Times Kerala

 3000 കണ്ടല്‍ചെടികളും 1200 മുളകളും; പൊയ്യയിലെ ബണ്ടുകള്‍ക്ക് ജൈവ കവചം 

 
 3000 കണ്ടല്‍ചെടികളും 1200 മുളകളും; പൊയ്യയിലെ ബണ്ടുകള്‍ക്ക് ജൈവ കവചം 
 

തൃശൂർ: പൊയ്യ അഡാക് ഫിഷ് ഫാമിലെ ബണ്ടുകള്‍ക്ക് മുളയും കണ്ടല്‍ ചെടികളും ഉപയോഗിച്ച് സംരക്ഷണ കവചം ഒരുക്കുന്നു. മൂന്ന് കിലോമീറ്റര്‍ വിസ്തൃതിയിലുളള അഡാക് ഫാമിന്റെ കായലിനോട് ചേര്‍ന്നുളള പുറം ബണ്ടില്‍ കണ്ടല്‍ചെടികളും അകംബണ്ടില്‍ മുളയും നട്ടാണ് ജൈവകവചം നിര്‍മ്മിക്കുന്നത്. കേരള വനഗവേഷണ സ്ഥാപനവും പൊയ്യ അഡാക്ക് ഫിഷ് ഫാമും സംയുക്തമായാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. റീബില്‍ഡ് കേരള പദ്ധതി, നാഷണല്‍ ബാംബൂ മിഷന്‍, വനം വകുപ്പ് എന്നിവയാണ് പദ്ധതിക്കായി ഫണ്ട് വകയിരുത്തുന്നത്.

വ്യത്യസ്ത ഇനങ്ങളിലുളള 3000 കണ്ടല്‍ ചെടികളും തീരദേശത്തിന് അനുയോജ്യമായ 1200 മുളകളുമാണ് നടുന്നത്. തദ്ദേശീയ ഗുണഭോക്താക്കളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കണ്ടല്‍ ഇനങ്ങളുടെ സംരക്ഷണവും കായല്‍ ആവാസവ്യവസ്ഥയിലെ സന്തുലിതാവസ്ഥ പുനസ്ഥാപിച്ചു അതു വഴി മത്സ്യസമ്പത്തിന്റെ വര്‍ദ്ധനവുമാണ് ലക്ഷ്യമിടുന്നത്.

പദ്ധതി വിആര്‍ സുനില്‍ കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മാള ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡൊമിനിക് ജോമോന്‍ അധ്യക്ഷനായ ചടങ്ങില്‍ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജോളി സജീവ്, മെമ്പര്‍മാരായ പ്രിയാ ജോഷി, വിജീഷ്, കെഎഫ്ആര്‍ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റുമാരായ ഡോ.എസ് സന്ദീപ്, ഡോ.കെഎസ് ശ്രീജിത്ത്, അഡാക് റീജിയണല്‍ എക്‌സിക്യൂട്ടീവ് ഇ മുജീബ്, ഡോ.ശ്രീകുമാര്‍ വിബി എന്നിവര്‍ പങ്കെടുത്തു.കെഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ.ശ്യാം വിശ്വനാഥ് പദ്ധതി വിശദീകരണം നടത്തി. കണ്ടല്‍കാടുകളുടെ വിവിധ ഇനങ്ങള്‍, സവിശേഷതകള്‍, പ്രാധാന്യം എന്നീ വിഷയങ്ങളില്‍ ഡോ.കെഎ ശ്രീജിത്ത്, ഡോ.ശ്രീകുമാര്‍ വിബി, ഡോ.സന്ദീപ് എഎസ് എന്നിവര്‍ പരിശീലന ക്ലാസ് നയിച്ചു.

Related Topics

Share this story