Times Kerala

 ഔഷധ ഗുണമുള്ള, മാധുര്യമുള്ള പഴങ്ങള്‍ ലഭിക്കുന്ന സസസ്യം ‘മഹാ കൂവളം’

 
 ഔഷധ ഗുണമുള്ള, മാധുര്യമുള്ള പഴങ്ങള്‍ ലഭിക്കുന്ന സസസ്യം ‘മഹാ കൂവളം’
 


ഔഷധ ഗുണമുള്ള മാധുര്യമുള്ള പഴങ്ങള്‍ ലഭിക്കുന്ന സസ്യമാണ് ‘മഹാ കൂവളം’. ഇവയുടെ കായ്കളുടെ ഉള്ളിലെ മാംസളഭാഗം ഉദരരോഗങ്ങള്‍ക്കെല്ലാം പ്രതിവിധിയായി ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ഉപയോഗിച്ചുവരുന്നു. ഇടത്തരം ഉയരത്തില്‍ ശാഖകളോടെയാണ് മഹാകൂവളത്തിന്റെ വളര്‍ച്ച. ഇലകള്‍ വല്ലാതെ ചെറുതാണ്. തണ്ടുകളില്‍ ചെറുമുള്ളുകളും കാണാം. കടുപ്പമുള്ള തടി മിനുസ്സമില്ലാത്ത തൊലി എന്നിവയും ഇവയ്ക്കുണ്ടാകും.

ഉഷ്ണമേഖല കാലാവസ്ഥയ്ക്ക് അനുഗുണമായ ഈ സസ്യം വേനലിലാണ് പുഷ്പിക്കുക. ചെറുവെള്ള പൂക്കള്‍ക്ക് നനുത്ത സുഗന്ധവുമുണ്ടാകും. വൃത്താകൃതിയിലുള്ള വലിയ കായ്കള്‍ക്ക് കട്ടിയേറിയ പുറംതൊലിയുണ്ടാകും. പാകമായ കായ്കള്‍ ശേഖരിച്ച് ഉള്ളിലെ മാംസളമായ പള്‍പ്പ് കഴിക്കാം. ക്ഷേത്രങ്ങളില്‍ കൂവളത്തിന്റെ ഇല മാലചാര്‍ത്താനായി ഉപയോഗിക്കുന്നതോടൊപ്പം ഇല, തൊലി, വേര് തുടങ്ങിയവ ആയുര്‍വേദ ഔഷധങ്ങളില്‍ ചേരുവയായും ഉപയോഗിക്കുന്നു. മഹാകൂവളത്തിന്റെ വിത്തുകളില്‍ നിന്ന് തയ്യാറാക്കിയ തൈകള്‍ നടീല്‍ വസ്തുവായി ഉപയോഗിക്കാമെങ്കിലും ഫലങ്ങള്‍ ഉണ്ടാകാന്‍ താമസമെടുക്കും.

ഒട്ടുതൈകള്‍ നട്ടുപരിപാലിച്ചാല്‍ മൂന്നാം വര്‍ഷംതന്നെ കായ്കള്‍ ഉണ്ടാകും. സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് അരമീറ്റര്‍ നീളം, വീതി, താഴ്ച്ചയുള്ള കുഴിയെടുത്ത് ജൈവവളങ്ങള്‍ അടിസ്ഥാനമാക്കി നല്‍കി ഒട്ടുതൈകള്‍ നടാം. വേനല്‍ അധികമായാല്‍ നന നല്‍കണം. ഔഷധഗുണങ്ങളുടെ കലവറയായ മഹാകൂവളം വീട്ടുവളപ്പിന് അനുയോജ്യമായ ഫലസസ്യങ്ങളില്‍ ഒന്നാണ്.

Related Topics

Share this story