Times Kerala

 ആരോഗ്യഗുണങ്ങളുടെ കലവറയാണ് ക്യാബേജ്; കൃഷി രീതി നോക്കാം...

 
 ആരോഗ്യഗുണങ്ങളുടെ കലവറയാണ് ക്യാബേജ്; കൃഷി രീതി നോക്കാം...
 

ആരോഗ്യകരമായ പല ഗുണങ്ങളും കാബേജിനുണ്ട്. ഇത് കൊണ്ട് പല വിധത്തിലുള്ള ആരോഗ്യപ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും.

കാല്‍സ്യത്തിന്റേയും മഗ്നീഷ്യത്തിന്റേയും കലവറയാണ് കാബേജ്.

ഇത് എല്ലിന്റേയും പല്ലിന്റേയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. അതുകൊണ്ട് തന്നെ കാബേജ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.പൊട്ടാസ്യത്തിന്റെ അളവും കാബേജില്‍ വളരെ കൂടുതലാണ്. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറക്കുന്നതിനും ഹൃദയാഘാത സാധ്യത ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

സള്‍ഫര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ കാബേജിന് ക‍ഴിയും.അണ്ഡാശയ ക്യാന്‍സറിനെ ഇല്ലാതാക്കാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് കാബേജ്.വിറ്റാമിന്‍ ബി1, ബി2 എന്നിവ ധാരാളം കാബേജില്‍ ഉണ്ട്. ഇത് ചര്‍മ്മത്തിനും മുടിക്കും കരളിനും കണ്ണിനും ആരോഗ്യം നല്‍കാന്‍ സഹായിക്കുന്നു.

കൃഷിരീതി നോക്കാം,

ഒരു ശീതകാല വിളയാണ് ക്യാബേജ്. തണുപ്പുള്ള ഇടങ്ങളിലാണ് നന്നായി വിളവ് നല്‍കുന്നത്. എന്നാല്‍ ഹൈബ്രിഡ് ഇനങ്ങളുടെ വരവോടെ കഥ മാറി. ചൂടുള്ളതും ആര്‍ദ്രതയേറിയതുമായ കേരളത്തിലെ കാലാവസ്ഥയിലും കൃഷി ചെയ്യാന്‍ ഉതകുന്ന ഹൈബ്രിഡ് ഇനങ്ങള്‍ ഇന്ന് ലഭ്യമാണ്. മലയാളിയുടെ അടുക്കള തോട്ടങ്ങളില്‍ ക്യാബേജ് ഇന്ന് ഇടം നേടി കഴിഞ്ഞു.

സങ്കരയിനങ്ങളായ എന്‍ എസ് 43, എന്‍ എസ് 183, എന്‍ എസ് 160 എന്നിവ കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഇനങ്ങളാണ്.

നല്ല വളക്കൂറും നീര്‍വാര്‍ച്ചയുമുള്ള മണ്ണാണ് കാബേജിന് നല്ലത്. ജൈവാംശം കൂടുതലുള്ള മണ്ണില്‍ നല്ല വിളവ് നല്‍കും. ഉയര്‍ന്ന താപനിലയും വരള്‍ച്ചയും വിളവിനെ ദോഷകരമായി ബാധിക്കുന്നു. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ് വിത്തുകള്‍ നഴ്സറിയില്‍ വിതയ്ക്കേണ്ടത്.

വിത്തു വിതയ്ക്കുന്നതിന് നന്നായി സൂര്യപ്രകാശം ലഭിക്കുന്നതും നീര്‍വാര്‍ച്ചയുള്ളതുമായ സ്ഥലം തിരഞ്ഞെടുക്കണം. തൈകള്‍ ചീഞ്ഞു പോകുന്നത് ഒഴിവാക്കാന്‍ വിത്ത് പരിചരണം നടത്തേണ്ടത് ആവശ്യമാണ്. ഒരു ഗ്രാം ബാവിസ്റ്റിന്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായനിയില്‍ അരമണിക്കൂര്‍ വിത്ത് മുക്കിവച്ചശേഷം വിതയ്ക്കുന്നതാണ് നല്ലത്. സ്യൂഡോമോണാസ് ഫ്ളൂറസന്‍സ് 10 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തടത്തില്‍ ഒഴിക്കുന്നതും നല്ലതാണ്. തവാരണകളിലോ പ്രോട്രേകളിലോ വിത്ത് പാകാം. തവാരണകളില്‍ പാകുമ്ബോള്‍ ഒരു സെന്റീമീറ്റര്‍ താഴ്ചയിലും 5 സെന്റീമീറ്റര്‍ അകലത്തിലും വരിവരിയായി വിത്തുകള്‍ നിരത്തണം

