ചതുരപ്പയര്‍ കൃഷി; അറിയേണ്ടതെല്ലാം...

പോഷക ഗുണത്തിന്റെ കാര്യത്തില്‍ ചീരയും ക്യാരറ്റും ബീന്‍സുമെല്ലാം ചതുരപ്പയറിന് മുന്നില്‍ തോറ്റു പോകും. മാംസ്യം, ഇരുമ്പ്, പൊട്ടാസ്യം, കാല്‍സ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള ഒരു വിളയാണിത്. ചിലയിടങ്ങളില്‍ ഇതിനെ ഇറച്ചിപ്പയര്‍ എന്നും വിളിക്കാറുണ്ട്. കായ്കളും പൂവും ഇലയും വേരുമടക്കം എല്ലാ ഭാഗവും പച്ചക്കറിയായി ഉപയോഗിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. മണ്ണിന്റെ ഗുണം വര്‍ധിപ്പിക്കാനും മണ്ണില്‍ നൈട്രജന്റെ അളവ് കൂട്ടാനും ഈ വിള സഹായിക്കും. കാര്യമായ രോഗകീടങ്ങളുടെ ആക്രമണങ്ങള്‍ ഇല്ല എന്നതും മറ്റൊരു പ്രത്യേകതയാണ്.

ഓഗസ്റ്റ് – സെപ്റ്റംബര്‍ മാസങ്ങളിലാണ് ചതുരപയര്‍ കൃഷി ചെയ്യേണ്ടത്. നേരത്തെ നട്ടാലും ഒക്ടോബര്‍ മാസത്തില്‍ മാത്രമേ ചതുരപ്പയര്‍ പൂവിടാറുള്ളൂ.
ഇനങ്ങള്‍ ഏതെല്ലാം.?
രേവതി, പി. ടി 62, പി.ടി 16, പി. ടി 2 എന്നിവയാണ് പ്രധാന ഇനങ്ങള്‍
നടേണ്ടത് എങ്ങനെ.?
തടങ്ങളില്‍ ആണ് ചതുരപയര്‍ നടേണ്ടത്. വരികള്‍ തമ്മില്‍ ഒന്നേകാല്‍ മീറ്ററും ചെടികള്‍ തമ്മില്‍ അര മീറ്ററും അകലം നല്‍കാന്‍ ശ്രദ്ധിക്കണം. പന്തലുകളിലോ വേലിയിലോ ചതുരപയര്‍ പടര്‍ത്താം. നടുന്നതിനു മുന്‍പ് ആറുമണിക്കൂര്‍ വിത്ത് കുതിര്‍ക്കാന്‍ വയ്ക്കുന്നത് പെട്ടെന്ന് മുളച്ചു കിട്ടാന്‍ സഹായിക്കും.
വളപ്രയോഗം എങ്ങനെ.?
പയര്‍ നടുന്ന സമയത്ത് അടി വളമായി ജൈവവളം ചേര്‍ക്കാം. ഇതിനോടൊപ്പം ഒരു സെന്റിന് 28 കിലോഗ്രാം പച്ചിലയും 400 ഗ്രാം ചാരവും 1200 ഗ്രാം റോക്ക് ഫോസ്‌ഫേറ്റും ചേര്‍ക്കുന്നത് നല്ലതാണ്. രണ്ടാഴ്ചത്തെ ഇടവേളയില്‍ ജൈവവളം നല്‍കുന്നത് നല്ല വിളവ് കിട്ടാന്‍ സഹായിക്കും. അല്ലെങ്കില്‍ രണ്ടാഴ്ച്ചയിലൊരിക്കല്‍ പഞ്ചഗവ്യമോ വെര്‍മിവാഷോ ചെടിയില്‍ തളിച്ചു കൊടുക്കാവുന്നതാണ്. അധിക ശിഖരങ്ങള്‍ നുള്ളി കളയുന്നത് നന്നായി പുഷ്പിക്കാനും നല്ല വിളവ് നല്‍കാനും സഹായിക്കും. ജലസേചനം മിതമായി മാത്രം നല്‍കാന്‍ ശ്രദ്ധിക്കണം.
പ്രത്യേക പരിചരണങ്ങള്‍ ഒന്നുമില്ലെങ്കിലും സാമാന്യം നല്ല വിളവ് നല്‍കാന്‍ ഈ വിളക്ക് സാധിക്കും. കേരളത്തിലെ കാലാവസ്ഥയ്ക്ക് ഉത്തമമായ ഒരു വിള കൂടിയാണ് ചതുരപ്പയര്‍. സ്ഥലപരിമിതി ഉള്ളവര്‍ക്ക് ഗ്രോബാഗിലോ ചാക്കിലോ മട്ടുപ്പാവിലും ചതുരപ്പയര്‍ കൃഷിചെയ്യാം.