Times Kerala

 30 വര്‍ഷം ‘തരിശുഭൂമി’ ഇന്ന് ‘പൊന്നുവിളയുന്ന’ മണ്ണ്; എടയാറ്റുചാലിന്റെ പുതിയ മുഖം

 
 30 വര്‍ഷം ‘തരിശുഭൂമി’ ഇന്ന് ‘പൊന്നുവിളയുന്ന’ മണ്ണ്; എടയാറ്റുചാലിന്റെ പുതിയ മുഖം
 

എറണാകുളം: ഒരു കാലത്ത് നെൽപാടങ്ങളാൽ സമ്പന്നമായിരുന്നു ആലങ്ങാട് ​ഗ്രാമം. ഏറെ ചരിത്രപ്രാധാന്യമുള്ള പ്രദേശം നെൽകതിരുകളുടെ വിളനിലമായിരുന്നെന്ന് പഴമക്കാർ പറയുന്നു. എന്നാൽ കൃഷിയിൽ നിന്ന് വ്യതിചലിച്ചതോടെ പാടശേഖരങ്ങൾ പലതും തരിശുഭൂമിയായി മാറി.

ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് തരിശുഭൂമികൾ കണ്ടെത്തി കൃഷിയിറക്കാനുള്ള പദ്ധതി രൂപീകരിക്കുകയും എടയാറ്റുചാലിൽ കൃഷി ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു. 30 വർഷം തരിശുഭൂമിയായി കിടന്നിരുന്ന 300 ഏക്കർ പാടശേഖരമായിരുന്നു എട‌യാറ്റുചാലിലേത്. മതിയായ പശ്ചാത്തലമൊരുക്കി 250 ഏക്കറോളം ഭൂമിയിൽ കൃഷിയിറക്കി മുന്നേറുകയാണ് ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത്.

കൃഷി വകുപ്പുമായി സഹകരിച്ച് ആവശ്യമായ ട്രാക്ടറുകൾ, കൊയ്ത്തുമെഷീൻ എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. അത്യാധുനിക ശേഷിയുള്ള മോട്ടോറുകളാണ് ഉപയോ​ഗിക്കുന്നത്. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവാണ് പാടശേഖരത്തിൽ വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്തത്. ഏറെ കാലങ്ങൾക്ക് ശേഷമാണ് ഇത്രയും വിശാലമായ പാടശേഖരത്തിൽ ഒരുമിച്ച് കൃഷി ഇറക്കുന്നത്. ജില്ലയിൽ തന്നെ ആദ്യമായാണ് ഇത്തരത്തിലുള്ള മാതൃകാ നടപടി. എല്ലാ വകുപ്പുകളുടേയും ത്രിതല പഞ്ചായത്തുകളുടേയും സഹകരണത്തോടെയാണ് കൃഷി വിജ‌യകരമാക്കാൻ സാധിച്ചതെന്ന് ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് പറയുന്നു.

പരിചയ സമ്പന്നരായ കുട്ടനാടൻ കൃഷിക്കാരുടെ മേൽനോട്ടത്തിലാണ് കൃഷി നടത്തുന്നത്. വിളനിലം ഒരുക്കൽ മുതൽ കൊയ്ത്തുവരെയുള്ള വിവിധ ഘട്ടങ്ങളിൽ ഇവരുടെ സേവനം ഏറെ ​ഗുണംചെയ്യും. ചാലിലെ തോടുകളിൽ നിന്ന് ജലചക്രം (ചവിട്ടുചക്രം) ഉപയോ​ഗിച്ച് വെള്ളം ലഭ്യമാക്കിയിരുന്ന പാടശേഖരത്തിൽ, ഇന്ന് പത്തിലേറെ ഓയിൽ എഞ്ചിനുകൾ ഉപയോ​ഗിച്ചാണ് വെള്ളം പമ്പ് ചെയ്യുന്നത്. വെള്ളം പുറത്തേക്ക് പമ്പ് ചെയ്യുന്നതിനും സംവിധാനമുണ്ട്. എട‌യാറ്റുചാൽ നെല്ലുൽപാദന സമിതിയാണ് കൃഷിക്ക് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങൾക്ക് നേതൃത്വം നൽകുന്നത്. എട‌‌യാർ, മുപ്പത്തടം, എരമം പ്രദേശങ്ങളിലായാണ് കൃഷിഭൂമികൾ സ്ഥിതി ചെ‌യ്യുന്നത്. എടയാറ്റുചാലിനോട് ചേർന്നുള്ള ഇറി​ഗേഷൻ തോടുകൾ, ലീക്കുതോടുകൾ എന്നിവ വീതിയും ആഴവും കൂട്ടി കയർ വസ്ത്രം ധരിപ്പിച്ച് സംരക്ഷിക്കുന്ന പ്രോജക്ടും കൃഷി വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. പാടശേഖരത്തിന്റെ സമീപത്തുള്ള കിണറുകളുടെ റീചാർജിം​ഗ്, വീട്ടുവളപ്പിലേക്കുള്ള വൃക്ഷത്തെെകളുടെ വിതരണം എന്നിവയും പദ്ധതിയുടെ ഭാഗമാക്കി നടപ്പിലാക്കും. ജില്ലയിലെ മറ്റ് പ്രദേശങ്ങളിലും പദ്ധതി വ്യാപിപ്പിക്കാനായാൽ കാർഷികരം​ഗത്ത് സ്വയം പര്യാപ്തത കൈവരിക്കാനാകും.

നെൽകൃഷി വിരളമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് ഇത്തരം നൂതനമായ ഇടപെടലുകൾ കാർഷികരം​ഗത്ത് ഏറെ പ്രയോജനം ചെയ്യും. കൃഷി ആരംഭിച്ചിട്ട് ഇപ്പോൾ രണ്ടരമാസം പൂർത്തിയായി. ഒരുമാസത്തിനകം വിളവെടുക്കാനാകുമെന്നാണ് പ്രതീക്ഷ. സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധ നേടാനിരിക്കുന്ന പദ്ധതി വൻ വിജയമാകുന്നതിനും കൊയ്ത്തുൽസവത്തിനായുള്ള തയ്യാറെടുപ്പിലുമാണ് പ്രദേശവാസികൾ.

Related Topics

Share this story