Times Kerala

 കയ്പ്പില്ലാത്ത പാവക്ക കന്റോല.!!

 
 കയ്പ്പില്ലാത്ത പാവക്ക കന്റോല.!!
 

പാവലിന്റെ കുടുംബത്തില്‍ പെട്ട ഒരു പച്ചക്കറി വിളയാണ് കന്റോല. കയ്പ്പില്ലാത്ത പാവക്ക എന്നാണ് പൊതുവേ കന്റോല അറിയപ്പെടുന്നത്.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് കന്റോല കേരളത്തില്‍ എത്തുന്നത്. സാധാരണ പാവലില്‍ നിന്നും വ്യത്യസ്‌തമായി ഉരുണ്ട രൂപവും നീളത്തിലുള്ള ഞെട്ടുമാണ് കന്റോലയെ വേറിട്ട് നിറുത്തുന്നത്. കേരളത്തിലെ കാലാവസ്ഥയില്‍ കൃഷി ചെയ്യാന്‍ അനുയോജ്യമായ പച്ചക്കറി വിള കൂടിയാണ് കന്റോല. പാവല്‍ പടര്‍ത്തുന്നതുപോലെ പന്തലിട്ട് വേണം കന്റോലയും വളര്‍ത്താന്‍.

നല്ല സൂര്യപ്രകാശമുള്ളിടത്ത് നല്ല വിളവ് ലഭിക്കും.കിഴങ്ങാണ് നടീല്‍ വസ്‌തു. വലിയ കിഴങ്ങുകളാണെങ്കില്‍ മുറിച്ച്‌ വെയിലത്ത് വച്ചുണക്കിയ ശേഷം ഓരോ കുഴികളിലായി നടാവുന്നതാണ്. ചെറിയ കിഴങ്ങുകള്‍ അതുപോലെ തന്നെ നട്ടാല്‍ മതിയാകും. ചാണകപ്പൊടിയും ചകിരിച്ചോറും നിറച്ച കുഴികളില്‍ വേണം കിഴങ്ങുകള്‍ നടാന്‍.

ആണ്‍-പെണ്‍ ചെടികള്‍ ഇടകലര്‍ത്തി വേണം നടാന്‍. കന്റോലയ്‌ക്ക് കൃത്രിമ പരാഗണം വേണം നടത്താന്‍. കിഴങ്ങ് നട്ടു കഴിഞ്ഞാല്‍ ഏതാണ്ട് രണ്ട് മാസത്തിനുള്ളില്‍ പൂവിട്ട് തുടങ്ങും. ആണ്‍ചെടികളിലെ പൂക്കളിലെ പൂമ്ബൊടി പെണ്‍പൂക്കളിലേക്ക് കൈകൊണ്ട് പരാഗണം ചെയ്‌താലേ കായ്ഫലമുണ്ടാകൂ.

ഇവയ്‌ക്ക് സ്വന്തമായി പരാഗണം നടത്താനുള്ള കഴിവില്ല. കഴിവതും രാവിലെ തന്നെ പരാഗണം നടത്താന്‍ ശ്രദ്ധിക്കണം. പരാഗണം നടന്ന് കഴിഞ്ഞാല്‍ രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ വിളവെടുക്കാനാകും. കായ്‌കള്‍ മഞ്ഞ നിറമാകുന്നതിന് മുന്നേ തന്നെ വിളവെടുക്കണം.

നിറം മാറിക്കഴിഞ്ഞാല്‍ സ്വാദ് കുറയും. ഇലകളില്‍ ബാധിക്കുന്ന കീടബാധയാണ് പ്രധാന പ്രശ്‌നം. വേപ്പെണ്ണ മിശ്രിതം സ്പ്രേ ചെയ്‌ത് കൊടുത്താല്‍ ആ പ്രശ്‌നം മാറിക്കിട്ടും. വിളവെടുപ്പ് കഴിയുന്നതോടെ ആണ്‍ പെണ്‍ ചെടികളുടെ കിഴങ്ങുകള്‍ പ്രത്യേകമായെടുത്ത് സൂക്ഷിക്കാവുന്നതാണ്.

Related Topics

Share this story