അറിയാം വെള്ളരിക്കയുടെ ആരോഗ്യ ഗുണങ്ങള്‍…

അറിയാം വെള്ളരിക്കയുടെ ആരോഗ്യ ഗുണങ്ങള്‍…

Times Kerala

വേനല്‍ക്കാലത്ത് കഴിക്കാന്‍ പറ്റിയ ഒരു പച്ചക്കറിയാണ് വെള്ളരിക്ക. ഈ സമയത്തെ ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ജലാംശം അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങള്‍. അത് വെള്ളരിക്കയിലുണ്ട്. വെള്ളരിക്കയില്‍ 95 ശതമാനവും വെള്ളമാണ്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ഇത് സഹായിക്കും. വിശപ്പും ദാഹവുമെല്ലാം പെട്ടെന്നു മാറാന്‍ വെള്ളരിക്ക ജ്യൂസ് കഴിക്കുന്നത് ആരോ?ഗ്യത്തിന് ഏറെ നല്ലതാണ്.

നാരുകള്‍ അഥവാ ഫൈബറിന്റെ നല്ല ഉറവിടമാണ് വെള്ളരിക്ക. ഇതിലെ ഉയര്‍ന്ന ജലത്തിന്റെ അളവ് ദഹന ക്രമത്തിന് ഒരു മികച്ച സഹായമാണ്. വെള്ളരിക്കയില്‍ അടങ്ങിയിട്ടുള്ള നാരുകള്‍ ഭക്ഷണം ദഹനനാളത്തിലൂടെ വേഗത്തില്‍ കടന്നുപോകാന്‍ അനുവദിക്കുന്നു. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍, നെഞ്ചെരിച്ചില്‍, അസിഡിറ്റി, അള്‍സര്‍, മലബന്ധം എന്നിവ ഒഴിവാക്കാന്‍ വെള്ളരിക്ക അടങ്ങിയ ലഘുഭക്ഷണങ്ങള്‍ ധാരാളം കഴിക്കുന്നത് ഏറെ നല്ലതാണ്.

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് വെള്ളരിക്ക. കലോറി വളരെ കുറഞ്ഞ, ഫൈബര്‍ ധാരാളം അടങ്ങിയ വെള്ളരിക്ക വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും. അതുവഴി ശരീരഭാരം കുറയ്ക്കാന്‍ കഴിയും.

ഫൈബര്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, മറ്റ് ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയ വെള്ളരിക്ക രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ ഇവ ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.

പ്രമേഹരോഗികള്‍ക്കും കഴിക്കാവുന്ന ഒരു പച്ചക്കറിയാണ് വെള്ളരിക്ക. ഫൈബര്‍ അടങ്ങിയ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

വെള്ളരിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. പൊട്ടാസ്യം, വിറ്റാമിന്‍ ഇ എന്നിവയുടെ കലവറയായ വെള്ളരിക്ക ചര്‍മ്മത്തിന് അത്ഭുതകരമായ ഗുണങ്ങള്‍ നല്‍കും. അതിനായി ദിവസവും വെള്ളരിക്ക ജ്യൂസായോ അല്ലാതെയോ കഴിക്കാവുന്നതാണ്.