പാലിനു തുല്യം കോവയ്ക്ക, എങ്ങനെ കൃഷി ചെയ്യാം.?
Feb 11, 2022, 12:45 IST

രോഗ പ്രതിരോധശേഷി നല്‍കാനും പ്രമേഹത്തെച്ചെറുക്കാനും കോവിലിനു പ്രത്യേക കഴിവുണ്ട്. ഏതു കാലാവസ്ഥയിലും നല്ല വിളവ് നല്‍കുന്ന കോവലിന് വലിയ പരിചരണമൊന്നും ആവശ്യമില്ല. കോവൽ നടാൻ തിരഞ്ഞെടുക്കുന്ന സ്‌ഥലം ധാരാളം സൂര്യപ്രകാശം ലഭിക്കുന്നതും എന്നാല്‍ വെള്ളം കെട്ടി നില്‍ക്കാത്ത സ്ഥലം ആവണം . മണ്ണിന്റെ PH 5.8 മുതല്‍ 6.8 വരെ മതി. വെള്ളം കെട്ടി നില്‍ക്കാന്‍ സാധ്യതയുള്ള സ്ഥലമാണെങ്കില്‍ 50 സെ.മീ ഉയരത്തില്‍ തടമെടുക്കുന്നത് നല്ലതാണ്. ചകിരിച്ചോറ്, ചാണകപ്പൊടി, എല്ലുപൊടി എന്നിവ കൂട്ടി കലര്‍ത്തി തടമെടുക്കുന്നത് നല്ല വിളവു ലഭിക്കാനും ചെടിയുടെ ആരോഗ്യത്തിനും സഹായിക്കും.ഒരു വര്‍ഷം പ്രായമായ ഉത്പാദനക്ഷമതയുള്ള കോവല്‍ ചെടികളില്‍ നിന്നും വേണം തണ്ടുകള്‍ ശേഖരിക്കാന്‍. നല്ല കരുത്തുള്ള തൈകള്‍ വേണം തെരഞ്ഞെടുക്കാന്‍. ഒരടി നീളത്തില്‍ അടിഭാഗം ചെരിച്ചു മുറിച്ചെടുക്കണം. ചകിരിച്ചോര്‍, ചാണകപ്പൊടി, മണ്ണ് എന്നിവ 1:1:1 എന്ന അനുപാതത്തില്‍ കൂട്ടി കലര്‍ത്തി വേണം ചെറിയ കൂടുകളില്‍ നിറക്കാന്‍. ഈ കവറുകളില്‍ തെരഞ്ഞെടുത്ത തണ്ടുകള്‍ നടാം. തണലുള്ള സ്ഥലത്ത് ആവശ്യത്തിന് ഈര്‍പ്പം നിലനിര്‍ത്തി കവറുകള്‍ വെയ്ക്കണം. രണ്ടാഴ്ചക്കുള്ളില്‍ പുതിയ മുളകള്‍ വന്നു തുടങ്ങും. ഈ സമയത്ത് സൂര്യപ്രകാശം കിട്ടുന്നിടത്തേക്ക് കവറുകള്‍ മാറ്റി വയ്ക്കണം. ഒരു ലിറ്റര്‍ ഗോമൂത്രം, 250 ഗ്രാം പച്ചച്ചാണകം എന്നിവ നാലു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തൈകള്‍ നനച്ച് കൊടുക്കണം. 5 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ആഴ്ചയില്‍ രണ്ടു പ്രാവശ്യം സ്‌പ്രേ ചെയ്യണം. ഒരു മാസം പ്രായമായ തൈകള്‍ പറിച്ചുനടാവുന്നതാണ്.2.5 മീറ്റര്‍ അകലത്തില്‍ വേണം തടങ്ങളെടുക്കാന്‍. 60 സെ.മീ വ്യാസവും 30 സെ.മി ആഴവുമുള്ള കുഴികളെടുത്ത് പച്ചിലകള്‍ വിതറുക. ചാണകപ്പൊടിയും വേപ്പിന്‍ പിണ്ണാക്കും കോഴിക്കാഷ്ടവുമെല്ലാം ചേര്‍ത്ത് തടങ്ങള്‍ ഒരുക്കാം.കോവല്‍ ചെടിക്ക് ആഴ്ചയില്‍ രണ്ടു തവണ ജലസേചനം മതിയാവും. ചെടിയുടെ വളര്‍ച്ചക്ക് പച്ചചാണകം ഒഴിക്കുന്നത് നല്ലതാണ്. മാസത്തില്‍ ഒരിക്കല്‍ തടത്തില്‍ മണ്ണ് കൂട്ടികൊടുക്കണം.ഫിഷ് അമിനോ 10 മില്ലി, സ്യൂഡോമോണാസ് 5 ഗ്രാം, ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ആഴ്ചയില്‍ ഒരിക്കല്‍ സ്‌പ്രേ ചെയ്യണം. കോവല്‍ ചെടിയുടെ ഇലകളില്‍ ചെറിയ പുഴുക്കുത്തുകള്‍ പോലെയുള്ള കീടാക്രമണമാണ് സാധാരണ കണ്ടുവരുന്ന പ്രശ്‌നം. ഇവയെ നശിപ്പിക്കാന്‍ വേപ്പെണ്ണ ചേര്‍ന്ന echoneem എന്ന് പേരുള്ള ജൈവ കീടനാശിനികള്‍ ആഴ്ചയിലൊരിക്കല്‍ 3 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ രാവിലെയൊ വൈകിട്ടോ സ്‌പ്രേ ചെയ്യണം. നന്നായി പരിപാലിച്ചാല്‍ ഒരു ചെടിയില്‍ നിന്നും ഒരു വര്‍ഷം 1050 കായ്കള്‍ വരെ ലഭിക്കുന്നതാണ്. മൂന്നു വര്‍ഷമാണ് കോവലിന്റെ ആയുസ്സ്. പിന്നീട് സ്ഥലം മാറ്റി കൃഷി ചെയ്യുന്നതാണ് ഉത്തമം.