Times Kerala

 കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കറിവേപ്പ്.! നടുന്ന രീതിയും, രോഗപ്രതിരോധവും

 
 കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കറിവേപ്പ്.! നടുന്ന രീതിയും, രോഗപ്രതിരോധവും
 

ഏതു കറിക്കു മുകളിലും കുറച്ചു കറിവേപ്പിലകള്‍ വിതറുന്നത് മലയാളിയുടെ ശീലമാണ്. ഭക്ഷണം കഴിക്കുമ്പോള്‍ നിഷ്‌കരുണം നമ്മള്‍ കറിവേപ്പിലയെ എടുത്തു കളയുന്നു. ഇതു കൊണ്ട് കറിവേപ്പില പോലെ എന്ന പ്രയോഗം പോലുമുണ്ടായി. പക്ഷേ കറിവേപ്പിന്റെ ഗുണങ്ങള്‍ നമ്മുടെ പൂര്‍വികര്‍ എന്നേ മനസിലാക്കി. അതു കൊണ്ടാണ് അടുക്കളത്തോട്ടത്തില്‍ കറിവേപ്പിന് വലിയ സ്ഥാനം നല്‍കിയത്. വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി, വിറ്റാമിന്‍ ഡി എന്നിവ കറിവേപ്പില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ലുക്കീമിയ, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ എന്നിവയെ ചെറുക്കാനും പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും കറിവേപ്പില സഹായിക്കും. ഇന്നു വിപണിയില്‍ ലഭിക്കുന്ന കറിവേപ്പില്‍ എന്‍ഡോസള്‍ഫാന്‍ അടക്കമുള്ള കീടനാശിനികള്‍ തളിച്ചവയാണ്. മനുഷ്യശരീരത്തില്‍ വലിയ പ്രശ്‌നങ്ങളാണ് ഇവ ഉണ്ടാക്കുന്നത്. അടുക്കളത്തോട്ടത്തില്‍ ഏറ്റവുമെളുപ്പം നട്ടുവളര്‍ത്താവുന്ന ചെടിയാണ് കറിവേപ്പ്. ശ്രീലങ്കയാണ് കറിവേപ്പിന്റെ ജന്മദേശം.

നടുന്ന രീതി

ഇളക്കമുള്ള മണ്ണും, വെള്ളം കെട്ടി കിടക്കാത്ത സ്ഥലത്തും വേണം കറിവേപ്പില നടാന്‍. തടം കോരിയ ശേഷം ചാണകപ്പൊടി, മണ്ണിര കമ്പോസ്റ്റ് എന്നിവ കൂട്ടികലര്‍ത്തി അടിവളമായി ഉപയോഗിക്കാം. ഒന്നരയടി സമചതുരത്തിലും താഴ്ചയിലും ഉണങ്ങിയ കാലിവളമിട്ട് മൂടിയ തടത്തിലാണ് കരിവേപ്പ് നടേണ്ടത്. നല്ല മണമുള്ള കരിവേപ്പിന്റെ വേരില്‍നിന്ന് മുളച്ചുവരുന്ന തൈകള്‍ വേര്‍പ്പെടുത്തി വേര് പിടിപ്പിച്ചതിനുശേഷം നടാവുന്നതാണ്. എട്ടു-പത്ത് ദിവസത്തിനകം തൈയ്ക്ക് പുതിയ വേരു മുളച്ചു തുടങ്ങും. ചെടികളുടെ വളര്‍ച്ചക്കനുസരിച്ച് ജൈവ വളവും ചെടിയില്‍ നിന്ന് അല്‍പ്പം മാറി നല്‍കണം. ചെടി ഒരുവിധം വളര്‍ച്ചയെത്തിയതിനുശേഷമേ ഇലകള്‍ പറിക്കാവൂ. ചാണകവെള്ളം- കടലപ്പിണ്ണാക്ക് മിശ്രിതത്തിന്റെ തെളിനീര് ഒഴിച്ചാല്‍ ചെടി പെട്ടെന്ന് വളരാനും നല്ല ഇലകള്‍ തളിക്കാനും സഹായിക്കും. ശരിയായ രീതിയില്‍ പരിപാലിച്ചാല്‍ ഒരു മനുഷ്യായുസ്സിനൊപ്പം കറിവേപ്പും വളരുമെന്നാണ് പറയപ്പെടുന്നത്. ഇലകള്‍ ആവശ്യാനുസരണം ഓരോന്നായി പറിക്കുന്നതിനുപകരം ചെറുതണ്ടുകള്‍ ഒടിച്ചെടുക്കുകയാണ് വേണ്ടത്.

രോഗപ്രതിരോധം

1.കരിവേപ്പില പ്രധാന പ്രശ്‌നം ഇലമുരടിപ്പാണ്. മണ്ഡരി, മുഞ്ഞ എന്നിവയുടെ ആക്രമം മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതിനെ നിയന്ത്രിക്കുന്നതിനുവേണ്ടി 5% വീര്യമുള്ള വേപ്പിന്‍കുരു സത്ത് ലായനിയോ 10% വീര്യമുള്ള കിരിയാത്ത് സോപ്പ് ലായനിയോ രണ്ടാഴ്ച ഇടവിട്ട് ഇലകളില്‍ തളിച്ചുകൊടുക്കണം.
2.പസിലൊമൈസിസ് എന്ന ജീവാണുക്കള്‍ മണ്ഡരികളെ നിയന്ത്രിക്കാന്‍ ഫലപ്രദമാണ്. 15 ഗ്രാം പസിലൊമൈസിസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന കണക്കില്‍ ഇലകളില്‍ തളിച്ചുകൊടുക്കുക.
3.ഇലകളില്‍ പ്രത്യേകിച്ച് ഇലയുടെ അടിഭാഗത്ത് വെള്ളം ശക്തിയായി സ്‌പ്രേ ചെയ്യുന്നതിലൂടെ മണ്ഡരികളെ ഒഴുക്കിക്കളയാനാകും.
3.തലേദിവസത്തെ പുളിച്ച കഞ്ഞിവെള്ളം ഇലകളിലെ രണ്ടു വശത്തും കിട്ടത്തക്കവിധം തളിച്ചുകൊടുക്കുന്നത് നല്ലതാണ്.
4.നീരൂറ്റിക്കുടിക്കുന്ന നൂറ് കണക്കിന് മുഞ്ഞകള്‍ മൂലം ഇലകള്‍ മുരടിച്ച് ചെറുതാക്കുന്നത് കാണാം ഇവയെ നിയന്ത്രിക്കാന്‍ 2% വീര്യമുള്ള വെളുത്തുള്ളി – വേപ്പണ്ണ മിശ്രിതമോ വേപ്പതിഷ്ടിത കീടനാശിനികളായ നിംപിസിഡിന്‍, സിമാസാള്‍ എന്നിവയോ രണ്ട് – മൂന്ന് മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി സ്‌പ്രേ ചെയ്യുന്നതും കീടങ്ങളെ ഒഴിവാക്കാം.

Related Topics

Share this story