Times Kerala

 കണികാണാനും കറിവെയ്ക്കാനും വെള്ളരി; കൃഷി രീതി നോക്കാം 

 
 കണികാണാനും കറിവെയ്ക്കാനും വെള്ളരി; കൃഷി രീതി നോക്കാം 
 

ഐശ്വര്യത്തിന്റെ പ്രതീകമാണ് വെള്ളരി. വിഷുപ്പുലരിയില്‍ കണിയൊരുക്കുന്നതില്‍ പ്രധാന ഇനമാണ് വെള്ളരി. ഇതിനെല്ലാം പുറമെ നിരവധി ഗുണങ്ങള്‍ നിറഞ്ഞ പച്ചക്കറി കൂടിയാണ് വെള്ളരി. പ്രധാന സൗന്ദര്യ വര്‍ധക വസ്തുവാണ് വെള്ളരി. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ എന്നീ വിറ്റാമിനുകളും മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും വെള്ളരിയില്‍ ധാരാളം അടങ്ങിയിരിക്കുന്നു. കൊളസ്‌ട്രോളും ഫാറ്റുമില്ലാത്ത വെള്ളരി എല്ലാ രോഗികള്‍ക്കും കഴിക്കാം. കുടലിന്റെ സുഗമമായ പ്രവര്‍ത്തനത്തിനും വെള്ളരി സഹായിക്കുന്നു. വെള്ളരി മുറിച്ച് കഷ്ണങ്ങളാക്കി കണ്ണിന് മുകളില്‍ വയ്ക്കുന്നത് നല്ലതാണ്. കണ്ണിനു താഴെയുള്ള കറുത്ത പാടുകള്‍ മാറാന്‍ ഇതു സഹായിക്കും. ഇന്ത്യയാണ് വെള്ളരിയുടെ സ്വദേശം.


നടുന്ന രീതി

വെള്ളരി കൃഷി ചെയ്യാന്‍ ഏറ്റവും ഉചിതമായ സമയം സെപ്തംബര്‍ – ഒക്‌ടോബര്‍, ഡിസംമ്പര്‍-മാര്‍ച്ച്്് മാസങ്ങളാണ്. ജൈവ വളങ്ങളും ചാണകപ്പൊടിയും ചേര്‍ത്ത് തടങ്ങള്‍ നിര്‍മിച്ചാണ് വെള്ളരി കൃഷി ചെയ്യേണ്ടത്. രോഗ പ്രതിരോധ ശേഷിയുള്ള മുടിക്കോട് ലോക്കല്‍, സൗഭാഗ്യ, അരുണ തുടങ്ങിയ ഇനം വിത്തുകള്‍ ശേഖരിച്ച് തടങ്ങള്‍തമ്മില്‍ 2 x1.5 മീറ്റര്‍ അകലത്തില്‍ വിത്തുകള്‍ പാകി വെള്ളരി നടാം. 20-25 ദിവസം കൊണ്ടു തന്നെ വെള്ളരി വള്ളി വീശി തുടങ്ങും. പ്രധാനമായും നിലത്തു കൂടി വള്ളി വീശിയാണ് വെള്ളരി കായിക്കുന്നത്. പന്തലില്‍ കയറ്റിവിട്ടും വെള്ളരി കൃഷിചെയ്യാം. 15 ദിവസം കൂടുമ്പോള്‍ ജൈവ വളങ്ങള്‍( ചാണകപ്പൊടി, പച്ചില കമ്പോസ്റ്റ്്്, ചാരം ) കൊടുത്ത് പരിപാലിച്ചാല്‍ നല്ല ഫലം ലഭിക്കും.

രോഗപ്രതിരോധം

വെള്ളരിയെ ആക്രമിക്കുന്ന പുഴുക്കളെ അകറ്റാന്‍ പത്ത് ഗ്രാം ബിവേറിയ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി സ്‌പ്രേ ചെയ്യുന്നതും, സസ്യാമൃത് എന്ന കീടനാശിനിയും നൂറ് ഗ്രാം കാന്താരി മുളക് ഒരു ലിറ്റര്‍ ഗോ മൂത്രത്തില്‍ അരച്ചുചേര്‍ത്ത് എട്ട് ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് തളിക്കുന്നത്് വളരെ ഫലപ്രദമാണ്്. വണ്ട്, പ്രാണി എന്നിവര്‍ക്കെതിരേ രണ്ട് ശതമാനം വീര്യമുള്ള വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ഉപയോഗിക്കുന്നത് പ്രാണികളെയും വണ്ടുകളെയും അകറ്റാന്‍ ഒരു പരിധിവരെ സഹായകരമാകും. മുഞ്ഞ, വെള്ളീച്ച, മണ്ഡരി എന്നിവ വെള്ളരിയെ ആക്രമിക്കുന്ന ശത്രുക്കളാണ്. ഇതിനെതിരേ വേപ്പണ്ണ വെളുത്തുള്ളി എമല്‍ഷന്‍ നല്ലതാണ്. കാ ഈച്ച ആക്രമത്തെ തടയാന്‍ ചെറുപ്രായത്തില്‍ വെള്ളരി കടലാസുകൊണ്ടോ പോളിത്തീന്‍ കവറുകൊണ്ടോ പൊതിഞ്ഞുകൊടുക്കുന്നത് നല്ലതാണ്.

Related Topics

Share this story