Times Kerala

 ബുദ്ധിവികസിക്കാന്‍ ബെസ്റ്റാണ് ബ്രഹ്മി.!

 
 ബുദ്ധിവികസിക്കാന്‍ ബെസ്റ്റാണ് ബ്രഹ്മി.!
 

ഔഷധ രംഗത്ത് ഒഴിച്ചു കൂട്ടാന്‍ പറ്റാത്ത സസ്യമാണ് ബ്രഹ്മി. പണ്ടുമുതല്‍തന്നെ ഗര്‍ഭസ്ഥശിശുവിന്റെ ബുദ്ധിവികാസത്തിന് ഗര്‍ഭിണികള്‍ക്കും ജനിച്ച ശിശുക്കള്‍ക്കും ബ്രഹ്മി ഔഷധങ്ങള്‍ കൊടുത്തിരുന്നു. ബ്രഹ്മിയുടെ ഗുണങ്ങള്‍ സഹസ്രയോഗത്തില്‍ വ്യക്തമാക്കുന്നുണ്ട്. ബുദ്ധിശക്തി, ഓര്‍മ്മശക്തി എന്നിവ വര്‍ദ്ധിപ്പിക്കാന്‍ നല്ലതാണിത്. പ്രമേഹം, കുഷ്ഠം, രക്തശുദ്ധീകരണം, അപസ്മാരം, ഭ്രാന്ത്, ബുദ്ധിവികാസം എന്നിവയ്ക്കായള്ള ഔഷധങ്ങളില്‍ ബ്രഹ്മി പ്രധാനമാണ്. മുടിവളര്‍ച്ചക്കുമുള്ള ഔഷധങ്ങളിലെ ചേരുവയായിട്ടും ബ്രഹ്മി ഉപയോഗിക്കുന്നു. ബ്രഹ്മിനീരില്‍ വയമ്പ് പൊടിച്ചിട്ട് ദിവസേന രണ്ടുനേരം കഴിച്ചാല്‍ അപസ്മാരം മാറും. ബ്രഹ്മി പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് അപസ്മാരത്തിന് നല്ലതാണ്. ബ്രഹ്മിനീര് പാലിലോ നെയ്യിലോ ദിവസേന രാവിലെ സേവിക്കുന്നത് ഓര്‍മ്മശക്തിക്ക് നല്ലതാണ്. ബ്രഹ്മിനീരും വെണ്ണയും ചേര്‍ത്ത് രാവിലെ പതിവായി ഭക്ഷണത്തിന് മുമ്പ് സേവിച്ചാല്‍ കുട്ടികളുടെ ബുദ്ധിവകാസം മെച്ചപ്പെടും. ബ്രഹ്മി അരച്ച് അഞ്ചു ഗ്രാം വീതം അതിരാവിലെ വെണ്ണയില്‍ ചാലിച്ച് കഴിക്കുന്നത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കും. ബ്രഹ്മിനീരില്‍ തേന്‍ ചേര്‍ത്ത് കുട്ടികള്‍ക്ക് കൊടുക്കുന്നത് ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കാന്‍ നല്ലതാണ്.

ബ്രഹ്മി നിഴലില്‍ ഉണക്കിപ്പൊടിച്ചത് അഞ്ചു ഗ്രാം വീതം പാലിലോ, തേനിലോ പതിവായി കഴിച്ചാല്‍ ഓര്‍മ്മക്കുറവു കുറക്കാം. ബ്രഹ്മി നെയ്യില്‍ വറുത്ത് പാലുകൂട്ടി നിത്യവും വൈകീട്ട് സേവിച്ചാല്‍ നിത്യയൗവ്വനം ലഭിക്കുമെന്നാണ് പറയുന്നത്. ദിവസവും കുറച്ച് ബ്രഹ്മി പാലില്‍ ചേര്‍ത്തു കഴിച്ചാല്‍ ജരാനരകളകറ്റി ദീര്‍ഘകാലം ജീവിക്കാം. സാരസ്വതാരിഷ്ടം, പായാന്തക തൈലം, ബ്രഹ്മിഘൃതം, മഹാമഞ്ചിഷ്ടാദി കഷായം, മാനസമിത്രം ഗുളിക എന്നിവ ബ്രഹ്മി ചേര്‍ത്ത പ്രധാന ഔഷധങ്ങളാണ്.

ബ്രഹ്മി വളര്‍ത്താം

ഈര്‍പ്പമുള്ള പ്രദേശം, കുളങ്ങള്‍, പാടം എന്നിവിടങ്ങളില്‍ ബ്രഹ്മി വളര്‍ത്താം. കുളങ്ങള്‍ക്ക് അരികിലും വരമ്പുകളിലും ബ്രഹ്മി നന്നായി വളരും. വേരോടു കൂടി പറിച്ചെടുത്ത ബ്രഹ്മിയാണ് നടേണ്ടത്. വേരു പിടിക്കുന്നതു വരെ വെള്ളം നിയന്ത്രിക്കണ്ടത് അത്യാവശ്യമാണ്. ബ്രഹ്മി വളര്‍ന്നു തുടങ്ങിയാല്‍ ദിവസവും നനയ്ക്കണം. മറ്റു ചെടികളെ ബ്രഹ്മിക്കിടയില്‍ വളരാന്‍ അനുവദിക്കരുത്. മൂന്നോ നാലോ മാസത്തിനു ശേഷം ആവശ്യത്തിന് പറിച്ചെടുക്കാം. പൊട്ടിച്ചെടുക്കുന്നതിന് അനുസരിച്ച് ബ്രഹ്മി വളരും. ചാണകപ്പൊടി, ചാരം, നല്ലവണ്ണം പൊടിഞ്ഞ കമ്പോസ്റ്റ് എന്നിവ ചേര്‍ത്തു കൊടുക്കുന്നത് ശക്തിയായി ബ്രഹ്മി വളരാന്‍ സഹായിക്കും.

Related Topics

Share this story