Times Kerala

ബീറ്റ്‌റൂട്ട് ഗ്രോബാഗിലും കൃഷി ചെയ്യാം...

 
 ആരോഗ്യത്തിന്റെ കലവറ ബീറ്റ്‌റൂട്ട്, ഗ്രോബാഗിലും വളർത്താം.!

 

മാധുര്യമുള്ള പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. പ്രത്യേക രുചിയായതിനാല്‍ എല്ലാവര്‍ക്കും ഇഷ്ടമാകണമെന്നുമില്ല. എന്നാല്‍ ബീറ്റ്‌റൂട്ടിന് നിങ്ങളറിയാത്ത ചില ഗുണങ്ങളുണ്ട്. 

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു

നിങ്ങള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള വ്യക്തിയാണോ? എങ്കില്‍ ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് ശീലമാക്കൂ. ദിവസവും 250 മില്ലി ലിറ്റര്‍ ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നതിലൂടെ സിസ്റ്റോളിക്, ഡയസ്റ്റോളിക് രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ബീറ്റ്‌റൂട്ടില്‍ അടങ്ങിയിരിക്കുന്ന നൈട്രേറ്റാണ് ഇതിന് സഹായകമാകുന്നത്.

പേശികളുടെ ശക്തി വര്‍ദ്ധിപ്പിക്കുന്നു

ബീറ്റ്‌റൂട്ട് ജ്യൂസ് കുടിച്ച് 2 മണിക്കൂറിന് ശേഷം ഹൃദയസ്തംഭന സാധ്യത 13 ശതമാനംവരെ കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്. നൈട്രേറ്റ് തന്നെയാണ് ഇവിടേയും സഹായകരമാകുന്നത്.

മറവിരോഗത്തെ ചെറുക്കുന്നു

ഡിമെന്‍ഷ്യ അധവാ മറവിരോഗത്തിന് ബീറ്റ്‌റൂട്ട് ഒരു പ്രതിവിധിയാണ്. തലച്ചോറിലെ രക്തയോട്ടം വര്‍ദ്ധിപ്പിച്ച് ഓര്‍മ്മശേഷി വീണ്ടെടുക്കാന്‍ ബീറ്റ്‌റൂട്ടിന് കഴിയും.

അമിതവണ്ണം കുറയ്ക്കാം

ബീറ്റ്‌റൂട്ടില്‍ കലോറിയുടെ അളവ് കുറവായതിനാല്‍ ശരീരത്തില്‍ കൊഴുപ്പടിയാന്‍ അനുവദിക്കുന്നില്ല. ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് നിങ്ങളെ ദിവസം മുഴുവനും ഊര്‍ജസ്വലരായിരിക്കാന്‍ സഹായിക്കുന്നു.

ക്യാന്‍സറിനെ തടയുന്നു

ബീറ്റ്‌റൂട്ടില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സൈഡുകളായ ബെറ്റാലൈനാണ് ഇവിടെ താരമാകുന്നത്. കീമോ-പ്രീവന്റീവായി ബെറ്റാലീന്‍ പ്രവര്‍ത്തിച്ചാണ് ക്യാന്‍സറിന് പരിഹാരമാകുന്നത്.

ഹൃദ്രോഗം തടയുന്നു

പൊട്ടാസ്യത്തിന്റെ കലവറയാണ് ബീറ്റ്‌റൂട്ട്. ഇത് ഞരമ്പുകളുടേയും പേശികളുടേയും ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുന്നു. ക്ഷീണം, ബലഹീനത, പേശി രോഗങ്ങളും ഇതിലൂടെ ഭേദമാക്കപ്പെടുന്നു.

ധാതുക്കളുടെ ഉറവിടം

ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ശരിയായ രീതിയില്‍ ധാതുക്കള്‍ ആവശ്യമാണ്. ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ്, സോഡിയം, സിങ്ക്, ചെമ്പ്, സെലിനിയം എന്നിവയാണ് ബീറ്റ്‌റൂട്ട് നല്‍കുന്നത്. എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് ഇവ അത്യന്താപേക്ഷിതമാണ്.

പ്രസവ സംരക്ഷണം

വിറ്റാമിന്‍ ബി വലിയ രീതിയില്‍ അടങ്ങിയിരിക്കുന്നതിനാല്‍ പ്രസവ സമയത്ത് സ്ത്രീകള്‍ക്ക് ബീറ്റ്‌റൂട്ട് ഗുണകരമാണ്. മാസം തികയാതെയുള്ള പ്രസവത്തിനാണ് ഇവ പ്രയോജനപ്പെടുന്നത്.

