Times Kerala

 മല്ലിയില, വീട്ടിൽ തന്നെ വളർത്താം.!

 
 മല്ലിയില, വീട്ടിൽ തന്നെ വളർത്താം.!
 

കറിവേപ്പിലെ പോലെ നമ്മള്‍ വിഭവങ്ങള്‍ക്ക് മണവും രുചിയും ലഭിക്കാന്‍ ഉപയോഗിക്കുന്നതാണ് മല്ലിയിലയും. മല്ലിയില ഭക്ഷണത്തില്‍ ഉപയോഗിച്ചാല്‍ നിരവധി ഗുണങ്ങളുമുണ്ട്. ഇതര സംസ്ഥാനത്ത് നിന്നുമെത്തുന്ന മല്ലിയിലാണ് മലയാളിയിപ്പോള്‍ ഉപയോഗിക്കുന്നത്. അതിമാരകമായ കീടനാശിനികള്‍ പ്രയോഗിച്ചാണ് ഇവ പലപ്പോഴും നമ്മുടെ അടുക്കളയിലേക്ക് അവിടെ നിന്നും ഭക്ഷണത്തിലേക്കും എത്തുന്നത്. ചിലപ്പോള്‍ ഉണങ്ങി പഴകിയ മല്ലിയിലയായിരിക്കും കടയില്‍ നിന്നു ലഭിക്കുക. ഇതില്‍ നിന്നെല്ലാം രക്ഷനേടാം അടുക്കളത്തോട്ടത്തില്‍ കുറച്ച് മല്ലി നടാം. വലിയ പരിചരണം ഒന്നും കൂടാതെ ഇവ അടുക്കളത്തോട്ടത്തിലും ടെറസിലുമെല്ലാം വളര്‍ന്നു കൊള്ളും.

മല്ലി വിത്ത്

കടയില്‍ നിന്നും വാങ്ങുന്ന മല്ലിയുടെ വിത്ത് മുളച്ചെന്നു വരില്ല. ഇതിനാല്‍ വിത്ത് തന്നെ വാങ്ങി ഉപയോഗിക്കുക. എന്നാല്‍ കടയില്‍ നിന്നു കിട്ടുന്ന മല്ലി നടത്ത് വിജയകരമായി കൃഷി നടത്തിയവരുമുണ്ട്. പക്ഷെ, ഈ വിത്ത് മുളയ്ക്കുകയെന്ന് കര്‍ഷകന്റെ ഭാഗ്യം പോലിരിക്കും. ഇതിനാല്‍ പരീക്ഷണത്തിന് മുതിരാതെ വിത്ത് വാങ്ങി വിതയ്ക്കുകയാണ് നല്ലത്. കടയില്‍ നിന്നും ലഭിക്കുന്നത് പുതിയ മല്ലിയാണെങ്കില്‍ മുളയ്ക്കാനുള്ള സാധ്യത കൂടുതലാണ്.

നടുന്ന രീതി

പരന്ന രൂപത്തിലുള്ള ഗ്രോബാഗ്, പ്ലാസ്റ്റിക് കവര്‍,ചട്ടി, ചാക്ക് എന്നിവയിലെല്ലാം മല്ലി നടാം. ചുരുങ്ങിയത് നാല് ഇഞ്ച് ആഴമെങ്കിലും ഉണ്ടാകണം നടുന്ന ചാക്കിനും ചട്ടിക്കും. വെള്ളം വാര്‍ന്നു പോകാന്‍ മൂന്നോ നാലോ ദ്വാരം വേണം. അധികം ഈര്‍പ്പം കെട്ടിനിന്നാല്‍ വിത്ത് മുളയ്ക്കില്ല. കല്ലും കട്ടയും നീക്കിയ മണല്‍, മണ്ണ്, ജൈവവളം എന്നിവ 1:2:1 എന്ന അനുപാതത്തില്‍ കലര്‍ത്തിയ മിശ്രിതം നിറയ്ക്കുക. മുഴുവനായുള്ള മല്ലികള്‍ അമര്‍ത്തി പകുതിയാക്കിവേണം പാകാന്‍. പാകിക്കഴിഞ്ഞാല്‍ മിതമായി നനച്ചുകൊടുക്കണം.

പരിചരണം

നട്ട് ഒരാഴ്ചയാവുമ്പോള്‍ മല്ലി കിളിര്‍ത്തു തുടങ്ങും. ഈ സമയത്തും ഈര്‍പ്പം കെട്ടി നില്‍ക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം. കിളിര്‍പ്പ് ഒരടി ഉയരത്തിലാകുന്നതോടെ ഓരോ ദിവസവും ആവശ്യത്തിനുള്ളത് പറിച്ചെടുത്ത് ഉപയോഗിക്കാം.

Related Topics

Share this story