Times Kerala

പോഷകങ്ങളില്‍ കേമനാണ്.! അറിയാം കോവലിനെ

 
കോവല്‍
 

പച്ചക്കറികളില്‍ ഏറ്റവും കൂടുതല്‍ പോഷകങ്ങള്‍ അടങ്ങിയതാണ് കോവല്‍ അഥവാ കോവയ്ക്ക. പാലില്‍ അടങ്ങിയിരിക്കുന്ന എല്ലാ വിറ്റാമിനുകളും ഇതിലുമുണ്ട്. അടുക്കളത്തോട്ടത്തില്‍ നിര്‍ബന്ധമായും നട്ട് പരിപാലിക്കേണ്ട വിളയാണ് കോവല്‍. ഏറ്റവും എളുപ്പവും ലളിതവുമാണ് കോവല്‍ കൃഷിയും അതിന്റെ പരിപാലനവും. ഉപ്പേരി, തോരന്‍, അച്ചാര്‍ തുടങ്ങി നിരവധി വിഭവങ്ങള്‍ കോവല്‍ കൊണ്ടു തയാറാക്കാം. ഷുഗര്‍, കൊളസ്‌ട്രോള്‍ എന്നിവയ്ക്ക് പരിഹാരമായി പച്ചയ്ക്കും കഴിക്കാവുന്നതാണിത്.

നടീല്‍ രീതി

സാധാരണയായി കോവലിന്റെ തണ്ട് മുറിച്ചാണ് നടുന്നത്. നല്ല കായ്ഫലമുള്ള കോവലിന്റെ തണ്ട് തെരഞ്ഞെടുക്കുക. നാലു മുട്ടുകള്‍ എങ്കിലുമുള്ള വള്ളിയാണു നടീലിനു നല്ലത്. നിലം നന്നായി കിളച്ചു കട്ടയും കല്ലും മാറ്റി കോവലിന്റെ തണ്ട് നടാം, അല്ലെങ്കില്‍ കവറില്‍ നട്ടുപിടിപ്പിച്ചു പിന്നീട് കുഴിയിലേക്കു നടാം. നടുമ്പോള്‍ കോവല്‍ തണ്ടിന്റെ രണ്ടു മുട്ട് മണ്ണിനു മുകളില്‍ നിലക്കാന്‍ ശ്രദ്ധിക്കുക. നല്ല വെയിലുള്ള ഭാഗത്താണ് നടുന്നതെങ്കില്‍ ഉണങ്ങിയ കരിയിലകള്‍ മുകളില്‍ വിതറുന്നത് നന്നായിരിക്കും. ആവശ്യത്തിനു മാത്രം നനച്ചു കൊടുക്കുക. അടിവളമായി ഉണങ്ങിയ ചാണകപ്പൊടി, കുറച്ചു എല്ല് പൊടി, വേപ്പിന്‍ പിണ്ണാക്ക് എന്നിവ വേണമെങ്കില്‍ ഇടാം. വള്ളി പടര്‍ന്നു തുടങ്ങിയാല്‍ പന്തലിട്ടു കയറ്റിവിടാം. മരങ്ങളില്‍ കയറ്റി വിടുന്നത് ഒഴിവാക്കുക, നമുക്ക് കൈയ്യെത്തി കായകള്‍ പറിക്കാന്‍ പാകത്തില്‍ പന്തല്‍ ഇട്ടു അതില്‍ കയറ്റുന്നതാണ് ഉചിതം. വേനല്‍ക്കാലത്ത് ഇടയ്ക്കിടയ്ക്ക് നനയ്ക്കുന്നത് വിളവു വര്‍ധിപ്പിക്കാന്‍ സാധിക്കും. കോവക്ക അധികം മൂക്കുന്നതിനു മുന്നേ വിളവെടുക്കാന്‍ ശ്രദ്ധിക്കുക.

പരിചണം

കോവല്‍ ചെടിക്ക് ആഴ്ചയില്‍ രണ്ടു തവണ ജലസേചനം മതിയാവും. ചെടിയുടെ വളര്‍ച്ചക്ക് പച്ചച്ചാണകം ഒഴിക്കുന്നത് നല്ലതാണ്. മാസത്തിലൊരിക്കല്‍ തടത്തില്‍ മണ്ണ് കൂട്ടികൊടുക്കണം. ഫിഷ് അമിനോ 10 മില്ലി, സ്യൂഡോമോണാസ് 5 ഗ്രാം എന്നിവ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ആഴ്ചയില്‍ ഒരിക്കല്‍ സ്പ്രേ ചെയ്യണം. കോവല്‍ ചെടിയുടെ ഇലകളില്‍ ചെറിയ പുഴുക്കുത്തുകള്‍ പോലെയുള്ള കീടാക്രമണമാണ് സാധാരണ കണ്ടുവരുന്ന പ്രശ്നം. ഇവയെ നശിപ്പിക്കാന്‍ വേപ്പെണ്ണ ചേര്‍ന്ന ജൈവ കീടനാശിനികള്‍ ആഴ്ചയിലൊരിക്കല്‍ 3 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ രാവിലെയൊ വൈകിട്ടോ സ്പ്രേ ചെയ്യണം. പച്ചച്ചാണകം, ഗോമൂത്രം, കടലപിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക്, ശര്‍ക്കര എന്നിവ ഡ്രമ്മില്‍ നിക്ഷേപിച്ച് ഒരാഴ്ചവയ്ക്കുക. ഇടയ്ക്ക് നന്നായി ഇളക്കി അടച്ചു വയ്ക്കുക. ഒരാഴ്ച കഴിയുമ്പോള്‍ ഈ ലായനി ഒരു ലിറ്റര്‍ എടുത്ത് 5 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ചുവട്ടില്‍ ഒഴിക്കുന്നത് നല്ല കായ് പിടുത്തമുണ്ടാവാന്‍ സഹായിക്കും. പഴയ കഞ്ഞി വെള്ളം ഒഴിച്ച് കൊടുക്കുന്നതും നല്ലതാണ്. സാധാരണ കോവയ്ക്കയെക്കാള്‍ നീളം കൂടിയ സുലഭ എന്നയിനം ഇപ്പോള്‍ പ്രശസ്തമാണ്. നന്നായി പരിപാലിച്ചാല്‍ മൂന്നു വര്‍ഷത്തോളം തുടര്‍ച്ചയായി കോവലില്‍ നിന്ന് വിളവ് കിട്ടും. പിന്നീട് സ്ഥലം മാറ്റി കൃഷി ചെയ്യുന്നതാണ് ഉത്തമം.

Related Topics

Share this story