കരള്‍ രോഗങ്ങള്‍ ചെറുക്കുന്നു

മോശം ജീവിതശൈലി, അമിത മദ്യപാനം, ജങ്ക് ഫുഡ് എന്നിവ കരള്‍ രോഗങ്ങള്‍ക്ക് കാരണമാകുന്നു. ബീറ്റ്‌റൂട്ടിലുള്ള ആന്റിഓക്‌സൈഡുകള്‍ കരള്‍ രോഗങ്ങളെ ചെറുത്ത് ആരോഗ്യം പ്രദാനം ചെയ്യുന്നു

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

ബീറ്റ്‌റൂട്ടിലുള്ള ഫൈറ്റോ ന്യൂട്രിയന്റുകള്‍ മോശം കൊഴുപ്പിനെ ഒഴിവാക്കി നല്ല കൊഴുപ്പ് നല്‍കുന്നു.  നല്ല കൊഴുപ്പിന്റെ അംശം ശരീരത്തില്‍ നിന്ന് നഷ്ടപ്പെടാതിരിക്കാനും ബീറ്റ്‌റൂട്ട് ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ സഹായിക്കും.

കൃഷി രീതി നോക്കാം...

ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഒരു കിഴങ്ങ് വര്‍ഗമാണ് ബീറ്റ്‌റൂട്ട്. തണുപ്പ് കാലാവസ്ഥയില്‍ വളരുന്ന ഈ പച്ചക്കറി കൃത്യമായ പരിചരണത്തിലൂടെ നമ്മുടെ നാട്ടിലും വളര്‍ത്താന്‍ സാധിക്കും. അടുക്കളത്തോട്ടങ്ങളിലും ടെറസ്സ്‌കൃഷിയിലും ഗ്രോബാഗ് തോട്ടങ്ങളിലുമെല്ലാം ബീറ്റ്‌റൂട്ട് ഒരു വിളയായി ഉള്‍പ്പെടുത്താം.

നല്ല ഇളക്കമുള്ള മണ്ണാണ് ബീറ്റ്‌റൂട്ട് കൃഷി ചെയ്യാന്‍ ആവശ്യം. വിത്ത് നേരിട്ട് പാകിയാണ് ബീറ്റ്‌റൂട്ട് കൃഷി ചെയ്യുന്നത്. വിത്തുകള്‍ പാകുന്നതിന് 10-30 മിനിറ്റ് മുന്‍പ് വെള്ളത്തില്‍ കുതിര്‍ത്ത് വെയ്ക്കണം. ഒരു സെന്റ് കൃഷിക്ക് ഏകദേശം 30 ഗ്രാം വിത്ത് വേണ്ടിവരും. പൊടിമണ്ണാക്കിയ സ്ഥലത്താണ് വിത്ത് പാകേണ്ടത്. ഒരു സെന്റിന് 100 കിലോ എന്ന തോതില്‍ ജൈവവളങ്ങള്‍ ചേര്‍ക്കേണ്ടതാണ്. നേരിയ ഉയരത്തില്‍ നന്നായി കിളച്ചൊരുക്കിയ തടസങ്ങളുണ്ടാക്കി അതില്‍ വിത്ത് പാകാം. ചുരുങ്ങിയത് ഒരടിയെങ്കിലും വ്യാസമുള്ള പ്ലാസ്റ്റിക് കവറിലോ ചട്ടികളിലോ വിത്ത് പാകി ബീറ്റ്‌റൂട്ട് മട്ടുപ്പാവിലും വീട്ടുമുറ്റത്തും കൃഷി ചെയ്യാം. വിത്ത് പാകിയ ശേഷം അടിവളമായി ഉണങ്ങിയ ചാണകപ്പൊടി ചേര്‍ക്കാം.

ഓഗസ്റ്റ് മുതല്‍ ജനുവരി വരെയുള്ള മാസമാണ് ബീറ്റ്‌റൂട്ട് കൃഷിയ്ക്ക് ഏറ്റവും അനുയോജ്യം. മറ്റ് കാലങ്ങളില്‍ മഴമറയിലും കൃഷി ചെയ്യാം.

Related Topics

Share this story