വനിതകള്‍ക്ക് ആശ്വാസ പദ്ധതികളുമായ് 'കെപ്കോ'

കോഴി വളര്‍ത്തല്‍ മേഖലയുടെ സമഗ്ര വികസനം, നവീകരണം എന്നിവയിലൂടെ കോഴിയിറച്ചിയുടെയും, കോഴിമുട്ടയുടെയും ഉദ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ (കെപ്കോ) രൂപീകൃതമായത്. സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കി വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ഉപകരിക്കുംവിധമാണ് കെപ്കോ പദ്ധതികള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്.

കെപ്കോ ആശ്രയ
വിധവകളുടെ ജീവിതത്തില്‍ ആശ്വാസമായെത്തുകയാണ് കെപ്കോയുടെ ആശ്രയ പദ്ധതി. ഈ പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന ഓരോ ഗുണഭോക്താവിനും 10 കോഴിയും, 3 കിലോ തീറ്റയും, മരുന്നും സൗജന്യമായി നല്‍കുന്നു. ഇതിലൂടെ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ അറുപത്തിനായിരത്തോളം വിധവകള്‍ക്ക് സഹായം നല്‍കാന്‍ കെപ്കോയ്ക്ക് സാധിച്ചിട്ടുണ്ട്.
കെപ്കോ നഗരപ്രിയ
ഗ്രാമങ്ങളിലെന്ന പോലെ നഗരങ്ങളിലെയും മുട്ടയുല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനും മാലിന്യങ്ങളുടെ സുഗമമായ നിര്‍മ്മാര്‍ജ്ജനത്തിനും വഴിയൊരുക്കി നഗരവാസികളായ സ്ത്രീകളെ ഉദ്ദേശിച്ച് കെപ്കോ നടപ്പാക്കിയ പദ്ധതിയാണ് കെപ്കോ നഗരപ്രിയ. ഓരോ ഗുണഭോക്താവിനും 5 കോഴി, 5 കിലോ തീറ്റ, ആധുനിക രീതിയിലുള്ള ഒരു കൂട്, മരുന്ന് എന്നിവ ലഭിക്കുന്ന രീതിയിലാണ് ഈ പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നഗരവാസികളായ ഏകദേശം 13000 വനിതകള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിച്ചിട്ടുണ്ട്.
കെപ്കോ വനിതാമിത്രം
കുടുംബശ്രീ യൂണിറ്റുകളിലെ അംഗങ്ങള്‍ക്ക് വേണ്ടി നടപ്പാക്കുന്നതാണ് കെപ്കോ വനിതാമിത്രം പദ്ധതി. ഓരോ ഗുണഭോക്താവിനും 10 കോഴിയും, 1 കിലോ തീറ്റയും, മരുന്നുമാണ് നല്‍കുന്നത്. കുടുംബ യൂണിറ്റുകളിലെ അംഗങ്ങളായ ഏകദേശം 30000 ത്തോളം വനിതകള്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിച്ചിട്ടുണ്ട്.കേരളത്തിലെ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് വേണ്ടി ചില പദ്ധതികള്‍ നടപ്പാക്കാനുള്ള ശ്രമത്തിലാണ് കെപ്കോ. അതിന് മുന്നോടിയായി കയര്‍ മേഖലയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വനിതകള്‍ക്ക് കൈത്താങ്ങായി കോഴിവളര്‍ത്തല്‍ പദ്ധതി നടപ്പാക്കാന്‍ തയ്യാറെടുക്കുകയാണ്.