അറിയുമോ ചിരങ്ങയുടെ ഔഷധ ഗുണങ്ങൾ.!

ചിരങ്ങ, ചുരക്ക, ചുരങ്ങ, ചെരവക്കായ എന്നിങ്ങനെയുള്ള പേരുകളില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ അറിയപ്പെടുന്ന ഈ പച്ചക്കറി ഏറെ ഔഷധ ഗുണമുള്ളതാണ്. മത്തന്‍, വെള്ളരി എന്നിവയെപ്പോലെ വള്ളിയായി പടര്‍ന്നാണ് ചിരങ്ങ വളരുക. ചിരങ്ങ താളിച്ചു വയ്ക്കുന്നത് ഒരുകാലത്ത് മലയാളിയുടെ പ്രധാന കറികളിലൊന്നായിരുന്നു. എന്നാല്‍ പുതുതലമുറയ്ക്ക് ചിരങ്ങയെക്കുറിച്ച് വലിയ ധാരണയില്ല. ഫെബ്രുവരി, മാര്‍ച്ച്, മെയ് മാസങ്ങളാണ് ചിരങ്ങ നടാന്‍ അനുയോജ്യം. വിറ്റാമിന്‍ സി,ബി3, കാല്‍സ്യം, അയണ്‍ എന്നിവ ധാരാളം ചിരങ്ങയില്‍ അടങ്ങിയിട്ടുണ്ട്.

നടുന്ന രീതി
മണ്ണ് കൊത്തിയിളക്കി ജൈവവളങ്ങായ എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക്, എന്നിവ മണ്ണില്‍ കൂട്ടിയിളക്കി ഒരടി ഉയരത്തില്‍ തടങ്ങളെടുത്ത് രണ്ടോ മൂന്നോ വിത്തുകള്‍ പാവുക. ചെടികള്‍ പടര്‍ന്ന് വള്ളി വീശുമ്പോള്‍ പന്തലിട്ടു കൊടുക്കുന്നത് നല്ലതാണ്. മണ്ണിവൂടെയും ചിരങ്ങയുടെ വള്ളികള്‍ വളരും. മരത്തില്‍ വള്ളി കയറ്റിയും വളര്‍ത്താം. നട്ട് 45-50 ദിവസങ്ങള്‍ കൊണ്ടു തന്നെ ചിരങ്ങ പൂവിടും. കായ് മൂപ്പെത്തുന്നതിന് മുന്‍പ് ഇളം പരുവത്തില്‍ പറിച്ചു കറിവയ്ക്കുന്നതാണ് നല്ലത്. പ്രമേഹമുള്ളവര്‍ക്ക് ഏറെ നല്ലതാണ് ചിരങ്ങ വിഭവങ്ങള്‍. ഗ്രോ ബാഗിലും ടെറസിലും ചിരങ്ങ വളര്‍ത്താം. ടെറസില്‍ വള്ളികളായി പടര്‍ത്തിയാല്‍ വീടിന് നല്ല തണുപ്പും ലഭിക്കും.
പരിചരണം
വലിയ തോതിലുള്ള കീടബാധയൊന്നും ചിരങ്ങയെ സാധാരണ ബാധിക്കാറില്ല. ഇലകളില്‍ ബാധിക്കുന്ന കീടങ്ങളെ വേപ്പെണ്ണ മിശ്രിതം, വെളുത്തുള്ളി കഷായം തുടങ്ങിയ ഉപയോഗിച്ച് നേരിടാം. ഇടയ്ക്ക് പച്ചച്ചാണകം വെള്ളത്തില്‍ കലക്കി ഒഴിച്ചു കൊടുക്കുന്നത് വളര്‍ച്ച എളുപ്പത്തിലാക്കും.