Times Kerala

 അർക്ക വെർട്ടിക്കൽ പച്ചക്കറി കൃഷി

 
 പച്ചക്കറി കൃഷി പരിശീലനം ഒക്‌ടോബര്‍ 17 ന്
 

തിരുവനന്തപുരം: പച്ചക്കറി കൃഷിയിൽ സ്വയം പര്യപ്തത കൈവരിക്കുകയും വിഷരഹിത പച്ചക്കറി ഉത്പാദനം വർധിപ്പിക്കുന്നതിനുമായി സംസ്ഥാനത്തെ നഗരങ്ങളിലും നഗര പ്രാന്ത പ്രദേശങ്ങളിലും ഭൂരഹിത കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വെർട്ടിക്കൽ മാതൃകയിൽ പച്ചക്കറി കൃഷി നടപ്പാക്കുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടിക്കൾച്ചർ റിസർച്ചിന്റെ (ഐ.സി.എ.ആർ.) സാങ്കേതിക സഹായത്തോടെ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ - കേരള മുഖാന്തിരം രാഷ്ട്രീയ കൃഷി വികാസ് യോജനയിൽപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.

ഒരു ചതുരശ്ര മീറ്റർ വിസ്തൃതിയിൽ സ്ഥാപിക്കുവാൻ കഴിയുന്ന നാല് അടുക്കുകളുള്ള അർക്ക വെർട്ടിക്കൽ ഗാർഡൻ സ്ട്രച്ചറിനൊപ്പം 16 ചെടിച്ചട്ടികൾ, 80 കിലോഗ്രാം പരിപോഷിപ്പിച്ച നടീൽ മാധ്യമം (ചകിരിച്ചോർ), ചീര, മുളക്, പാലക്ക്, മല്ലി, കത്തിരി, തക്കാളി തുടങ്ങിയ വിളകളുടെ വിത്ത്, സസ്യ പോഷണ-സംരക്ഷണ പദാർത്ഥങ്ങൾ, 25 ലിറ്റർ സംഭരണശേഷിയുള്ള തുള്ളിനന സൗകര്യം എന്നിവ ഉണ്ടായിരിക്കും. ചക്രങ്ങൾ ഘടിപ്പിച്ചിട്ടുള്ളതിനാൽ സൂര്യപ്രകാശ ലഭ്യതയ്ക്കനുസരിച്ച് സ്ഥാനം മാറ്റാം.

22,100 രൂപ ആകെ ചിലവ് വരുന്ന ഒരു യൂണിറ്റ് അർക്ക വെർട്ടിക്കൽ ഗാർഡൻ 10,525 രൂപ ധനസഹായത്തോടെയാണ് സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുക. https://serviceonline.gov.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഗുണഭോക്തൃവിഹിതമായ 11,575 രൂപ അപേക്ഷയോടൊപ്പം ഓൺലൈനായി മുൻകൂർ അടയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.shm.kerala.gov.in, 0471-2330857, 9188954089.

Related Topics

Share this story