മീന്‍ കറിവയ്ക്കാന്‍ വെണ്ടയ്ക്ക ഉപയോഗിക്കുമോ…? അതിനു പുളിവെണ്ട തന്നെ വേണം.!!

വെണ്ടയ്ക്കയിട്ട് സാമ്പാര്‍ വയ്ക്കുന്നത് സ്ഥിരമാണ്. എന്നാല്‍ മീന്‍ കറിവയ്ക്കാന്‍ വെണ്ടയ്ക്ക ഉപയോഗിക്കുമോ…? മീന്‍ കറിവെയ്ക്കാന്‍ ഉപയോഗിക്കുന്ന വെണ്ടയാണ് പുളിവെണ്ട. വെണ്ടയുടെ കുടുംബത്തില്‍പ്പെട്ട സസ്യമായ ഇതു മത്തിപ്പുളി, മീന്‍പുളി, ചെമ്മീന്‍ പുളി എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. അരമീറ്റര്‍ മുതല്‍ മൂന്നു മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഒരു കുറ്റിച്ചെടിയാണ് പുളിവെണ്ടയുടേത്. ഇതിന്റെ മാംസളവും പുളിരസമുളളതുമായ പുഷ്പകോശം ആണ് ഭക്ഷ്യയോഗ്യമായ ഭാഗം.

ചുവന്നതും പച്ചനിറത്തിലുള്ളതുമായി പുളിവെണ്ടകള്‍ കണ്ടുവരുന്നു. ഇതില്‍ ചുവന്നതാണ് കൂടുതല്‍ ഉപയോഗത്തിലുള്ളത്. അച്ചാര്‍, ചമ്മന്തി,പുളിങ്കറി, മീന്‍കറി എന്നിവയുണ്ടാക്കാന്‍ പുളിവെണ്ട നല്ലതാണ്. കായ്കളെ പൊതിഞ്ഞിരിക്കുന്ന പുളിരസമേറിയ ദളങ്ങള്‍ കറിയുണ്ടാക്കാന്‍ ഉപയോഗിക്കുന്നു. പുളിവെണ്ടയുടെ ഇളം തണ്ടും ഇലകളും ഉപ്പും പച്ചമുളകും ചേര്‍ത്തരച്ച് ചട്ണിയുണ്ടാക്കാറുണ്ട്.
വിത്ത് പാകിയാണ് തൈകള്‍ മുളപ്പിച്ചെടുത്താണ് പുളിവെണ്ട നടുക. വേരുപിടിപ്പിച്ച കമ്പുകള്‍ നട്ടും പുളിവെണ്ട വച്ചു പിടിപ്പിക്കാം. അടുക്കളത്തോട്ടത്തിലും ടെറിസിലും നടാന്‍ ഉത്തമമാണ് പുളിവെണ്ട, ഗ്രോ ബാഗിലും ചെടിച്ചട്ടിയിലും നന്നായി വളരും. ചാണകമാണ് ഇതിന് ഉത്തമവളം. നന്നായി നനച്ചുകൊടുത്താല്‍ നല്ല വിളവ് കിട്ടും. 60 സെന്റീമീറ്റര്‍ അകലത്തില്‍ ചാലുകളെടുത്ത് 30 സെന്റീ മീറ്റര്‍ അകലത്തിലായി വിത്ത് പാകാം. ചെടി പൂത്ത് 15 മുതല്‍ 20 ദിവസത്തിനുളളില്‍ പാകമായവ പറിച്ചെടുക്കാം. നല്ല ചുവപ്പു നിറമാര്‍ന്നവയാണ് ഇത്തരത്തില്‍ പറിച്ചെടുക്കുന്നത്. നവംബര്‍ മുതല്‍ ജനുവരി വരെയാണ് വിളവെടുപ്പ്. ഒരു ചെടിയില്‍ നിന്നും ഉദ്ദേശം ഒരു കിലോഗ്രാം വരെ പുളിവെണ്ട ലഭിക്കും.
ജീവകം സിയുടെയും ആന്റി ഓക്‌സിസെന്റുകളുടെയും ഉത്തമ കലവറയാണീ വിള. ജാം, ജെല്ലി, അച്ചാര്‍, സ്‌ക്വാഷ് എന്നിവ ഇതില്‍ നിന്നുണ്ടാക്കിവരുന്നു. ചിലതരം ക്യാന്‍സര്‍ തടയാന്‍ വരെ പുളിവെണ്ടയുടെ ഉപയോഗം സഹായിക്കും. ‘സ്‌കര്‍വി’ രോഗം തടയാനും ഇത് നല്ലതാണിത്. ഇതിന്റെ ഇല, ചെടിത്തണ്ട് എന്നിവ ചതച്ച് വെള്ളം തിളപ്പിച്ചത് കുടിച്ചാല്‍ വയറുവേദന ശമിക്കുമെന്നാണ് പഴമക്കാര്‍ പറയുന്നത്. ശരീരത്തിന്റെ വേദന, നീര്, ഇവ മാറുന്നതിന് പുളിവെണ്ടയുടെ ഇലയിട്ടുവെന്ത വെള്ളത്തില്‍ കുളിക്കുന്നതും നല്ലതാണ്. ആരോഗ്യത്തിനും കറിവെയ്ക്കാനും ഏറെ ഉത്തമമായ പുളിവെണ്ടയിപ്പോള്‍ നാട്ടിന്‍പുറങ്ങളില്‍പ്പോലും കാണാന്‍ പ്രയാസമാണ്. എളുപ്പത്തില്‍ വളരുന്ന പുളിവെണ്ട അടുക്കളത്തോട്ടത്തില്‍ നടേണ്ടത് അത്യാവശ്യമാണ്. വലിയ തരത്തിലുള്ള കീടരോഗ ബാധയും ഈ ചെടിക്ക് ഏല്‍ക്കില്ല.