Times Kerala

ഇനി പൂപ്പാടത്തിൽ സെൽഫി എടുക്കാൻ ഗുണ്ടൽപ്പേട്ട് വരെ പോകേണ്ട, അഴീക്കോട്ടേക്ക് വരൂ; കൺനിറയെ കാണാം പൂപ്പാടം 

 
ഇനി പൂപ്പാടത്തിൽ സെൽഫി എടുക്കാൻ ഗുണ്ടൽപ്പേട്ട് വരെ പോകേണ്ട, അഴീക്കോട്ടേക്ക് വരൂ; കൺനിറയെ കാണാം പൂപ്പാടം 
കണ്ണൂർ: ഇനി പൂപ്പാടത്തിൽ സെൽഫി എടുക്കാൻ കർണാടകയിലെ ഗുണ്ടൽപ്പേട്ട് വരെ പോകേണ്ട. പല നിറത്തിൽ വാടാമല്ലിയും ചെണ്ടുമല്ലിയും പൂത്തുലഞ്ഞ് നിൽക്കുന്ന പൂപ്പാടം ഒരുക്കി ഓണത്തെ വരവേൽക്കുകയാണ് കണ്ണൂർ അഴീക്കോട് ചാൽ ബീച്ച് സ്വദേശി പി സിലേഷ്. പതിവു കൃഷിയിൽനിന്ന് വ്യത്യസ്തമായി ചെയ്യണമെന്ന ചിന്തയാണ് സിലേഷിനെ പൂകൃഷിയിലേക്ക് ആകർഷിച്ചത്. ജില്ലാ പഞ്ചായത്തിന്റെ 'ഓണത്തിനൊരു മുറം പൂവ് പദ്ധതി' പ്രകാരം ലഭിച്ച പൂച്ചെടികൾക്കൊപ്പം തന്റെ കൈവശമുള്ള വിത്ത് മുളപ്പിച്ചുമാണ് സിലേഷ് കൃഷിയിറക്കിയത്. 30 സെന്റ് സ്ഥലത്ത് ഇതിനോടകം ഒരു ലക്ഷത്തോളം പൂക്കൾ വിരിഞ്ഞു കഴിഞ്ഞു. കാലാവസ്ഥ പ്രതികൂലമായില്ലെങ്കിൽ ഓണം സീസണിൽ കൂടുതൽ പൂക്കളുണ്ടാകും. ജൂൺ പത്തിന് തുടങ്ങിയ കൃഷി ഒന്നാം വിളവ് എടുക്കേണ്ട സമയമായി. മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ചെണ്ടുമല്ലി, വെള്ള, വയലറ്റ് വാടാമല്ലി തുടങ്ങിയ പൂക്കളാണ് കൃഷിയിടത്തിലുളളത്. ആഗസ്റ്റ് 23 ന് ജില്ലാ പഞ്ചായത്തിന്റെ ഓണത്തിനൊരു മുറം പൂവിന്റെ ജില്ലാ തല വിളവെടുപ്പ് ഉദ്ഘാടനവും ഇവിടെയാണ് നടക്കുക.നന്നായി ഒരുക്കിയ നിലത്തിൽ ചാണകവളം ചേർത്ത് ഒരുക്കിയ മണ്ണിലാണ് ചെടികൾ നടേണ്ടതെന്ന് സിലേഷ് പറഞ്ഞു. രാസവളങ്ങൾ ഒന്നും ഉപയോഗിച്ചില്ല. ജൈവ വളങ്ങൾ മാത്രമാണ് ഉപയോഗിക്കുന്നത്. മുൻകാലങ്ങളിൽ പച്ചക്കറിയും നെൽകൃഷിയായിരുന്നു സിലേഷ് ചെയ്തത്. പൂകൃഷി തുടങ്ങുന്നതിന് തൊട്ട് മുൻപ് കടല കൃഷി ചെയ്തിരുന്നു. ആ മണ്ണിൽ നട്ടതു കൊണ്ട് കൂടിയാവാം പൂകൃഷിയിൽ ഇത്ര വിളവ് എന്നാണ് കരുതുന്നത്.

Related Topics

Share this story