മാംസ്യസംപുഷ്ടം ചതുരപ്പയർ.! കൃഷി രീതി ഇങ്ങനെ...
Feb 20, 2022, 11:51 IST

സാധാരണയായി വേനൽക്കാലാംരംഭത്തിലാണ് കേരളത്തിൽ ചതുരപ്പയർ കൃഷിചെയ്തുവരുന്നത്. നല്ല വെയിലും ഈർപ്പവും കലർന്ന അന്തരിക്ഷമാണിതിനുവേണ്ടത്. 25 ഡിഗ്രി അന്തരീക്ഷോഷ്മാവാണിതിന് പഥ്യം. ഒരുസെന്റിന് 80 ഗ്രാം വിത്ത് ആവശ്യമായിവരുന്നു. സെന്റിന് കൂടിയാൽ 20 തടങ്ങളേ പാടൂ. ഓരോ തടത്തിനും രണ്ടുമീറ്ററെങ്കിലും ഇടയകലം ആവശ്യമാണ്. ഓരോതടത്തിനും രണ്ടടിവ്യാസവും ഒരടി ആഴവും ഉണ്ടായിരിക്കണം. മണ്ണ് നന്നായി കിളച്ചൊരുക്കിയതിനുശേഷം അതിലേക്ക് ചപ്പിലകൾ വിതറി കത്തിക്കണം. ഒരുസെന്റിലേക്ക് 50 കിലോ ചാണകപ്പൊടിയോ കമ്പോസ്റ്റോ ആവശ്യമാണ്. ഇത് മേൽമണ്ണുമായി കലർത്തി കുഴികളിലിട്ടതിനുശേഷം അതിൽ 50ഗ്രാം വേപ്പിൻപിണ്ണാക്ക്‌പൊടിച്ചത് 50ഗ്രാം കുമ്മായം എന്നിവയും ചേർത്തിളക്കി നനച്ചിടുക. ചാക്കുകളിലാണ് നടുന്നതെങ്കിൽ മണൽ, മണ്ണ്, ചാണകപ്പൊടി, എന്നിവ 3:3:3 എന്ന അനുപാതത്തിൽ കൂട്ടിക്കലർത്തി നിറച്ച് നന്നായി നനച്ചതിനുശേഷം വിത്ത്‌നടാം. വിത്തിന് 5 മുതൽ 8 സെ.മീ. വരെ നീളമുണ്ടാവും. നടുന്നതിനുമുമ്പ് എട്ടുമണിക്കൂർ മുമ്പെയെങ്കിലും വിത്ത് നനച്ചുവെക്കണം. നട്ട് നനച്ചതിനുശേഷം ചപ്പിലകൊണ്ട് പുതയിട്ടുകൊടുക്കണം. വിത്ത്മുളച്ചുവന്നാൽ പുതയൊഴിവാക്കാം.