ഒരു മാസം മുതല്‍ ഒന്നര മാസം വരെ പ്രായമായ തൈകളാണ് പറിച്ചു നടേണ്ടത്. 10 സെന്റീമീറ്റര്‍ നീളവും 6, 7 ഇലകളുമുള്ള തൈകളാണ് തിരഞ്ഞെടുക്കേണ്ടത്. 60 സെന്റീമീറ്റര്‍ അകലത്തില്‍ ചാലുകള്‍ എടുത്ത് അതില്‍ 45 സെന്റീമീറ്റര്‍ അകലത്തില്‍ തൈകള്‍ നട്ടു പിടിപ്പിക്കാം.

വളപ്രയോഗം

മണ്ണിന്റെ അമ്ലതയ്ക്കനുസരിച്ച്‌ ഒന്നു മുതല്‍ മൂന്ന് കിലോഗ്രാം കുമ്മായം അല്ലെങ്കില്‍ ഡോളമൈറ്റ്, നടുന്നതിന് മുന്‍പ് മണ്ണില്‍ ചേര്‍ക്കണം. കുമ്മായം ചേര്‍ത്ത് പത്ത് ദിവസങ്ങള്‍ക്ക് ശേഷം അടിവളം നല്‍കാം.ഒരു സെന്റിന് 100 കിലോ ജൈവവളം വേണ്ടിവരും. വേപ്പിന്‍ പിണ്ണാക്ക് തുടക്കത്തില്‍ നല്‍കുന്നത് കീടശല്യം ഒഴിവാക്കാന്‍ സഹായിക്കും. നേര്‍വളങ്ങള്‍ രണ്ടുതവണയായി വേണം നല്‍കാന്‍. ഒരു സെന്റിന് 651 ഗ്രാം യൂറിയ, 2220 ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 417 ഗ്രാം പൊട്ടാഷ് എന്നിവ നടുന്ന സമയത്ത് നല്‍കണം. നട്ട് ഒരു മാസത്തിനുശേഷം 651 ഗ്രാം യൂറിയ 417 ഗ്രാം പൊട്ടാഷ് എന്നിവ ചേര്‍ത്തു കൊടുക്കാം.

ഇടയ്ക്ക് വേരുകള്‍ക്ക് ദോഷം വരാത്ത രീതിയില്‍ മണ്ണിളക്കി കൊടുക്കുന്നത് നല്ലതാണ്. പറിച്ചു നട്ട ഉടനെ തന്നെ ആദ്യത്തെ ജലസേചനം നല്‍കണം. തുടര്‍ന്ന് മൂന്ന് നാല് ദിവസത്തെ ഇടവേളയില്‍ ആവശ്യാനുസരണം നനച്ചു കൊടുക്കാം. മൂപ്പെത്തിയ ചെടികള്‍ക്ക് ജലസേചനം നല്‍കുമ്ബോള്‍ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളം അധികമായാല്‍ ചെടിയുടെ തലപൊട്ടി പിളരാന്‍ സാധ്യതയുണ്ട്. ക്യാബേജ് വിളവെടുപ്പ് വൈകിയാല്‍ തല പിളര്‍ന്ന് വിപണന യോഗ്യമല്ലാതായിമാറും.

