Times Kerala

 പുഷ്പകൃഷിയില്‍ നൂറുമേനി: മാതൃകയായി പാറശാല ബ്ലോക്ക് പഞ്ചായത്ത്

 
പുഷ്പകൃഷിയില്‍ നൂറുമേനി: മാതൃകയായി പാറശാല ബ്ലോക്ക് പഞ്ചായത്ത്
തിരുവനന്തപുരം: പുഷ്പകൃഷിയില്‍ നൂറുമേനിയുമായി പാറശാല ബ്ലോക്ക് പഞ്ചായത്ത്. ജനകീയസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പൂവിളി 2021-22 എന്ന പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ചത്. പലനിറത്തിലുള്ള അരളി, ജമന്തി, കുറ്റിമുല്ല, പിച്ചി എന്നീ നാല് ഇനങ്ങളാണ് ഇവിടെ കൃഷി ചെയ്തിരിക്കുന്നത്. 5 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഒരു ഏക്കറോളം വരുന്ന പൊന്‍വിള ലൂതറല്‍ എല്‍ പി സ്‌കൂളിലെ തരിശുനിലം കൃഷിയോഗ്യമാക്കിയത്.

 കുളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ലൂതറല്‍ എല്‍പി സ്‌കൂള്‍ പരിസരത്തെ 30 സെന്റ് സ്ഥലത്തും സ്‌കൂളിന്റെ തന്നെ പ്ലാമൂട്ടികടയിലുള്ള  80 സെന്റിലും ആണ് കൃഷി ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ആണ് പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ആരംഭിച്ചത്.  ജമന്തിയുടെ ആദ്യഘട്ട വിളവെടുപ്പ് മെയ് മാസത്തില്‍ പൂര്‍ത്തിയാക്കിയിരുന്നു. അത് വന്‍ വിജയമായതോടെയാണ് പുഷ്പ കൃഷി വ്യാപിപ്പിച്ചത്. പാറശ്ശാല പഞ്ചായത്തിനെ ഒരു പൂഗ്രാമം ആക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ.് കെ. ബെന്‍ ഡാര്‍വിന്‍ പറഞ്ഞു.

നിലവില്‍ ഓണ വിപണി ലക്ഷ്യമിട്ടാണ് പുഷ്പ കൃഷി ആരംഭിച്ചതെങ്കിലും തുടര്‍ന്ന് വ്യാവസായിക അടിസ്ഥാനത്തില്‍ പുഷ്പകൃഷി വ്യാപിപ്പിക്കുമെന്നും ഇതുവഴി നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിലെ തോവാളയില്‍ ലഭിക്കുന്ന അതേ വിലയിലാകും ഇവിടെ പ്രാദേശികമായി ഓണച്ചന്ത വഴി പുഷ്പങ്ങള്‍ വില്‍ക്കുക.

Related Topics

Share this story