Times Kerala

 അലങ്കാരച്ചെടി മാത്രമല്ല, തോരന്‍വെക്കാനും നിത്യവഴുതന.!

 
news
 

നിത്യവഴുതന, പേരില്‍ മാത്രം വഴുതനയോട് ബന്ധമുള്ള വള്ളിച്ചെടിയാണ് നിത്യവഴുതന. മനോഹരമായ പൂക്കള്‍ വിരിയുന്നതിനാല്‍ അലങ്കാര ചെടിയായും നിത്യവഴുതന വളര്‍ത്തുന്നു. പ്രത്യേകിച്ചു പരിചരണമൊന്നും വേണ്ടാത്ത ഈ ചെടിക്ക് കീടങ്ങളുടെ ആക്രമണവും വളരെ കുറവാണ്. ഒരിക്കല്‍ നട്ടാല്‍ അതിന്റെ വിത്തുകള്‍ മണ്ണില്‍ കിടന്നു വീണ്ടും തനിയെ വളര്‍ന്നു വരും. തോരന്‍, മെഴുക്കുപുരട്ടി / ഉപ്പേരി എന്നിവയുണ്ടാക്കാന്‍ അനുയോജ്യമാണ് നിത്യവഴുതന. ഗ്രാമ്പുവിന്റെ ആകൃതിയിലുള്ള കായ്കളാണ് വള്ളികളിലുണ്ടാകുക.

മതിലില്‍ പടര്‍ത്താവുന്ന വള്ളിച്ചെടി

പണ്ട് കാലത്തു നാട്ടിന്‍പുറങ്ങളിലെ വീടുകളില്‍ സാധാരണമായിരുന്നു നിത്യവഴുതന. വളരെ എളുപ്പത്തില്‍ വേലികളിലും മതിലിലും പടര്‍ന്നു പന്തലിക്കും. നട്ടു ചുരുങ്ങിയ സമയം കൊണ്ട് വള്ളികള്‍ വളര്‍ന്നു കായ്കളുണ്ടാകും. പൂക്കളാണ് പിന്നീട് കായ്കളായി മാറുന്നത്. വൈകുന്നേരങ്ങളില്‍ വിരയുന്ന പൂവിന് വയലറ്റ്, വെള്ള നിറമായിരിക്കും. പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്ന കാഴ്ച ഏറെ മനോഹരമാണ്. ഇതുകൊണ്ട് അലങ്കര ചെടിയായും നിത്യവഴുതന വളര്‍ത്തുന്നു. പൂക്കള്‍ നാല് ദിവസം കൊണ്ട് കായ് ആയിമാറും. ആദ്യനാള്‍ നൂല്‍പ്പരുവം, രണ്ടാംനാള്‍ തിരിപ്പരുവം, മൂന്നാം നാള്‍ കാന്താരി പരുവം, നാലാം നാള്‍ കറിപ്പരുവമെന്നാണ് ചൊല്ല്. അഞ്ചാം നാള്‍ മുതല്‍ കായ മൂത്ത് തുടങ്ങും. കായ നന്നായി മൂത്തുപൊയാല്‍ കറിവെക്കാന്‍ കൊള്ളില്ല. നല്ല വളര്‍ച്ചയുള്ള ചെടിയില്‍ നിന്നും ദിവസേന കാല്‍കിലോ വരെ കായ ലഭിക്കും. 

നടീല്‍ രീതി

സൂര്യപ്രകാശമുള്ള ചരല്‍ കലര്‍ന്ന മണ്ണാണ് ഇവയ്ക്ക് പറ്റിയത്. ഒന്നരയടി ആഴത്തിലും വീതിയിലും നീളത്തിലും കുഴികളെടുത്ത് മേല്‍മണ്ണും ചാണകപ്പൊടിയും ചേര്‍ത്തു മൂടിയ ശേഷം വിത്തുകളോ തൈകളോ നടാം. ഒരുതടത്തില്‍ രണ്ടു തൈകളാണ് സാധാരണ നടാറുണ്ട്. കാര്യമായ വള പ്രയോഗം ഒന്നും തന്നെ ഈ ചെടിക്ക് ആവശ്യമില്ല. ഉണങ്ങിയ ചാണകപ്പൊടി, മണ്ണിര കമ്പോസ്റ്റ്, ഇല കൊണ്ടുള്ള പുതയിടല്‍ എന്നിവയാണു സാധാരണ വള പ്രയോഗം.. മട്ടുപ്പാവിലും ഗ്രോ ബാഗിലും വളര്‍ത്താം. സാധാരണ ഗ്രോ ബാഗ് തയാറാക്കുന്നതു പോലെ തന്നെ മതി നിത്യവഴുതനയ്ക്കും. പടരാനുള്ള സൗകര്യം ഒരുക്കണമെന്നു മാത്രം. ജൈവ വളമൊരുക്കാനും നിത്യവഴുതന ഉപയോഗിക്കാം. മൂപ്പെത്താത്ത കായ പറിച്ച് നാലായി പിളര്‍ന്ന് വെള്ളത്തിലിടുക. കായയ്ക്കുള്ളിലെ റെസിന്‍ എന്ന പശയടങ്ങിയ വെള്ളം ജൈവ കീടനാശിനി കൂടിയാണ്. കാര്‍ഷിക സര്‍വ്വകലാശാലകളുടെ വിവിധ കാമ്പസുകളില്‍ നിത്യവഴുതനയുടെ വിത്ത് ലഭിക്കും.

Related Topics

Share this story