രോഗ കീട നിയന്ത്രണ മാര്‍ഗങ്ങള്‍

വേരു വീക്കം

രോഗം ബാധിച്ച ചെടികളുടെ ഇലകള്‍ വാടി ഇളം പച്ച നിറത്തിലോ മഞ്ഞനിറത്തിലോ കാണാം. രാത്രി കാലങ്ങളില്‍ ഇത്തരം ഇലകള്‍ പൂര്‍വ്വ സ്ഥിതിയിലാകും. ഇത്തരം ചെടിയുടെ വേരുകള്‍ അസാധാരണമാംവിധം വീര്‍ത്തിരിക്കുന്നത് കാണാം. ക്രമേണ ഇത് ചീഞ്ഞു പോവുകയും ചെയ്യും. രോഗത്തെ നിയന്ത്രിക്കാനായി വിള പരിക്രമണം നടത്തണം. തോട്ടങ്ങളില്‍ നീര്‍വാര്‍ച്ച ഉറപ്പുവരുത്തണം. രോഗകീടബാധ ഏല്‍ക്കാത്ത ചെടികള്‍ മാത്രം നടാനായി ഉപയോഗിക്കാം. അടിവളമായി കുമ്മായം ചേര്‍ക്കാന്‍ മറക്കരുത്. രോഗം ബാധിച്ച ചെടികള്‍ വേരോടെ പിഴുതുമാറ്റി നശിപ്പിക്കുകയും വേണം. സ്യൂഡോമോണാസ് ഫ്ളൂറസന്‍സ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചുവട്ടില്‍ ഒഴിച്ചു കൊടുക്കുന്നതും ഈ രോഗബാധ ഉണ്ടാകാതിരിക്കാന്‍ സഹായിക്കും.

കരുംകാലുരോഗം

ചെടിയുടെ കട ഭാഗത്ത് കറുത്ത പാടുകള്‍ ഉണ്ടാകുന്നതും അവ ചെടിയില്‍ മുഴുവനായി വ്യാപിച്ചു ചെടി നശിച്ചു പോകുന്നതും കാണാം. ഇതാണ് കരുംകാലുരോഗം . രോഗം നിയന്ത്രിക്കാനായി ട്രൈക്കോഡര്‍മ സമ്ബുഷ്ടീകരിച്ച ജൈവവളം ചുവട്ടില്‍ ചേര്‍ത്തുകൊടുക്കാം.

ക്യാബേജ് ചീയല്‍

ഇലകളില്‍ തവിട്ടുനിറത്തിലുള്ള പുള്ളികള്‍ പ്രത്യക്ഷപ്പെടുകയും പിന്നീട് ചെടി ചീഞ്ഞു നശിക്കുകയും ചെയ്യുന്ന രോഗമാണ് ക്യാബേജ് ചീയല്‍. രോഗം ബാധിച്ച ഇലകള്‍ മുറിച്ചുമാറ്റി നശിപ്പിക്കണം. ക്യാബേജ് ഉണ്ടായി വരുമ്ബോള്‍ തന്നെ സ്യൂഡോമോണാസ് ഫ്ളൂറസന്‍സ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കണം.

ഇല ചീയല്‍

ഇലയുടെ അഗ്രഭാഗത്ത് നനഞ്ഞ പാടുകള്‍ ഉണ്ടാകുകയും പിന്നീട് അത് ഞരമ്ബുകളില്‍ പടരുകയും ചെയ്യുന്ന രോഗമാണ് ഇല ചീയല്‍. വി ആകൃതിയിലാണ് മഞ്ഞളിപ്പ് കാണുന്നത്. ക്രമേണ ഈ ഭാഗം കറുത്ത് ചീയും . അഴുകി ദുര്‍ഗന്ധം ഉണ്ടാകുകയും ചെയ്യും. ഈ ബാക്ടീരിയ രോഗത്തെ നിയന്ത്രിക്കാനായി രോഗപ്രതിരോധ ശേഷിയുള്ള ഇനങ്ങള്‍ കൃഷി ചെയ്യാനായി തിരഞ്ഞെടുക്കാം. പൂസ മുക്ത, പൂസ സുഭ്ര എന്നിവ രോഗപ്രതിരോധശേഷിയുള്ള ഇനങ്ങളാണ്.

കീടനിയന്ത്രണം

വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം, വേപ്പിന്‍കുരു സത്ത്, കാന്താരി മിശ്രിതം എന്നിങ്ങനെയുള്ള ജൈവകീടനാശിനികള്‍ കൃത്യമായ അളവില്‍ രണ്ടാഴ്ച ഇടവിട്ട് ചെടികളില്‍ തളിച്ചു കൊടുക്കുന്നതും കീടാക്രമണങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്നതും ഒരു പരിധിവരെ ക്യാബേജിനെ ആക്രമിക്കുന്ന കീടങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കും

Related Topics

Share this story