തൊഴിലുറപ്പ് പദ്ധതിയില്‍ ക്ഷീര കര്‍ഷകരും; വ്യത്യസ്ഥ ചുവടുമായ് മാനന്തവാടി നഗരസഭ
Oct 14, 2022, 13:57 IST

വയനാട്: അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി ക്ഷീരമേഖലയിലേക്കും വ്യാപിപ്പിച്ച് വേറിട്ട മാതൃക തീര്‍ക്കുകയാണ് മാനന്തവാടി നഗരസഭ. ക്ഷീരമേഖലയിലേക്ക് തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിക്കുന്നതിലൂടെ മുപ്പതിനായിരത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് നഗരസഭ. പദ്ധതിക്കായി ഒരു കോടിയോളം രൂപ മാറ്റിവെക്കാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്. ക്ഷീര കര്‍ഷകര്‍ക്ക് ഗുണകരമാകുന്ന പദ്ധതിയുടെ മേറ്റ്മാര്‍ക്കുള്ള പരിശീലനം നല്‍കിയിരുന്നു. രണ്ടു പശുക്കളുള്ളതും പത്ത് ലിറ്ററില്‍ കുറയാതെ പാല്‍ അളക്കുന്നതുമായ കര്‍ഷകര്‍ക്ക് ഒരു ദിവസത്തെ തൊഴിലുറപ്പ് വേതനം ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ നഗരസഭ ലക്ഷ്യമിടുന്നത്. ഇതു വഴി ആയിരത്തോളം ക്ഷീരകര്‍ഷക കുടുംബങ്ങള്‍ക്ക് വേതനം ഉറപ്പിക്കാന്‍ കഴിയും. ഒരു കുടുംബത്തിന് ഒരു വര്‍ഷം മുപ്പത് തൊഴില്‍ ദിനങ്ങളിലെ വേതനമാണ് ലഭിക്കുക. തൊഴിലുറപ്പ് പദ്ധതി ക്ഷീരമേഖലയിലുള്‍പ്പെടുത്തുന്ന വയനാട്ടിലെ ആദ്യത്തെയും കേരളത്തിലെ രണ്ടാമത്തെയും നഗരസഭയായി മാറാന്‍ ഒരുങ്ങുകയാണ് മാനന്തവാടി നഗരസഭ. കേരളത്തില്‍ ഇതിന് മുമ്പ് തൊടുപുഴ നഗരസഭയാണ് തൊഴിലുറപ്പ് പദ്ധതി ക്ഷീര മേഖലയിലുള്‍പ്പെടുത്തിയിരുന്നത്. പദ്ധതിവഴി മാനന്തവാടി നഗരസഭാ പരിധിയിലെ ക്ഷീര കര്‍ഷകര്‍ക്ക് സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താനും ക്ഷീരമേഖലയെ പിടിച്ചു നിര്‍ത്താനും കഴിയും. ഇതിനായി ക്ഷീര കര്‍ഷകരില്‍ നിന്നും അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങി. പശുക്കളെ ഇന്‍ഷൂര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള വിവരങ്ങള്‍ അടങ്ങിയ അപേക്ഷയാണ് ഇതിനായി സമര്‍പ്പിക്കേണ്ടത്. അപേക്ഷകളിന്‍മേലുള്ള തൊഴിലുറപ്പ് മേറ്റുമാരുടെ പരിശോധനക്ക് ശേഷം കേരളപ്പിറവി ദിനമായ നവംബര്‍ 1 മുതല്‍ മസ്റ്റര്‍ റോള്‍ വിതരണം ചെയ്യാനുള്ള ഒരുക്കത്തിലാണ് നഗരസഭാ അധികൃതര്‍.