Times Kerala

 ഔഷധ സസ്യങ്ങളുടെ കലവറയൊരുക്കാൻ കല്യാശ്ശേരി

 
 ഔഷധ സസ്യങ്ങളുടെ കലവറയൊരുക്കാൻ കല്യാശ്ശേരി
 കണ്ണൂർ: വൈവിധ്യമാർന്ന ഔഷധ സസ്യങ്ങളുടെ കലവറയൊരുക്കാൻ കല്യാശ്ശേരി മണ്ഡലത്തിൽ ഔഷധ ഗ്രാമമൊരുങ്ങുന്നു. കൃഷി വകുപ്പ്, ഔഷധി, കേരള മെഡിസിനൽ പ്ലാന്റ് ബോർഡ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുമായി ചേർന്നാണ് സംസ്ഥാനത്ത് തന്നെ വേറിട്ട പദ്ധതി നടപ്പാക്കുന്നത്. ഔഷധസസ്യങ്ങളുടെ പ്രാധാന്യവും വിപണിയും കണക്കിലെടുത്താണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.കൃഷിയിലൂടെ തൊഴിൽ എന്നതാണ് ലക്ഷ്യം. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിൽ 10 ഏക്കറിലും ഏഴോം, കണ്ണപുരം പഞ്ചായത്തുകളിൽ 7.5 ഏക്കറിൽ വീതവുമാണ് ആദ്യഘട്ടം പദ്ധതി നടപ്പാക്കുക. ഇതിനായി കർഷക ഗ്രൂപ്പുകൾ രൂപീകരിച്ച് പഞ്ചായത്തുതലത്തിൽ ശിൽപശാല നടത്തും. ഔഷധസസ്യങ്ങളുടെ കൃഷിയും വിളവെടുപ്പും വിപണനവും ഉറപ്പുവരുത്തും. ഇതിനായി സൊസൈറ്റി രൂപീകരിക്കും.
നിലമൊരുക്കാൻ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളെ ഉപയോഗിക്കും. കൃഷിച്ചെലവുകൾക്കായി 25 ഏക്കറിന് 12.5 ലക്ഷം രൂപ, 25000 ഔഷധ തൈകൾ ഉത്പാദിപ്പിക്കുന്നതിന് 3.75 ലക്ഷം രൂപ, സർക്കാർ സ്ഥാപനങ്ങളിൽ ഔഷധ തോട്ടങ്ങൾ ഉണ്ടാക്കാൻ രണ്ടര ഏക്കറിന് 50000 രൂപ എന്നിങ്ങനെ 16.75 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്.പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ശിൽപശാല എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും പദ്ധതി വ്യാപിപ്പിച്ച് കൂടുതൽ പേർക്ക് തൊഴിൽ നൽകി മാതൃകാ ഔഷധ ഗ്രാമമാക്കി മാറുകയാണ് ലക്ഷ്യമെന്ന് എം എൽ എ പറഞ്ഞു.

Related Topics

Share this story