Times Kerala

 പഴങ്ങളുടെ രാജാവ് ദുരിയാന്‍.!

 
 പഴങ്ങളുടെ രാജാവ് ദുരിയാന്‍.!
 

തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ വ്യാപകമായ കൃഷിയും വിപണനവുമുള്ള ദുരിയാന്‍ ”പഴങ്ങളുടെ രാജാവ്” എന്നറിയപ്പെടുന്നു. ഏറ്റവും വിശിഷ്ടവും പഴങ്ങളില്‍ ഏറ്റവും വിപണിമൂല്യവുമുള്ള ദുരിയാന്‍ വളരെയധികം പോഷകങ്ങളാല്‍ സമൃദ്ധമാണ്. നിരവധി സസ്യജന്യ സംയുക്തങ്ങള്‍, വിറ്റമിനുകള്‍, ആന്റി ഓക്‌സിഡന്റുകള്‍, പ്രോട്ടീനുകള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവയുടെ കലവറയായ ദുരിയാന്‍ പഴത്തിന് നിരവധി ആരോഗ്യപരിരക്ഷാമേന്മകളുമുണ്ട്. ശരീരത്തിന് അവശ്യം വേണ്ട ഊര്‍ജവും എത്ര വലിയ ക്ഷീണത്തെയും ചെറുക്കാനുള്ള കഴിവും മാനസികാരോഗ്യവും നല്‍കുന്നു. മസ്തിഷ്‌കത്തിലെ സെറട്ടോണിന്‍ നില ഉയര്‍ത്തി ശാരീരിക ക്ഷീണം മാറ്റി സന്തോഷം പ്രദാനം ചെയ്യുക വഴി ദുരിയാന്‍ കൂടുതലായി ഉപയോഗപ്പെടുത്തുവാന്‍ ഇഷ്ടപ്പെടുന്നു. ദുരിയാന്‍ വളരെ വിപുലമായി കൃഷി ചെയ്തുവരുന്ന തായ്‌ലന്റ്, മലേഷ്യ, ഫിലിപ്പൈന്‍സ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍ അവരുടേതായ ഏറ്റവും മികച്ച ഇനങ്ങള്‍തന്നെ നിലവിലുണ്ട്. അവയില്‍ ഏറ്റവും പ്രധാനമായതും കേരളത്തില്‍ കൃഷി ചെയ്ത് വിജയിക്കാന്‍ സാദ്ധ്യതയുമുള്ളതുമായ ഏതാനും ചില ഇനങ്ങള്‍ ഇവിടെ പരിചയപ്പെടുത്തുന്നു.

മുസാങ്ങ് കിങ്ങ് (Musang King)
മലേഷ്യയുടെ തനതായ ഇനമാണ് മുസാങ്ങ് കിങ്ങ്. ദുരിയാന്റെ ഏറ്റവും മുന്തിയ ഇനവുമാണിത്്. ലോകത്തെ ദുരിയാന്‍ പ്രേമികള്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ഈ ഇനത്തിന് സീസണ്‍ അനുസരിച്ച് 500 മുതല്‍ 2000 രൂപ വരെ കിലോയ്ക്ക് വിലയുണ്ടത്രേ. ഏറ്റവും സ്വാദിഷ്ഠമായ ഈ ഇനം കൂടുതലായി കൃഷി ചെയ്യാന്‍ മലേഷ്യന്‍ ദുരിയാന്‍ കര്‍ഷകര്‍ താത്പര്യമെടുക്കുന്നതില്‍ അത്ഭുതമില്ല.

D101
മലേഷ്യന്‍ ഇനമായ D101 ദ്രുതഗതിയില്‍ വളര്‍ന്ന് ധാരാളം വിളവ് നല്‍കുന്ന മേല്‍ത്തരം ഇനമാണ്.

D99 (Kob)
കോബ് എന്ന പേരിലും അറിയപ്പെടുന്ന D99 പരാഗണത്തിന് മറ്റിനങ്ങളെ സഹായിക്കുമെന്ന് പറയപ്പെടുന്നു.

ഓര്‍ക്കി (Orchi)
വളരെ സവിശേഷതകളുള്ള ഈ മലേഷ്യന്‍ ഇനം വളരെ സ്വാദിഷ്ഠമായ ഫലങ്ങള്‍ നല്‍കുന്നു. അടുത്ത കാലത്തായി ഇതിന്റെ കൃഷി കൂടിവരുന്നുണ്ട്.

D24 (Sultan)
സുല്‍ത്താന്‍ എന്ന പേരില്‍ പ്രസിദ്ധമായ D24 മലേഷ്യയില്‍ വളരെയധികം കൃഷി ചെയ്യുന്നുണ്ട്. പാവപ്പെട്ടവരുടെ ‘മുസാങ്ങ് കിങ്ങ്’ എന്നും അറിയപ്പെടുന്നു.

മോന്തോങ്ങ് (Mon Thong)
തായ്‌ലന്റില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്തുവരുന്ന ഈ ഇനമാണ് മറ്റു രാജ്യങ്ങളിലേക്ക് വ്യാപകമായി കയറ്റി അയയ്ക്കുന്നത്. ദുരിയാന്റെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളില്‍ പ്രധാനമായ ദുരിയാന്‍ ചിപ്‌സ് തയ്യാറാക്കാന്‍ മോന്തോങ്ങ് ഇനമാണ് ഉപയോഗപ്പെടുത്തുന്നത്. ഉയര്‍ന്ന വിളവ് നല്‍കുന്ന ഈ ഇനത്തിന്റെ ഗ്രാഫ്റ്റ് തൈകള്‍ നട്ട് അഞ്ച് വര്‍ഷത്തിനകം പുഷ്പിക്കുന്നതായി കണ്ടുവരുന്നു.

റെഡ്‌പ്രോണ്‍ (Red Prawn)
മലേഷ്യയിലെ വളരെ പ്രചാരമേറിയ ഈ ഇനം ജൈവരീതിയില്‍ കൃഷിചെയ്യുമ്പോള്‍ ഉയര്‍ന്ന ഗുണമേന്മയുള്ള കായ്കള്‍ ലഭിക്കുന്നു. ഉയര്‍ന്ന പ്രദേശങ്ങളില്‍ കൃഷി ചെയ്യാന്‍ ഏറെ അനുയോജ്യം. ഇവ കൂടാതെ ചാനി, കന്യാവ്, ഫുവാങ്ങ്മണി എന്നിവയും ദുരിയാന്റെ മികച്ച ഇനങ്ങളാണ്

Related Topics

Share this story