വാഴക്കൃഷി ജൈവരീതിയിൽ.!

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന പഴമാണ് വാഴപ്പഴം. നേന്ത്രന്‍, മൈസൂര്‍, കദളി, പൂവന്‍, റോബസ്റ്റ തുടങ്ങി നിരവധി ഇനം വാഴകളാണ് നമ്മുടെ നാട്ടിലുള്ളത്. അടുക്കളത്തോട്ടത്തിലും വാഴകള്‍ സ്ഥിര സാന്നിധ്യമാണ്. കൂട്ടത്തില്‍ നേന്ത്രനാണ് കൂടുതല്‍ ജനപ്രിയം. നിരവധി വിറ്റാമിനുകള്‍ അടങ്ങിയ നേന്ത്രപ്പഴം ശാരീരിക ക്ഷമത വര്‍ധിപ്പിക്കാന്‍ ഉത്തമമാണ്. പൊട്ടാസ്യം, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി 6, സ്റ്ററാര്‍ച്ച്, ഫൈബര്‍, കാര്‍ബോപൈസ്രേറ്റ് എന്നിവയാണ് വാഴയില്‍ അടങ്ങിയിരിക്കുന്ന പ്രധാനപ്പെട്ട് ഘടകങ്ങള്‍.

ഏഷ്യന്‍ വന്‍കരയില്‍ ഏതാണ്ട് എല്ലായിടത്തും വാഴക്കൃഷിയുണ്ട്. വാഴയുടെ കന്നാണ് നടാന്‍ ഉപയോഗിക്കുക. സ്യൂഡോമോണസും പച്ചച്ചാണകവും കലക്കിയ ലായനില്‍ മുക്കി കന്ന് അഞ്ച് ദിവസം തണലത്ത് വയ്ക്കണം. രണ്ടടി സമചതുരത്തിലുള്ള കുഴിയില്‍ 500 ഗ്രാം കുമ്മായമിട്ട് കന്നു ചരിച്ചുവച്ച് അല്‍പ്പം മണ്ണിട്ട് മൂടുക. 200 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് കുഴിയിലിട്ട ശേഷം വൈക്കോല്‍, കരിയില എന്നിവ കൊണ്ട് പുതയിടണം. 15 20 ദിവസം കൊണ്ട് കന്നുകള്‍ മുളച്ച് പൊന്തും. ഡെല്‍മയിട്ട് സമ്പുഷ്ടമാക്കിയ ചാണകപ്പൊടി രണ്ടു കിലോ വീതം കന്നിന്റെ ചുവട്ടിലിടുക. തുടര്‍ന്ന് കുഴി മൂന്നിഞ്ച് കനത്തില്‍ മണ്ണിടുക.
പിന്നീട് തുടര്‍ച്ചയായി 20 ദിവസം കൂടുമ്പോള്‍ ജൈവവളം കൊടുക്കും. പച്ചച്ചാണകവും കടലപ്പിണ്ണാക്കും ചേര്‍ത്ത് പുളിപ്പിച്ച ലായനി ഓരോ ലിറ്റര്‍ 20 ദിവസം കൂടുമ്പോള്‍ ചുവട്ടില്‍ ഒഴിച്ചു കൊടുക്കുന്നു. ഇത് ആറു മാസം വരെ തുടരാം. ശീമക്കൊന്നയിലയും പപ്പായ ഇലയും വെള്ളത്തിലിട്ട് അഴുകിയ ശേഷം നീരു പിഴിഞ്ഞ് തളിക്കുന്നതും നല്ലതാണ്. ജൈവ രീതിയില്‍ കൃഷി ചെയ്താല്‍ 26 കിലോഗ്രാം വരെ തൂക്കമുള്ള കുലകള്‍ ലഭിച്ചിട്ടുണ്ട്. ടിഷ്യൂകള്‍ച്ചര്‍ തൈകള്‍ നട്ടാല്‍ 30 കിലോ വരെ തൂക്കമുള്ള കുല ലഭിക്കാം. മത്തന്‍, ചേന, കാപ്‌സിക്കം, പയര്‍, വെള്ളരി, മുളക്, വഴുതന തുടങ്ങി എല്ലാ പച്ചക്കറികള്‍ ഇടവിളയായി കൃഷി ചെയ്യാം.