ഭോപ്പാൽ: മധ്യപ്രദേശിലെ സിംഗ്രൗലി (Singrauli) ജില്ലയിൽ നിന്നുള്ള ആരെയും ഞെട്ടിക്കുന്ന ഒരു ആരോഗ്യ സുരക്ഷാ വീഴ്ചയുടെ ദൃശ്യങ്ങൾ പുറത്ത് (MP Singrauli security guard injection). പ്രാദേശിക സർക്കാർ ആരോഗ്യകേന്ദ്രത്തിൽ ഡോക്ടർമാരും മറ്റ് നഴ്‌സിംഗ് ജീവനക്കാരും ഡ്യൂട്ടിക്ക് ഹാജരാകാതിരുന്നതിനെ തുടർന്ന്, അവിടെയെത്തിയ രോഗികൾക്ക് സെക്യൂരിറ്റി ഗാർഡ് ഇൻജക്ഷൻ നൽകുകയും ഡ്രിപ്പ് (IV Fluids) ഇടുകയും ചെയ്യുന്ന വിചിത്രമായ സംഭവമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സിംഗ്രൗലി ജില്ലയിലെ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം നടന്നത്. ചികിൽസ തേടി ദൂരപ്രദേശങ്ങളിൽ നിന്നുപോലും നിരവധി രോഗികൾ ഇവിടെ എത്തിയെങ്കിലും ഒരു മെഡിക്കൽ ഉദ്യോഗസ്ഥൻ പോലും കേന്ദ്രത്തിൽ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് യൂണിഫോം ധരിച്ച സെക്യൂരിറ്റി ജീവനക്കാരൻ ഡോക്ടറുടെയും നഴ്സിന്റെയും ചുമതല ഏറ്റെടുത്തത്. രോഗികളെ ബെഡിൽ കിടത്തി ഇയാൾ കൈകളിൽ സിറിഞ്ച് ഉപയോഗിച്ച് ഇൻജക്ഷൻ നൽകുന്നതും ഡ്രിപ്പ് കുപ്പികൾ ഘടിപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
सिंगरौली CHC में डॉक्टर-नर्स गायब, गार्ड ने मरीजों को इंजेक्शन और ड्रिप दिया, वायरल वीडियो में देखा गया। CMHO ने कहा कि वायरल वीडियो की जांच कराई जाएगी।#Singaruli #MPNews #CHC #HealthSystem pic.twitter.com/z2PFEon1Os
— TheSootr (@TheSootr) June 9, 2026
ആരോഗ്യകേന്ദ്രത്തിൽ എത്തിയ ആരോ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ ഓൺലൈനിൽ വൈറലായതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ആരോഗ്യവകുപ്പിനെതിരെ ഉയരുന്നത്. രോഗികളുടെ ജീവൻ വെച്ച് പന്താടുന്ന ഇത്തരം പ്രവണതകൾക്കെതിരെ കർശന നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
സംഭവം വിവാദമായതോടെ സിംഗ്രൗലി ജില്ലാ ആരോഗ്യ അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഡ്യൂട്ടി സമയത്ത് മാറിനിന്ന ഡോക്ടർമാർക്കും മറ്റ് പാരാമെഡിക്കൽ ജീവനക്കാർക്കും കാരണം കാണിക്കൽ നോട്ടീസ് അയച്ചതായും, നിയമവിരുദ്ധമായി ചികിത്സ നൽകിയ സെക്യൂരിറ്റി ഗാർഡിനെതിരെയും കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു.

