Times Kerala

 ചീരക്കൃഷി: പരിപാലന മുറകള്‍.!

 
 ചീരക്കൃഷി: പരിപാലന മുറകള്‍.!
 

ഇലക്കറികളില്‍ ഏറ്റവും പോഷകഗുണമുള്ളതാണ് ചീര. കാഴ്ചയ്ക്കും രക്തത്തിനും ഏറ്റവും നല്ലതാണ് ചീര കഴിക്കുന്നത്. ചീരയ്ക്ക് ഏറെ ആവശ്യക്കാരുള്ള കാലമാണിപ്പോള്‍. വ്യാവസായികാടിസ്ഥാനത്തില്‍ ചീര കൃഷി ചെയ്ത് ലാഭമുണ്ടാക്കുന്നത് എങ്ങനെയെന്ന് നമുക്ക് നോക്കാം.

സൂര്യപ്രകാശവും നീര്‍വാഴ്ചയും

നല്ല സൂര്യപ്രകാശം ലഭിക്കുന്നതും വെള്ളം കെട്ടി നില്‍ക്കാത്തതുമായ സ്ഥലം വേണം ചീരക്കൃഷിക്ക് തെരഞ്ഞെടുക്കാന്‍. ചീര നടുന്നതിനുള്ള തടങ്ങളെടുക്കുന്നതിനു മുന്‍പ് പച്ച കക്ക തടത്തില്‍ വിതറണം. ഒരേക്കര്‍ സ്ഥലത്തെ ചീരക്കൃഷിക്ക് 500 കിലോ പച്ചകക്ക അടിവളമായി തടത്തില്‍ ഇടണം. ഇതിനു പുറമേ ചാണകപ്പൊടി, കോഴിക്കാഷ്ടം, എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക് എന്നീ ജൈവവളങ്ങളും തടത്തിലിടണം. അതിനു ശേഷം രണ്ടിഞ്ചു കനത്തില്‍ മണ്ണിടുക. തടത്തില്‍ വെള്ളമൊഴിച്ചു മൂന്നു ദിവസത്തിനു ശേഷം ചീര വിത്തുപാകാം.

വിത്തുപാകുന്ന വിധം

ഇളകിയ മണ്ണില്‍ ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക് എന്നിവ ചേര്‍ത്ത് തടമെടുക്കുക. ചീര വിത്ത് കനം കുറച്ച് വിതറുക, മുകളില്‍ അല്പം മണ്ണ് വിതറുക. അതിനു ശേഷം വെള്ളം സ്‌പ്രേ ചെയ്യുക. ഒരു പ്ലാസ്റ്റിക്ക് ഷീറ്റ് ഉപയോഗിച്ച് തടം മൂടുക.. രണ്ടു ദിവസം കൊണ്ട് വിത്ത് മുളക്കും. ഷീറ്റ് മാറ്റിയിട്ട് ആവശ്യത്തിന് നനച്ച് കൊടുക്കുക. നാലില പരുവമാകുമ്പോള്‍ തൈകള്‍ പറിച്ച് ഒരടി അകലത്തില്‍ തടങ്ങളിലേക്ക് നടാവുന്നതാണ്. മുകളില്‍ പറഞ്ഞിരുന്നതു പോലെ അടി വളമിട്ട് ബെഡ് നിര്‍മിച്ചും ചീര വിത്ത് പാകാവുന്നതാണ്.

വളപ്രയോഗം

രണ്ടാഴ്ച പ്രായമായ ചെടിക്ക് ഫിഷ് അമിനോ സ്‌പ്രേ ചെയ്യുകയും നന്നായി നനച്ചു കൊടുക്കുകയും ചെയ്യണം. ഫംഗസ് ബാധയെ ചെറുക്കാനും, കൂടുതല്‍ വിളവിനും ഫിഷ് അമിനോ സഹായിക്കുന്നു.

വിളവെടുപ്പ്

നല്ല ജൈവാംശവും ആവശ്യത്തിന് ജലസേചനവുമുണ്ടെങ്കില്‍ ചീര 25 ദിവസമാകുമ്പോള്‍ വിളവെടുക്കാവുന്നതാണ്. ശരിയായ സമയത്ത് വിളവെടുക്കുന്നത് രോഗബാധയെ കുറക്കുന്നു.

രോഗങ്ങള്‍

ഇലപ്പുള്ളി രോഗമാണ് പ്രധാനമായും ചീരയെ ബാധിക്കുന്നത്. 10 ഗ്രാം സോഡാക്കാരം, 10 ഗ്രാം മഞ്ഞള്‍പ്പൊടി എന്നിവ ഒന്നരലിറ്റര്‍ വെള്ളത്തില്‍ നന്നായി കലര്‍ത്തി സ്‌പ്രേ ചെയ്യുക. ആദ്യം കൊടുത്ത അടിവളം കൊണ്ട് ആറു പ്രാവശ്യം വരെ ചീരക്കൃഷി നടത്താം. തടത്തില്‍ നിന്നും കളകള്‍ സമയാസമയം പറിച്ചു നീക്കണം. കടുത്ത മഴയുള്ള സമയത്ത് ചീര കൃഷി ഒഴിവാക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ തടം നന്നായി ഉയര്‍ത്തിയെടുത്ത്, വെള്ളം കെട്ടി നില്‍ക്കാത്ത വിധമാക്കണം കൃഷി. ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ ചീരക്ക് വില കൂടുതലാണ്. കിലോയ്ക്ക് 60 മുതല്‍ 70 വരെ വില ലഭിക്കും.

Related Topics

Share this story