ടയർ: മുസ്ലിം ലോകം ഈദുൽ അദ്ഹ ആഘോഷിക്കുന്ന ബുധനാഴ്ചയും ലെബനന് നേരെ കടുത്ത വ്യോമാക്രമണവുമായി ഇസ്രായേൽ സൈന്യം മുന്നോട്ട്. തെക്കൻ ലെബനനിലെ ടയർ ജില്ലയിലുള്ള ദൈർ അമാസ് നഗരത്തിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു (Israeli Air Attack Southern Lebanon). ഇതിന് പുറമെ തെക്കൻ മേഖലയിലെ ബ്രൈഖ നഗരത്തിൽ ഉണ്ടായ ശക്തമായ ബോംബാക്രമണത്തിൽ രണ്ട് ജനവാസ കെട്ടിടങ്ങൾ പൂർണ്ണമായും തകർക്കപ്പെട്ടു.
കഴിഞ്ഞ ചൊവ്വാഴ്ച മാത്രം കിഴക്കൻ, തെക്കൻ ലെബനൻ മേഖലകളിൽ ഇസ്രായേൽ നടത്തിയ വൻ ആക്രമണങ്ങളിൽ രണ്ട് കുട്ടികളും മൂന്ന് സ്ത്രീകളും ഉൾപ്പെടെ 31 പേർ കൊല്ലപ്പെടുകയും നാൽപ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തന്ത്രപ്രധാനമായ ഖരൗൺ ഡാമിന് നേരെയും ഇസ്രായേൽ കഴിഞ്ഞ ദിവസം ശക്തമായ ആക്രമണം അഴിച്ചുവിട്ടിരുന്നു. ലെബനൻ അതിർത്തിക്കുള്ളിലേക്ക് കൂടുതൽ ഇസ്രായേലി കരസേനയെ വിന്യസിച്ചതായും അയൽരാജ്യത്ത് ഒരു ‘സുരക്ഷാ മേഖല’ ശക്തിപ്പെടുത്താൻ സൈന്യം ആഴത്തിൽ ഇറങ്ങിച്ചെല്ലുകയാണെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു സ്ഥിരീകരിച്ചു.
ആക്രമണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി നബാത്തിയ നഗരം ഉൾപ്പെടെ തെക്കൻ ലെബനനിലെ ഡസൻ കണക്കിന് ഗ്രാമങ്ങളിലുള്ളവരോട് അടിയന്തരമായി ഒഴിഞ്ഞുപോകാൻ ഇസ്രായേൽ സൈന്യം നിർദ്ദേശം നൽകിയിട്ടുണ്ട്. ഇസ്രായേൽ അതിർത്തിയിൽ നിന്നും ഏകദേശം 40 കിലോമീറ്റർ അകലെയുള്ള സഹ്രാനി നദിക്ക് വടക്കോട്ട് മാറാനാണ് ജനങ്ങൾക്ക് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. അതേസമയം, തെക്കൻ ലെബനനിൽ മുന്നേറുന്ന ഇസ്രായേൽ സൈനികർക്ക് നേരെ ശക്തമായ പ്രത്യാക്രമണം നടത്തിയതായി ഹിസ്ബുള്ള അവകാശപ്പെട്ടു. ഇസ്രായേലിന്റെ നിരവധി മെർക്കാവ ടാങ്കുകളും കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളും തകർത്തതായും രണ്ട് ഇസ്രായേലി ക്വാഡ്കോപ്റ്ററുകൾ വെടിവെച്ചിട്ടതായും ഹിസ്ബുള്ള പ്രസ്താവനയിൽ അറിയിച്ചു.
Summary: Israeli air attacks have killed at least two people and injured another in southern Lebanon as military operations continue to intensify on Eid al-Adha. The Israeli military has issued mass forced evacuation orders for dozens of towns, including the entire city of Nabatieh, telling residents to move north of the Zahrani River. In response, Hezbollah claimed responsibility for multiple retaliatory operations targeting Israeli troops, tanks, and communication systems in the border region.

