം നെല്‍കൃഷി നടക്കുന്നുണ്ട്. പശ്ചാത്തല സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തി കൃഷി കൂടുതല്‍ വിപുലപ്പെടുത്തുന്നതിനാണു പ്രാഥമിക പരിഗണന. തൊഴിലുറപ്പ് പദ്ധതിയുടെയും ഇറിഗേഷന്‍ വകുപ്പിന്റെയും സഹകരണവും ഓഞ്ഞിത്തോട് വികസനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സഹായവും വ്യവസായ മന്ത്രി പി.രാജീവിന്റെ മേല്‍നോട്ടവും പദ്ധതിക്കു സഹായകരമാണ്.

ജൈവ പച്ചക്കറികൃഷി കൂടുതല്‍ കരുത്തോടെ

 ജൈവ പച്ചക്കറികൃഷി കൂടുതല്‍ വ്യാപകമായി നടന്നുവരുന്നു. ഇവ വിപണനം നടത്തുന്നതിന് കൃഷിഭവന്‍, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ ആഴ്ചച്ചന്തകള്‍ നടത്തുന്നുണ്ട്. കര്‍ഷകര്‍ തന്നെ നേരിട്ടും വിപണനം നടത്തുന്നുണ്ട്.

 മാതൃകയോടെ കുടുംബശ്രീ

 മാതൃകാ കുടുംബശ്രീ ആയി തെരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ സി.ഡി.എസ് ആണ് ആലങ്ങാട്. ഉത്പാദന മേഖലയില്‍ ഏറെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. മൂന്നു ജനകീയ ഹോട്ടലുകളും ഒരു കിയോസ്‌കും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജോലി നഷ്ടപ്പെട്ട് മടങ്ങി വന്നിട്ടുള്ള പ്രവാസികള്‍ക്കു സംരംഭം ആരംഭിക്കുന്നതിനു വായ്പാ സഹായ പദ്ധതിയും നല്‍കി വരുന്നു.

 പശ്ചാത്തല സൗകര്യം കരുതലോടെ

 റോഡുകളുടെ വികസനത്തിനായി മാത്രം 5 കോടി രൂപ അനുവദിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ ചുരുക്കം ചിലരൊഴികെ എല്ലാവര്‍ക്കും നൂറുദിനം തൊഴില്‍ കൊടുക്കാന്‍ സാധിച്ചു.ലൈഫ് പദ്ധതിയിലേക്ക് ആവശ്യമായ തുക ലഭ്യമാണ്. സര്‍ക്കാര്‍തലത്തില്‍ ലിസ്റ്റിന് അംഗീകാരം ലഭിച്ചാല്‍ ഉടനെ പ്രവര്‍ത്തനം ആരംഭിക്കും. പശ്ചാത്തല സൗകര്യങ്ങള്‍ മെച്ചടുത്തി മുഴുവന്‍ തരിശുഭൂമിയും കൃഷിസ്ഥലമാക്കി കാര്‍ഷികരംഗത്തെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഒരുങ്ങുകയാണ് ആലങ്ങാട് ഗ്രാമപഞ്ചായത്ത്.

 വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍

 സ്‌കൂള്‍ കുട്ടികള്‍ക്കു പ്രഭാത ഭക്ഷണം നല്‍കുന്നതിനായി എട്ട് ലക്ഷം രൂപ നീക്കിവച്ചിരുന്നു. കോവിഡ് മൂലം സ്‌കൂള്‍ തുറക്കാതിരുന്നതിനാല്‍ രണ്ടു ഘട്ടങ്ങളിലായി കിറ്റ് രൂപത്തില്‍ ഭക്ഷ്യവസ്തുക്കള്‍ നല്‍കി വരുന്നു. 16.5 കിലോഗ്രാം തൂക്കം വരുന്ന 19 ഇനം വസ്തുക്കള്‍ അടങ്ങിയ കിറ്റാണ് നാല് എല്‍.പി സ്‌കൂളുകളിലായി വിതരണം ചെയ്തുവരുന്നത്. കൊങ്ങോര്‍പ്പിള്ളി ഗവ.എച്ച്.എസ് എസില്‍ 50 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ മന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.

Related Topics

Share this story