Times Kerala

 രാജ്യത്തെ ആദ്യ കാർബൺ ന്യൂട്രൽ ഫാം ആകാൻ ആലുവ വിത്തുല്പാദന കേന്ദ്രം

 
 രാജ്യത്തെ ആദ്യ കാർബൺ ന്യൂട്രൽ ഫാം ആകാൻ ആലുവ വിത്തുല്പാദന കേന്ദ്രം
എറണാകുളം: പത്ത് വർഷമായി ജൈവ സാക്ഷ്യപത്രത്തോടെ പ്രവർത്തിക്കുന്ന ആലുവ തുരുത്തിലെ സംസ്ഥാന വിത്തുല്പാദന കേന്ദ്രം നവംബറിൽ കേരളപ്പിറവിയോടനുബന്ധിച്ച് കാർബൺ ന്യൂട്രൽ ഫാമായി പ്രഖ്യാപിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. കാർബൺ ന്യൂട്രൽ പ്രഖ്യാപനത്തിന്റെ പ്രാരംഭ നടപടികളുടെ ഭാഗമായി കാർബൺ ഫൂട്ട് പ്രിന്റ് അസസ്മെന്റ് ആരംഭിക്കുന്നതിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ആദ്യ കാർബൺ ന്യൂട്രൽ ഫാം ആകാൻ ഒരുങ്ങുകയാണ് ആലുവ സംസ്ഥാന വിത്തുല്പാദന കേന്ദ്രം.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കാർബൺ സന്തുലനാവസ്ഥ നിലനിർത്തുന്നത് അനിവാര്യമാണ്. ലോകം ഇന്ന് നേരിടുന്ന കാലാവസ്ഥ വ്യതിയാനം അടക്കമുള്ള പ്രതിസന്ധികളിൽ നേരിടാൻ ഇത്തരം പ്രവർത്തനങ്ങളിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ഫാമുകളിലും മണ്ണ് പരിശോധന നടപ്പിലാക്കും. ഇതിനായി സോയിൽ സർവ്വേ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ 140 നിയമസഭ മണ്ഡലങ്ങളിലും കാർബൺ ന്യൂട്രൽ മാതൃക കൃഷിത്തോട്ടങ്ങൾ നിർമ്മിക്കും.
ആലുവ വിത്തുല്പാദന കേന്ദ്രത്തെ കാർബൺ ന്യൂട്രൽ ഫാമായി പ്രഖ്യാപിക്കുവാൻ കഴിയുന്ന തരത്തിൽ ബേസ് ലൈൻ സർവേ നടത്തി കാർബൺ ബഹിർഗമനം, കാർബൺ സംഭരണം എന്നിവയുടെ കണക്കെടുക്കുന്നതിനുള്ള നടപടികൾക്കാണ് തുടക്കം കുറിച്ചത്. കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവിയോൺമെന്റൽ സയൻസ് ഡീൻ ഡോ. പി. ഒ നമീറിനാണ് പഠന ചുമതല. 

Related Topics

Share this story