Times Kerala

 എളുപ്പത്തില്‍ ചെയ്യാം കുറ്റിപ്പയർ കൃഷി.! ഗ്രോബാഗ്, ചട്ടി, പ്ലാസ്റ്റിക്‌ ചാക്ക് എന്നിവയിലും വിളയിക്കാം 

 
 എളുപ്പത്തില്‍ ചെയ്യാം കുറ്റിപ്പയർ കൃഷി.! ഗ്രോബാഗ്, ചട്ടി, പ്ലാസ്റ്റിക്‌ ചാക്ക് എന്നിവയിലും വിളയിക്കാം 
 

മലയാളികളുടെ തീന്മേശയിൽ സ്ഥിരം വിഭവമാകാറുള്ള ഒരു പച്ചക്കറി ഇനമാണ് പയർ. വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന പയര്‍ ഏത് കാലാവസ്ഥയിലും നന്നായി വളരും എന്നതാണ് പ്രത്യേകത.പലയിനം പയര്‍ കൃഷി ചെയ്യാറുണ്ട്. കുറ്റി പയര്‍, ഇറച്ചി പയർ, പടരുന്നവ, വള്ളി പയര്‍. ഇതിൽ കുറ്റിപ്പയർ കൃഷി അധികം ആരും ചെയ്യാറില്ല.നാടന്‍ കുറ്റിപ്പയര്‍ ഇനങ്ങള്‍ക്കു പുറമേ കനകമണി, കൈരളി, വരുണ്‍, അനശ്വര തുടങ്ങിയവയും ഭാഗികമായി കുറ്റിപയര്‍ ഇനങ്ങള്‍ ആണ്.കാര്‍ഷിക സര്‍വകലാശാലയുടെ ഔട്ട് ലെറ്റുകളില്‍ നിന്ന് വിത്തുകള്‍ ലഭിക്കും.വളരെ ലാഭകരവും അദ്ധ്വാനമില്ലാത്തതുമായ ഈ കൃഷി രീതി എങ്ങനെയാണെന്ന് നോക്കാം.

കുറ്റിപ്പയറിന് പടരാൻ പ്രത്യേക സ്ഥലം വേണ്ട എന്നതാണ് പ്രത്യേകത. കുറ്റിപയറിന് പൊതുവെ വലുപ്പമുള്ള കായ്കളാണ്. ഇവയ്ക്ക് അധിക പരിപാലനം ആവശ്യമില്ല. ഗ്രോബാഗ്, ചട്ടി, പ്ലാസ്റ്റിക്‌ ചാക്ക് എന്നിവയിൽ പയര്‍ കൃഷി ചെയ്യാം. വിത്ത് പാകിയാണ് തൈകള്‍ മുളപ്പിക്കേണ്ടത്. വിത്ത് മുളച്ചു രണ്ടാഴ്ച്ചയ്ക്ക് ശേഷം തൈകൾ മാറ്റി നടാം. ആരോഗ്യമുള്ള തൈകള്‍ മാത്രം നടുക. നടുന്നതിന് മുന്‍പ് വിത്തുകള്‍ അര മണിക്കൂര്‍ വെള്ളത്തില്‍ അല്ലെങ്കില്‍ സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) ലായനിയില്‍ മുക്കി വെക്കുന്നത് നല്ലതാണ്. വിത്തുകള്‍ വേഗം മുളക്കാന്‍ ഇത് സഹായിക്കും. വിത്തുകള്‍ പാകുമ്പോള്‍ അധികം ആഴം പാടില്ല. രാവിലെയും വൈകുന്നേരവും ചെറുതായി വെള്ളം തളിച്ച് കൊടുക്കേണ്ടത് അനിവാര്യമാണ്. മണ്ണ് നന്നായി കിളച്ച ശേഷം ഉണങ്ങിയ ചാണകപ്പൊടി, എല്ലുപൊടി കൂടെ ഒരു ചെടിക്ക് 100 ഗ്രാം എന്ന കണക്കില്‍ വേപ്പിന്‍ പിണ്ണാക്കും ഇടണം. വൈകുന്നേരമാണ് പയര്‍ പറിച്ചു നടേണ്ടത്. ചെടി നട്ടു കഴിഞ്ഞ് കുറച്ചു ദിവസത്തേക്ക് വളം ഇടരുത്.

ചെടി വളര്‍ന്നു മൂന്നു ആഴ്ചക്ക് ശേഷം കടല പിണ്ണാക്ക് ഇടണം. കുറച്ചു വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്ത് ചെടിയുടെ ചുവട്ടില്‍ നിന്നും ഒരടി മാറി മണ്ണ് മാറ്റി ഇട്ടു കൊടുക്കുക. ഏറ്റവും മികച്ച വളം ആണിത്. രണ്ടാഴ്ച്ച കൂടുമ്പോള്‍ സ്യുടോമോണസ് ചെടിയുടെ ചുവട്ടില്‍ ഒഴിച്ച് കൊടുക്കുന്നതും നല്ലതാണ്. ഫിഷ്‌ അമിനോ ആസിഡ്, കടല പിണ്ണാക്ക് എന്നിവയൊക്കെ മികച്ച വളമായി നല്‍കാം. കൃത്യമായ ഇടവേളകളില്‍ വളമിടുന്നത് മികച്ച കായ്ഫലം നല്‍കും.നാടന്‍ പയറിനങ്ങളെ കീടങ്ങള്‍ ബാധിക്കാറില്ലെങ്കിലും ചിലപ്പോള്‍ മുഞ്ഞയുടെ ആക്രമണം ഉണ്ടാകാറുണ്ട്. പുളിയുറുമ്പ് പ്രയോഗം നടത്താം. തണ്ട് തുരപ്പന് തടത്തില്‍ കുറച്ചു വേപ്പിന്‍ പിണ്ണാക്ക് നടുന്നതിന് മുന്‍പും ചെടി വലുതായ ശേഷവും പൊടിച്ചിടുക, ഇടയ്ക്ക് വേപ്പെണ്ണ എമല്‍ഷന്‍ തളിക്കുക. കായകള്‍ അധികം മൂക്കുന്നതിനു മുന്‍പ് പറിക്കണം.

Related Topics

Share this story