വീട്ടുമുറ്റത്ത് സ്‌ട്രോബറി വളര്‍ത്തിയാലോ.!!

തണുപ്പുള്ള കാലാവസ്ഥയില്‍ വളരുന്ന സ്‌ട്രോബറി പഴത്തിന് ആരാധകര്‍ ഏറെയാണ്. ഐസ്‌ക്രീം, വിവിധ തരം മിഠായികള്‍ എന്നിവയില്‍ സ്‌ട്രോബറി ഉപയോഗിക്കുന്നുണ്ട്.
നമ്മുടെ വീട്ടുമുറ്റത്തും ചട്ടിയില്‍ സ്‌ട്രോബറി വളര്‍ത്താവുന്നതേയുള്ളൂ.
നല്ല മൂത്ത് പഴുത്ത സ്‌ട്രോബറി എടുത്ത് ശ്രദ്ധാപൂര്‍വം വിത്തുകള്‍ പുറത്തേക്കെടുക്കുക. പഴത്തിന്റെ മുകളില്‍ മൃദുവായി ഉരസുമ്ബോള്‍ വിത്തുകള്‍ തനിയെ താഴേക്ക് വീഴും. ഗ്രോബാഗിലാണ് വിത്തുകള്‍ നടേണ്ടത്. ചകിരിച്ചോറും കമ്ബോസ്റ്റും നിറച്ച ഗ്രോബാഗില്‍ വിത്തുകള്‍ പാകുക. എന്നിട്ട് ഈ മിശ്രിതം വിത്ത് മുകളില്‍ ചെറുതായി മൂടണം. സൂര്യപ്രകാശം വിത്തുകളില്‍ പതിക്കുന്ന തരത്തില്‍ മാത്രമേ മൂടാന്‍ പാടുള്ളൂ. ചെറിയ നന നല്‍കിയ ശേഷം സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് ഗ്രോബാഗ് വയ്ക്കുക. 15 ദിവസത്തിനകം വിത്ത് മുളയ്ക്കാന്‍ തുടങ്ങും. ഒരു മാസത്തോടെ മൂന്നു മുതല്‍ അഞ്ച് ഇലകള്‍ വരും. ഇതോടെ ചട്ടിയിലേക്ക് മാറ്റി നടാം.

നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് ചട്ടിയില്‍ ഉപയോഗിക്കേണ്ടത്. 40 ശതമാനം ജൈവ കമ്ബോസ്റ്റും 50 ശതമാനം മണ്ണും 10 ശതമാനം മണലുമാണ് ഒരു ചട്ടിയില്‍ നനയ്‌ക്കേണ്ടത്. ഇലകള്‍ വന്നു തുടങ്ങിയ തൈ ഇതിലേക്ക് മാറ്റി നടുക. നന്നായി നനച്ചു കൊടുക്കുകയും ചട്ടിയില്‍ കരിയിലകളിട്ടു കൊടുത്തു ഈര്‍പ്പം നിലനിര്‍ത്തുകയും വേണം. ചട്ടിയിലേക്ക് മാറ്റിക്കഴിഞ്ഞാല്‍ ഒരു മാസത്തിനുള്ളില്‍ ജൈവവളം ചേര്‍ത്തു കൊടുക്കണം. ഒരുമാസത്തോടെ ചെടികള്‍ വളര്‍ന്ന് പൂവിട്ട് കായ്കളുണ്ടാകും. പിന്നെ 15 ദിവസത്തോടെ ഇവ പഴുത്ത് തുടങ്ങും.