അവക്കാഡോ അഥവാ വെണ്ണപ്പഴം.!

‘പെഴ്സിയ അമേരിക്കാന’ എന്ന സസ്യനാമത്തില്‍ അറിയപ്പെടുന്ന അവക്കാഡോ കറുവപ്പട്ടയും കര്‍പ്പൂരവും ഉള്‍പ്പെടുന്ന ‘ലോറേസി’ എന്ന സസ്യകുലത്തിലെ അംഗമാണ്. മൂന്നുതരം അവക്കാഡോകള്‍ ഉണ്ട്. മെക്സിക്കന്‍, ഗ്വാട്ടിമാലന്‍, വെസ്റ്റിന്ത്യന്‍. ഇതില്‍ മെക്സിക്കന്‍ ഇനത്തിന്‍റെ കായ്കള്‍ തീരെ ചെറുതാണ്. പൂത്തു കഴിഞ്ഞാല്‍ 8 മാസം മതി കായ്കള്‍ മൂപ്പാകാന്‍. അല്‍പ്പം കൂടെ വലിയ കായ്കളാണ് ഗ്വാട്ടിമാലന്‍ അവക്കാഡോയുടേത്. ഇത് മൂത്തു പഴുക്കാന്‍ ഒന്‍പതു മുതല്‍ പന്ത്രണ്ടു മാസം വേണം. ഇടത്തരം വലുപ്പമുള്ള കായ്കളാണ് വെസ്റ്റിന്ത്യന്‍ ഇനത്തിന്‍റെ പ്രത്യേകത. കായ്കള്‍ക്ക് മൂപ്പാകാന്‍ ഒമ്പതു മാസം വേണം.ഇനങ്ങളും ധാരാളമുള്ള പഴച്ചെടിയാണ് അവക്കാഡോ. ഏതാണ്ട് എഴുനൂറിലേറെ ഇനങ്ങളുണ്ട്. എങ്കിലും കൂടുതല്‍ പ്രചാരത്തിലുള്ള ഇനങ്ങള്‍ ഇവയാണ്.

പര്‍പ്പിള്‍ : ഉഷ്ണമേഖലാ പ്രദേശങ്ങള്‍ക്കിണങ്ങിയ ഒരു മികച്ച ഇനം. മൂത്ത കായ്ക്ക് പര്‍പ്പിള്‍ നിറമാണ്. പുറന്തൊലി മിനുസവും തിളക്കവുമുള്ളത്. ഇത് വെസ്റ്റിന്ത്യന്‍ വിഭാഗത്തില്‍പ്പെടുന്നു.
പൊള്ളോക്ക് : ഉഷ്ണമേഖലയ്ക്കു യോജിച്ച മറ്റൊരിനം. ഇതിന്‍റെ കായ്കള്‍ ഏതാണ്ട് ഒരു കിലോയോളം തൂങ്ങും. വെസ്റ്റിന്ത്യന്‍ വിഭാഗം.
ലുല : കൊഴുപ്പിന്‍റെ അംശം താരതമ്യേന കുറഞ്ഞ ലുല ഉഷ്ണമേഖലാകൃഷിക്ക് അനുയോജ്യമാണ്. കായ്കള്‍ വലുത്. ഗ്വാട്ടിമാലന്‍ വിഭാഗമാണ്.
ഫര്‍ട്ടി : സങ്കരയിനമാണ് ഫര്‍ട്ടി; ഏറ്റവുമധികം കൃഷി ചെയ്യപ്പെടുന്നതും ഇതു തന്നെ. തണുപ്പ് ചെറുക്കാന്‍ കഴിവുള്ളതിനാല്‍ മിതോഷ്ണമേഖലകളില്‍ വളര്‍ത്താന്‍ അനുയോജ്യം.
ഹാസ്സ് : മിതോഷ്ണമേഖലാകൃഷിക്ക് അനുയോജ്യം. ഗ്വാട്ടിമാലന്‍ വിഭാഗം.
ഏകദേശം 20 മീറ്ററോളം ഉയരത്തില്‍ വളരുന്ന നിത്യഹരിതമരമാണ് അവക്കാഡോ. ശാഖകള്‍ തിരശ്ചീനമായി വളരുന്നു. വേരുകള്‍ അധികം ആഴത്തില്‍ ഓടില്ല. ഇലകള്‍ വലുതും പരുപരുത്തതും.
തളിരിലകള്‍ക്ക് ഇളം ചുവപ്പ് ; മൂത്താല്‍ കടുംപച്ച. ചില്ലകളുടെ അഗ്രഭാഗത്ത് പൂക്കളുണ്ടാകും. ദ്വിലിംഗപുഷ്പങ്ങളാണ് പൂക്കള്‍. ദ്വിലിംഗികളെങ്കിലും അവ പെരുമാറുന്നത് ഏകലിംഗപുഷ്പങ്ങളെപ്പോലെയാണ്. ഓരോ പൂവും രണ്ടു തവണ വിരിയും. ആദ്യം വിരിയുമ്പോള്‍ പെണ്‍പൂവായും രണ്ടാമത് ആണ്‍പൂവായും ഇത് പ്രവര്‍ത്തിക്കും. അതിനാല്‍ പരപരാഗണമാണ് ഇതില്‍ നടക്കുന്നത്. കായ് വലുതും മാംസളവും ഒറ്റവിത്തുള്ളതുമാണ്. കായുടെ പരമാവധി നീളം 20 സെ.മീറ്റര്‍. പുറംതൊലിക്ക് ഇളംപച്ചയോ പിങ്കോ നിറം. ഉള്‍ക്കാമ്പിന്‍റെ നിറം മഞ്ഞയോ മഞ്ഞ കലര്‍ന്ന പച്ചയോ. ഉള്‍ക്കാമ്പ് ആദ്യം ദൃഢമായിരിക്കുമെങ്കിലും പഴുക്കുമ്പോള്‍ മൃദുവും വെണ്ണയുടെ പരുവത്തിലാകുകയും ചെയ്യും.