വീട്ടുവളപ്പിൽ ഏലവും കാപ്പിയും വിളയിക്കാം; തൈകളുമായി പാലയാട് കോക്കനട്ട് നേഴ്സറി
Oct 1, 2022, 13:36 IST

കണ്ണൂർ: വീട്ടാവശ്യത്തിനുള്ള ഏലവും കാപ്പിയും വിളയിക്കാൻ സഹായവുമായി പാലയാട് സ്റ്റേറ്റ് കോക്കനട്ട് നേഴ്സറി. ഇതിനായി അത്യുൽപ്പാദന ശേഷിയുള്ള ഞല്ലാനി ഏലം, ഹൈബ്രിഡ് കാപ്പി എന്നിവയുടെ തൈ വിതരണം ആരംഭിച്ചു. ഒരു വീട്ടിൽ ഒരു ഏലത്തൈയും കാപ്പിയും എന്ന ലക്ഷ്യവുമായാണ് പദ്ധതി നടപ്പാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ 300 തൈകളാണ് വിതരണം ചെയ്തത്. ആവശ്യക്കാരുള്ളതിനാൽ 1000 തൈകൾ കൂടി വിൽപ്പനയ്ക്ക് ലഭ്യമാക്കുമെന്ന് നേഴ്സറി അസി. ഡയറക്ടർ ബിജു ജോസഫ് പറഞ്ഞു. 40 രൂപയാണ് ഒരു ഏല ത്തൈയുടെ വില. ഒരാൾക്ക് പരമാവധി രണ്ട് മാസം പ്രായമായ മൂന്ന് തൈകളാണ് നൽകുക. 18 മാസം കൊണ്ട് കായ്ക്കുന്ന ഞല്ലാനി ഇനം ഏലം ഈർപ്പമുള്ള സ്ഥലങ്ങളിൽ കൃഷി ചെയ്യുന്നതാണ് ഉത്തമം.ജൈവവള പ്രയോഗമാണ് ഏലത്തിന് നല്ലത്. ഒരു ചെടിയിൽ നിന്നും ശരാശരി 10 മുതൽ 15 കിലോ വരെ ഏലം ലഭിക്കും. കേരളത്തിന്റെ പൊതുവായ കാലാവസ്ഥക്ക് അനുയോജ്യമായ ഇനം ഏലമാണ് ഞല്ലാനി. കുമിൾ നാശിനി ഉപയോഗിച്ചാൽ ചെടിക്കുണ്ടാകുന്ന അഴുകൽ രോഗം തടയാനാകും.രണ്ട് വർഷം കൊണ്ട് കായ്ക്കുന്ന കാപ്പിയുടെ സങ്കരയിനമായ ഹൈബ്രിഡ് കാപ്പി തൈ പത്ത് രൂപ നിരക്കിലാണ് ലഭിക്കുക. കാവേരി, റോബസ്റ്റ എന്നിവയുടെ സങ്കരയിനമാണിത്. അടുക്കള മുറ്റത്ത് ഉൾപ്പടെ ഇത് കൃഷി ചെയ്യാം. താരതമ്യേന പൊക്കം കുറഞ്ഞ ഇനമാണിത്. ഏലം, കാപ്പി തൈകൾക്ക് പുറമെ ഹൈബ്രിഡ് കുരുമുളക് ഫലവൃക്ഷ തൈകൾ, അലങ്കാര ചെടികൾ, ഔഷധ ചെടികൾ, പച്ചക്കറി തൈകൾ തുടങ്ങിയവും ഇവിടെ ലഭ്യമാണ്.