Times Kerala

വിളയിക്കാം നമ്മുടെ നാട്ടിലും സ്ട്രോബറി; നൂറു മേനി വിജയവും കൊയ്യാം

 
വിളയിക്കാം നമ്മുടെ നാട്ടിലും സ്ട്രോബറി; നൂറു മേനി വിജയവും കൊയ്യാം
 

കേരളത്തില്‍ വ്യാപകമായി കൃഷിയില്ലാത്തതും എന്നാല്‍ നമുക്ക് സുപരിചിതവുമായ ഒരു പഴവര്‍ഗ്ഗവിളയാണ് സ്‌ട്രൊബെറി. മൂന്നാറിലും, വയനാട്ടിലുമാണ് ഇതിന്റെ കൃഷി വ്യാപകമായിട്ടുള്ളത്. പഴത്തിന്റെ നിറം, ഭംഗി, മണം, രുചി, മാധുര്യം എന്നീ ഗുണങ്ങളാണ് നമ്മെ സ്‌ട്രൊബെറിയിലേക്ക് ആകര്‍ഷിക്കുന്നത്. റോസേസിയേ സസ്യകുടുംബത്തില്‍പ്പെട്ട ഈ ചെടിയുടെ ശാസ്ത്രനാമം ഫഗേറിയ അനാനാസ (Fragaria ananassa)) എന്നാണ്. ലാക്ടോണ്‍സ് ലേറ്റസ്റ്റ്, റോയല്‍ സോവറിന്‍, എയര്‍ലി കേംബ്രിഡ്ജ്, ഹക്‌സിലി ജയന്റ്, ഫിനോമിനോള്‍, റോബിന്‍സണ്‍ എന്നിവയാണ് പ്രധാന ഇനങ്ങള്‍ കേരളത്തില്‍ ഹൈറേഞ്ചുകളിലാണ് സ്‌ട്രൊബെറി കൃഷിക്ക് കൂടുതല്‍ സാധ്യതയുള്ളത്. നല്ല നീര്‍വാഴ്ച്ചയുള്ള മണല്‍ കലര്‍ന്ന പശിമരാശി മണ്ണാണ് സ്‌ട്രൊബെറിക്ക് അനുയോജ്യം.


നടാന്‍ ഉദ്ദേശിക്കുന്ന സ്ഥലം നന്നായി കിളച്ചോ, ഉഴുതോ പരുവപ്പെടുത്തിയശേഷം 90 സെ.മീ.വീതിയിലും, ആവശ്യാനുസരണം നീളത്തിലും തടങ്ങള്‍ തയ്യാറാക്കണം. വള്ളിത്തലപ്പുകളാണു നടാന്‍ വേണ്ടി ഉപയോഗിക്കുന്നത്. വരികള്‍ തമ്മില്‍ 60 സെ.മീറ്ററും, ചെടികള്‍തമ്മില്‍ 50 സെ.മീറ്ററും നടീല്‍ അകലം വേണം.ഏപ്രില്‍ മെയ്യ് മാസം കാലവര്‍ഷാരംഭത്തോടെ തൈകള്‍ നടാം. വളര്‍ന്ന് വരുമ്പോള്‍ മുട്ടുകളിലെ മുകുളങ്ങള്‍ ഒടിച്ച് കളയുന്നത് കൂടുതല്‍ കായ് പിടിക്കുന്നതിനു സഹായിക്കും. നടുമ്പോഴും തുടര്‍ന്ന് വര്‍ഷത്തില്‍ ഒരു പ്രാവശ്യവും ജൈവവളം ചേര്‍ക്കണം. ഹെക്ടറിനു 20 ടണ്‍ എങ്കിലും ജൈവവളം വേണം. വേനല്ക്കാലം പുതയിടീലും, ആവശ്യാനുസരണം ജലസേചനവും നടത്തണം. എന്നാല്‍ നനയ്ക്കുമ്പോള്‍ വെള്ളം കെട്ടിനില്ക്കാതെ ശ്രദ്ധിക്കണം. ആഗസ്റ്റ് മാസത്തോടെ പുഷ്പ്പിക്കും. പുറംതൊലി പകുതിയോളം പഴുത്ത് ചുവന്ന നിറമാകുമ്പോള്‍ വിളവെടുക്കാം.
 

വൈറ്റമിന്‍ ബി, ബി 9, മാഗനീസ്, പൊട്ടാഷ് എന്നിവ ഈ പഴത്തില്‍ നല്ലതോതില്‍ അടങ്ങിയിട്ടുണ്ട് .ഹൃദ്രോഗം, പ്രമേഹം എന്നിവ ഉള്ളവര്‍ക്ക് കഴിക്കാന്‍ പറ്റിയ ഒരു പഴമാണിത്. കാര്യമായ രോഗകീടബാധാകളൊന്നും ഈ വിളയെ ബാധിക്കാറില്ല. വേരുചീയല്‍, ഇലപ്പുള്ളി രോഗം എന്നിവയാണു പ്രധാന കുമിള്‍ രോഗങ്ങള്‍ .വെള്ളം കെട്ടിനിന്നാല്‍ വേരുചീയല്‍ രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. രോഗബാധ്യതയുള്ള ചെടി പിഴുത് നശിപ്പിച്ച് തടത്തില്‍ ബോഡോ മിശ്രിതം ഒഴിക്കുകയാണ് പ്രതിവിധി. ഇലപ്പുള്ളിക്കെതിരെ ഡൈത്തേണ്‍ ങ.45 മൂന്ന് ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി തളിക്കണം. നമ്മുടെ വീട്ടുവളപ്പിലും ഒന്ന് രണ്ട് തൈകള്‍ നട്ട് വളര്‍ത്തി പരീക്ഷിക്കാവുന്നതാണ്.
 

എസ്. കെ. സുരേഷ്,
മാനേജിംഗ്ഡയറക്ടര്‍,
ദി സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്‍ ഓഫ്‌കേരളാലിമിറ്റഡ്

Related Topics

Share this story