ഡാക്കർ: ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ പടർന്നുപിടിക്കുന്ന മാരകമായ എബോള രോഗബാധയെത്തുടർന്നുള്ള മരണം 101 ആയി ഉയർന്നതായി ഔദ്യോഗിക സ്ഥിരീകരണം (Congo Ebola Outbreak). കിഴക്കൻ പ്രവിശ്യകളിൽ എബോള അതിവേഗം വ്യാപിക്കുമ്പോഴും പ്രാദേശിക ആയുധധാരികളായ വിമത ഗ്രൂപ്പുകളുടെ സാന്നിധ്യവും ആക്രമണങ്ങളും കാരണം ദുരിതാശ്വാസ-പ്രതിരോധ പ്രവർത്തനങ്ങൾ പൂർണ്ണമായി നടത്താൻ സാധിക്കാത്തത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ‘ബുന്ദിബുഗ്യോ’ എന്ന തീവ്രവ്യാപന ശേഷിയുള്ള പുതിയ എബോള വൈറസ് വകഭേദമാണ് രാജ്യത്ത് പടർന്നുപിടിക്കുന്നത്. മേയ് 15-നാണ് രാജ്യം പുതിയ എബോള വ്യാപനം ഔദ്യോഗികമായി പ്രഖ്യാപിച്ചതെങ്കിലും, ആഴ്ചകൾക്ക് മുൻപ് തന്നെ രോഗബാധ തുടങ്ങിയിരുന്നതായി ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കുന്നു.
ആഭ്യന്തര യുദ്ധവും സായുധ സംഘർഷങ്ങളും പതിവായ ഇട്ടൂരി, നോർത്ത് കിവു, സൗത്ത് കിവു എന്നീ മൂന്ന് പ്രവിശ്യകളിലാണ് നിലവിൽ എബോള നിയന്ത്രണാതീതമായി പടരുന്നത്. കോംഗോ സർക്കാർ തിങ്കളാഴ്ച (08.06.2026) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 35 പുതിയ കേസുകളും 10 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ എബോള ബാധിതരുടെ എണ്ണം 550 ആവുകയും മരണം 101ൽ എത്തുകയും ചെയ്തു. ഇട്ടൂരി പ്രവിശ്യയിലെ 17 ഹെൽത്ത് സോണുകളിലും നോർത്ത് കിവുവിലെ ഏഴ് സോണുകളിലും രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇതിനിടെ, ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങളും പ്രതിരോധ പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ച ബുനിയയിലെ ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കാനെത്തിയ മെഡിക്കൽ സംഘത്തിന് നേരെ ഉണ്ടായ ആക്രമണത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും രണ്ട് വാഹനങ്ങൾ തകർക്കപ്പെടുകയും ചെയ്തു. ജൂഗു, ഇരുമു, മാംബാസ തുടങ്ങിയ പ്രദേശങ്ങളിൽ സായുധ ഗ്രൂപ്പുകൾ താവളമുറപ്പിച്ചിരിക്കുന്നതിനാൽ അന്താരാഷ്ട്ര മാനുഷിക സഹായങ്ങൾ എത്തിക്കാൻ പോലും ഇന്റർനാഷണൽ റെഡ്ക്രോസ് അടക്കമുള്ള ഏജൻസികൾക്ക് സാധിക്കുന്നില്ല. മുൻപ് ആഫ്രിക്കൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (Africa CDC) പുറത്തുവിട്ട കണക്കുകളെക്കാൾ വളരെ കൂടുതലാണ് നിലവിലെ മരണസംഖ്യയെന്നത് അന്താരാഷ്ട്ര ആരോഗ്യ രംഗത്തെ വലിയ ആശങ്കയിലാഴ്ത്തുന്നു.
Summary: The Democratic Republic of Congo has reported that confirmed Ebola deaths have officially surpassed 100, reaching 101 amid a volatile outbreak driven by the rare Bundibugyo virus strain. According to the government’s latest situation report, 35 new cases and 10 deaths were recorded within a 24-hour window, bringing the total number of infections to 550 across three conflict-ridden eastern provinces: Ituri, North Kivu, and South Kivu.

