ചട്ടിയിലും ഗ്രോബാഗിലും ബ്രഹ്മി വളര്‍ത്താം

കുട്ടികള്‍ക്ക് ബുദ്ധി വളരാനും ഓര്‍മശക്തി വര്‍ധിപ്പിക്കാനും ബ്രഹ്മി സ്ഥിരമായി ഉപയോഗിക്കുന്നതു സഹായിക്കും. കുട്ടികള്‍ക്ക് ചെറുപ്പത്തില്‍ ബ്രഹ്മിയുടെ നീരു നല്‍കുന്ന പതിവ് ഇപ്പോഴുമുണ്ട്. നമ്മുടെ വീട്ടില്‍ പണ്ടുകാലത്ത് ബ്രഹ്മി ധാരാളം വളരുമായിരുന്നു. എന്നാല്‍ ഇന്നു ബ്രഹ്മി വളര്‍ത്തുന്നവര്‍ അപൂര്‍വമാണ്. ഈ അവസരം മുതലെടുത്ത് വന്‍കിട കമ്പനികള്‍ ബ്രഹ്മിയുടെ ഉത്പന്നങ്ങള്‍ വന്‍ തോതില്‍ വിപണിയില്‍ വിറ്റഴിക്കുന്നുണ്ട്. ഇവയില്‍ പലതും ആരോഗ്യത്തിന് ഹാനികരമായ പലതരം രാസവസ്തുക്കള്‍ കലര്‍ത്തിയവയുമാണ്. കുറച്ചു സമയം ചെലവഴിച്ചാല്‍ വീട്ടില്‍ നമുക്ക് തന്നെ ബ്രഹ്മി വളര്‍ത്താവുന്നതേയുള്ളൂ.

ഈര്‍പ്പം നിര്‍ബന്ധം
ധാരാളം ഈര്‍പ്പം ലഭിക്കുന്ന സ്ഥലത്തും ചതുപ്പുകളിലുമാണ് ബ്രഹ്മി നന്നായി വളരുക. പണ്ടു പാടത്തിന്റെ വരമ്പുകളിലും കുളക്കടവിലുമെല്ലാം ബ്രഹ്മി നന്നായി വളരുമായിരുന്നു. അമിതമായ കീടനാശിനികളുടെ ഉപയോഗം ബ്രഹ്മി നശിക്കാന്‍ കാരണമായി. നല്ല പോലെ വെള്ളം ലഭ്യമാക്കാന്‍ കഴിയുമെങ്കില്‍ വീട്ടിലും ബ്രഹ്മി വളര്‍ത്താം. വലിയ പരിചണം കൂടാതെ തന്നെ ബ്രഹ്മി നന്നായി വളരും.
ചട്ടിയിലും ഗ്രോബാഗിലും
ഗ്രോബാഗിലും ചട്ടിയിലും ബ്രഹ്മി നന്നായി വളരും. സാധാരണ ഗ്രോബാഗ് നിറയ്ക്കാന്‍ ഉപയോഗിക്കുന്ന മിശ്രിതം തന്നെ മതി ബ്രഹ്മിക്കും. മൂന്നു ചട്ടി മണല്‍-മണ്ണ്, മൂന്നു ചട്ടി ചാണകപ്പൊടി അല്ലെങ്കില്‍ കമ്പോസ്റ്റ്, ഒരു കിലോ വേപ്പിന്‍ പിണ്ണാക്ക് എന്നിവ കൂട്ടിക്കലര്‍ത്തി മിശ്രിതം തയാറാക്കാം. ചട്ടിക്കും കവറിനും അടിഭാഗത്ത് വെള്ളം ഒഴിഞ്ഞു പോകാന്‍ സുഷിരമിടണം. ഒരു ചട്ടിയില്‍ വേരിന്റെ ഭാഗമുള്ള രണ്ടോ മൂന്നോ തണ്ട് ബ്രഹ്മി നടാം. മണ്ണിനു മുകളില്‍ എപ്പോഴും നില്‍ക്കുന്ന രീതിയിലായിരിക്കണം വെള്ളത്തിന്റെ അളവ്. പടര്‍ന്നു തുടങ്ങിയാല്‍ ആവശ്യത്തിന് അനുസരിച്ച് ഇലയോട് കൂടി തണ്ടുകള്‍ മുറിച്ചെടുത്ത് ഉപയോഗിക്കാം.