ഡ്രാഗണ്‍ ഫ്രൂട്ട് ചില്ലറക്കാരനല്ല; കേരളത്തിലും വളരും; അറിയാം കൂടുതല്‍

വിദേശരാജ്യങ്ങളില്‍ കണ്ടുവരുന്ന ഡ്രാഗണ്‍ ഫ്രൂട്ട് അഥവാ പിത്തായപ്പഴം ഇപ്പോള്‍ കേരളത്തിലും വ്യാപകമായി കൃഷിചെയ്യുന്നുണ്ട്. കള്ളിച്ചെടിയുടെ വര്‍ഗ്ഗത്തില്‍പ്പെടുന്ന പടര്‍ന്നു വളരുന്ന ഈ സസ്യം ചൂടുള്ള കാലാവസ്ഥയിലാണ് വളരുന്നത്. രൂപഭംഗികൊണ്ട് മനോഹരമായ ഈ പഴത്തിന്റെ ഉള്ളിലുള്ള മാംസളമായ ഭാഗമാണ് ഭക്ഷ്യയോഗ്യം.

മെക്‌സിക്കോയും മദ്ധ്യദക്ഷിണ അമേരിക്കയുമാണ് ഈ ചെടിയുടെ സ്വദേശങ്ങളെങ്കിലും ചൈന, വിയറ്റ്‌നാം, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുമാണ് വിപണിയിലെ പ്രധാന ഉത്പാദകര്‍.ധാരാളം ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുള്ള ഈ പഴത്തിന് ഡയബെറ്റിസ്, കൊളസ്‌ട്രോള്‍, സന്ധിവേദന, ആസ്തമ, തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്. സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ നിര്‍മാണത്തിനും ഡ്രാഗണ്‍ ഫ്രൂട്ട്, ഉപയോഗിക്കുന്നുണ്ട്. പലതരം ജാം, ജ്യൂസ്, കാന്‍ഡി, വൈന്‍ തുടങ്ങിയവയുടെ നിര്‍മ്മാണത്തിനും ഉപയോഗിക്കുന്നു.
പ്രധാനമായും മൂന്നു തരത്തിലുള്ള പിത്തായ പഴങ്ങളില്‍ ഏറ്റവും സാധാരണയായി കാണുന്നത് ഹൈഡ്രോസീറസ് അണ്ഡാറ്റസ് എന്ന ചുവപ്പന്‍ ഡ്രാഗണ്‍ ഫ്രൂട്ടാണ്, ചുവന്ന തൊലിയുള്ള ഇതിന്റെ ഉള്‍ഭാഗം വെളുത്താണ്. ഹൈഡ്രോസീറസ് കോസ്റ്റാറിസെനെസിസ് എന്ന ഇനത്തിന്റെ തൊലിയും ഉള്‍ഭാഗം ചുവപ്പാണ്. ഹൈഡ്രോസീറസ് മെഗലാന്തസ് എന്ന ഇനത്തിന്റെ തൊലി മഞ്ഞയും ഉള്‍ഭാഗം വെളുപ്പുമാണ്.
അതിവര്‍ഷമില്ലാത്ത ഉഷ്ണമേഖലാ പ്രദേശങ്ങളാണ് ഡ്രാഗണ്‍ പഴത്തിന്റെ കൃഷിക്കു ചേരുന്നത്. ചൂടുള്ള കാലാവസ്ഥയും ജൈവാംശം ഉള്ള മണല്‍മണ്ണുമാണ് ഡ്രാഗണ്‍ ഫ്രൂട്ട് വളര്‍ത്താനുള്ള ഉത്തമമായ സാഹചര്യം. കൂടാതെ ആവശ്യത്തിന് ജലം ലഭിക്കുന്നുണ്ടെന്നും ഉറപ്പു വരുത്തണം. അഞ്ച് മുതല്‍ ഏഴ് വരെയുള്ള നിലയിലായിരിക്കണം മണ്ണിന്റെ അമ്ലക്ഷാരാംശം. ഒരേക്കറില്‍ 1700 ഓളം ചെടികള്‍ നടാം. ഒരു ചെടിയില്‍നിന്നും എട്ട് മുതല്‍ പത്തുവരെ കായ്കള്‍ ലഭിക്കും. ഒരു ഫലത്തിന് 450 ഗ്രാം വരെ തൂക്കം ഉണ്ടാകും. വിപണിയില്‍ ഇപ്പോള്‍ ഈ പഴത്തിനു കിലോയ്ക്ക് 200 മുതല്‍ 300 വരെ വില ലഭിക്കുന്നുണ്ട്.
മറ്റുവിളകളെ അപേക്ഷിച്ചു ജലസേചനം കുറച്ച് മതിയെങ്കിലും വേനല്‍ക്കാലത്ത് ചെടികളില്‍ മതിയായ ജലം എത്തിക്കാന്‍ ശ്രമിക്കണം ഇതിനായി ഡ്രിപ് ഇറിഗേഷന്‍ രീതി അനുവര്‍ത്തിക്കാം. കരുത്തുള്ള മാതൃസസ്യത്തിന്റെ കാണ്ഡമാണ് പുതിയ സസ്യങ്ങള്‍ ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്. ഇതിനായി കാണ്ഡഭാഗം 20 സെന്റീമീറ്റര്‍ നീളത്തില്‍ മുറിച്ച് പോട്ടിംഗ് മിക്‌സ്ച്ചറില്‍ വളര്‍ത്തിയെടുക്കാം. വിത്തുകളെ ചുറ്റുമുള്ള മാസളഭാഗം മാറ്റി ഉണക്കി സൂക്ഷിച്ചും പുതിയ ചെടികള്‍ മുളപ്പിക്കാം. നന്നായി പാകമായ പഴങ്ങളില്‍ നിന്നുവേണം വിത്തുകള്‍ ശേഖരിക്കാന്‍. വിത്തുകളെ കമ്പോസ്റ്റിലോ ചെടിച്ചട്ടികള്‍ക്കുള്ള മണ്ണുമിശ്രിതത്തിലോ മുളപ്പിച്ചെടുക്കാം. വിതച്ച് 11 മുതല്‍ 14 വരെ ദിവസങ്ങള്‍ക്കകം വിത്തുകള്‍ മുളക്കും.
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലത്താണ് ചെടികളില്‍ പൂക്കള്‍ ഉണ്ടാകുന്നത് ഡിസംബര്‍ ആകുമ്പോയേക്കും കായ്കള്‍ മൂത്ത് പാകമെത്തും. രാത്രിയില്‍ വിടരുന്ന പൂക്കളില്‍ വവ്വാല്‍, രാത്രിശലഭങ്ങള്‍ തുടങ്ങിയ നിശാജന്തുക്കള്‍ വഴിയാണ് പരാഗണം നടക്കുന്നത്. സാഹചര്യങ്ങള്‍ അനുസരിച്ച്, വര്‍ഷത്തില്‍ മൂന്നു മുതല്‍ ആറുവരെ പ്രാവശ്യം ഈ ചെടി പുഷ്പിക്കുന്നു. പൂവിട്ട് 30 മുതല്‍ 50 ദിവസങ്ങക്കകം ഫലം പാകമാകുന്നു. ആണ്ടില്‍ അഞ്ചോ ആറോ തവണ വിളവെടുപ്പുകള്‍ സാധ്യമാണ്.